ഗുവാഹത്തി: അസമിലെ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട 12 വയസുകാരന്‍ ആക്രമിക്കപ്പെട്ടത് ആധാര്‍ വാങ്ങാന്‍ പോയപ്പോഴെന്ന് റിപ്പോര്‍ട്ട്. നാട്ടുകാരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
വീട്ടില്‍നിന്ന് ആധാര്‍ കാര്‍ഡ് വാങ്ങാന്‍ പോസ്റ്റ് ഓഫീസില്‍ പോയി മടങ്ങിയ ഷെയ്ഖ് ഫരീദ് എന്ന കുട്ടിയാണ് വെടിയേറ്റു വീണത്. വീട്ടില്‍നിന്ന് 2 കിലോമീറ്റര്‍ അകലെ വെച്ചാണ് ഫരീദിനു വെടിയേറ്റത്.
പോസ്റ്റ് ഓഫിസില്‍നിന്നു മടങ്ങുന്നതിനിടെ ആള്‍ക്കൂട്ടവും സംഘര്‍ഷവും കണ്ട് ഫരീദ് അവിടെ നില്‍ക്കുകയായിരുന്നുവെന്നു നാട്ടുകാര്‍ പറയുന്നു. സംഘര്‍ഷം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് പൊലീസ് വെടിവയ്ക്കുകയായിരുന്നു.
കണ്ടുനിന്ന ഫരീദിന്റെ നെഞ്ചിലാണ് രണ്ടു വെടിയുണ്ടകള്‍ ഏറ്റത്. തല്‍ക്ഷണം മരിച്ചുവീണു. പോസ്റ്റ് ഓഫിസില്‍നിന്നു നിരവധി തവണ അറിയിപ്പു വന്നതിനെ തുടര്‍ന്നാണ് ഫരീദ് ആധാര്‍ കാര്‍ഡ് വാങ്ങാന്‍ പോയതെന്നു ബന്ധുക്കള്‍ പറയുന്നു.
കൈയേറ്റമൊഴിപ്പിക്കാനെന്ന പേരില്‍ സ്ഥലത്തെത്തിയ പൊലീസ് സായുധസംഘം പ്രതിഷേധക്കാര്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. 800 ഓളം പേരാണ് അസമിലെ ദാറംഗ് ജില്ലയിലെ ഗ്രാമത്തില്‍ താമസിക്കുന്നത്. ഇവരില്‍ ഭൂരിഭാഗവും മുസ്‌ലിം സമുദായത്തില്‍ നിന്നുള്ളവരാണ്.
സംസ്ഥാനത്തെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചത്.