ന്യൂദൽഹി: ബലാത്സംഗ, കൊലപാതക കേസിലെ പ്രതിയായ ദേര സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ. ചൊവ്വാഴ്ച 30 ദിവസത്തെ പരോളിൽ ഗുർമീത് റാം റഹീം റോഹ്തക്കിലെ സുനാരിയ ജയിലിൽ നിന്ന് പുറത്തിറങ്ങി. ദൽഹി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പരോൾ ലഭിച്ചിരിക്കുന്നത്.
2020 മുതൽ ഗുർമീത് റാം റഹീമിന് ലഭിക്കുന്ന 12-ാമത്തെ പരോൾ ആണിത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 275 ദിവസമാണ് റഹീം പുറത്ത് വിഹരിച്ചത്. രേഖകൾ പ്രകാരം, 2024 ജനുവരി 20 മുതൽ 121 ദിവസമായി റാം റഹീം ജയിലിന് പുറത്താണ്.
ഫെബ്രുവരി അഞ്ചിന് ദൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് എട്ട് ദിവസം മുമ്പാണ് ദേര തലവനെ മോചിപ്പിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഹരിയാനയിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിന് മൂന്ന് ദിവസം മുമ്പ് അദ്ദേഹത്തിന് 20 ദിവസത്തെ പരോൾ അനുവദിച്ചിരുന്നു. കഴിഞ്ഞ വർഷം ജനുവരിയിൽ 50 ദിവസത്തേക്കും 2024 ഓഗസ്റ്റ് 13 ന് 21 ദിവസത്തേക്കും ഗുർമീത് റാം റഹീമിന് പരോൾ ലഭിച്ചിരുന്നു.
രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് 2023 നവംബറിൽ അദ്ദേഹത്തിന് 29 ദിവസത്തെ പരോൾ ലഭിച്ചു. ഹരിയാനയിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ് 2023 ജൂലൈയിൽ 30 ദിവസത്തെ പരോൾ ലഭിച്ചിരുന്നു.
2022 ഒക്ടോബറിൽ, ഹരിയാനയിലെ ആദംപൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിന് മുമ്പ് അദ്ദേഹത്തിന് 40 ദിവസത്തെ പരോൾ ലഭിച്ചു. കൂടാതെ, ഹരിയാന മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിന് മുമ്പ് 2022 ജൂണിൽ അദ്ദേഹത്തിന് 30 ദിവസത്തെ പരോളും പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് 2022 ഫെബ്രുവരിയിൽ 21 ദിവസത്തെ ഫർലോയും ലഭിച്ചു.
ജയിൽ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ചൊവ്വാഴ്ച പുലർച്ചെ 5.30 ന് ഗുർമീത് റാം റഹീം മോചിതനായി. ഒരു മാസം നീണ്ടുനിൽക്കുന്ന പരോളിൻ്റെ ആദ്യ 10 ദിവസങ്ങളിൽ ഗുർമീത് റാം റഹീം തൻ്റെ സിർസ ആശ്രമത്തിൽ തങ്ങുകയും ബാക്കി 20 ദിവസം ബാഗ്പത്തിൽ ചെലവഴിക്കുകയും ചെയ്യുമെന്ന് ഒരു മുതിർന്ന ജയിൽ ഉദ്യോഗസ്ഥൻ പറഞ്ഞു.
തന്റെ രണ്ട് വനിതാ ശിഷ്യകളെ ബലാത്സംഗം ചെയ്തതിന് 2017 ഓഗസ്റ്റിൽ പഞ്ച്കുളയിലെ സി.ബി.ഐ കോടതി ശിക്ഷിച്ചതിനെ തുടർന്ന് ഇയാൾ ജയിലിലാണ്. രണ്ട് 20 വർഷത്തെ തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. ഒപ്പം മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലും ഇയാൾ ശിക്ഷ അനുഭവിച്ചുവരികയാണ്.
Content Highlight: 12 times in 7 years; Gurmeet Ram Rahim Singh is out on parole again