national news
48 മണിക്കൂറിനുള്ളില്‍ വിമാനങ്ങള്‍ക്കെതിരെ 12 ബോംബ് ഭീഷണി; കേന്ദ്രമന്ത്രാലയങ്ങള്‍ ആശങ്കയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Oct 16, 04:26 pm
Wednesday, 16th October 2024, 9:56 pm

ന്യൂദല്‍ഹി: ബോംബ് ഭീഷണികളില്‍ രാജ്യത്തെ വ്യോമയാന മന്ത്രാലയം ആശങ്കയിലെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 12 ബോംബ് ഭീഷണികളാണ് വിമാനങ്ങള്‍ക്ക് നേരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ദിനംപ്രതി വിമാനങ്ങള്‍ക്ക് നേരെ വ്യാജഭീഷണി ഉയരുന്ന സാഹചര്യത്തില്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം, ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി, ആഭ്യന്തര മന്ത്രാലയം ചര്‍ച്ചകള്‍ സജീവമാക്കിയതായാണ് റിപ്പോര്‍ട്ട്.

വ്യാജഭീഷണികള്‍ ഉയര്‍ത്തുന്നവരെ കണ്ടെത്തിയാല്‍ ‘നോ ഫ്‌ലൈ ലിസ്റ്റ്’ല്‍ ഉള്‍പ്പെടുത്താനുള്ള നീക്കങ്ങള്‍ ഉണ്ടാകുമെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രി രാം മോഹന്‍ നായിഡു വ്യക്തമാക്കി.

ഈ ആഴ്ചയുടെ തുടക്കത്തില്‍ എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, ആകാശ എയര്‍, സ്പൈസ് ജെറ്റ് എന്നിവയുള്‍പ്പെടെ ഒന്നിലധികം വിമാനക്കമ്പനികള്‍ക്കെതിരെ ഭീഷണി സന്ദേശങ്ങള്‍ വന്നിരുന്നു.

വ്യാജ ഭീഷണികളെ തുടര്‍ന്ന് ഒന്നിലധികം വിമാനങ്ങള്‍ റദ്ദാക്കുകയും ഉണ്ടായി. 19 ഭീഷണി സന്ദേശങ്ങളാണ് ഈ ആഴചയിൽ ഉടനീളമായി റിപ്പോർട്ട് ചെയ്തത്.

ചൊവ്വാഴ്ച ദല്‍ഹിയില്‍ നിന്ന് ചിക്കോഗയിലേക്ക് തിരിച്ച എയര്‍ ഇന്ത്യയുടെ വിമാനം കാനഡയില്‍ ലാന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് സൗദിയില്‍ നിന്ന് ലഖ്നോവിലേക്ക് യാത്ര തിരിച്ച ഇന്‍ഡിഗോ വിമാനം ജയ്പൂരില്‍ അടിയന്തരമായി ഇറക്കുകയും അയോധ്യയില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വിമാനം തിരിച്ചുവിടുകയും ചെയ്തിരുന്നു.

ബുധനാഴ്ചയും വിമാന കമ്പനികള്‍ വ്യാജഭീഷണികള്‍ നേരിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നാല് ഇന്‍ഡിഗോ വിമാനങ്ങള്‍ക്കും രണ്ട് സ്പൈസ് ജെറ്റ് വിമാനങ്ങള്‍ക്കും ഒരു ആകാശ എയര്‍ വിമാനത്തിനും നേരെയാണ് ബോംബ് ഭീഷണിയുണ്ടായത്.

ഏറ്റവും പുതിയതായി രേഖപ്പെടുത്തിയ റിപ്പോര്‍ട്ട് അനുസരിച്ച്, വ്യാജ ഭീഷണി ഉയര്‍ത്തിയ പതിനേഴുകാരനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഛത്തീസ്ഗഡിലെ രാജ്‌നന്ദ്ഗാവില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പതിനേഴുകാരനെ കസ്റ്റഡിയില്‍ എടുത്തതായും റിമാന്‍ഡ് ഹോമിലേക്ക് അയച്ചതായും പൊലീസ് വ്യക്തമാക്കി.

Content Highlight: 12 bomb threats against planes in 48 hours