| Friday, 13th February 2015, 10:20 am

പെഷവാര്‍ ഭീകരാക്രമണം: 12 ഭീകരരെ പിടി കൂടിയതായി പാകിസ്ഥാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്


പെഷവാര്‍: പെഷവാറില്‍ സൈനിക സ്‌കൂളിന് നേരെ നടന്ന ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച 12 ഭീകരരെ പിടികൂടിയതായി പാകിസ്ഥാന്‍ സൈന്യം. 27 പേരടങ്ങുന്ന സംഘത്തില്‍ ആറ് ഭീകരരെ പാകിസ്ഥാനില്‍ നിന്നും ആറ് പേരെ അഫ്ഗാനിസ്ഥാനില്‍ നിന്നുമാണ് പിടികൂടിയത്. ഒമ്പത് പേര്‍ നേരത്തെ സ്‌കൂളില്‍ നടന്ന സൈനിക ഓപ്പറേഷനില്‍ കൊല്ലപ്പെട്ടിരുന്നു. ഇനി നാല് പേരെ കൂടെ പിടികൂടാനുള്ളതായി സൈനിക വക്താവ് അസീം ബജ്‌വ പറഞ്ഞു.

കഴിഞ്ഞ ഡിസംബര്‍ 16 നായിരുന്നു ഭീകരര്‍ പെഷവാറിലെ സൈനിക സ്‌കൂളില്‍ ആക്രമണം നടത്തിയിരുന്നത്. ആക്രമണത്തില്‍ 150 നിരപരാധികളായിരുന്നു കൊല്ലപ്പെട്ടിരുന്നത്. ഇതില്‍ 140 പേരും സ്‌കൂള്‍ വിദ്യാര്‍ത്ഥികളായിരുന്നു. വടക്കന്‍ വസീറിസ്താനില്‍ പാക് സൈന്യം നടത്തിവരുന്ന ഇടപെടലുകള്‍ക്ക് പ്രതികാരമായിട്ടായിരുന്നു പാക് താലിബാന്‍ തീവ്രവാദികള്‍ സ്‌കൂളിന് നേരെ ആക്രമണം നടത്തിയിരുന്നത്.

അഫ്ഗാന്‍-പാക് അതിര്‍ത്തിയില്‍ വെച്ചായിരുന്നു ഭീകരാക്രമണം ആസൂത്രണം ചെയ്യപ്പെട്ടിരുന്നത്. തെഹ്‌രീകെ താലിബാന്‍ തലവനായ മുല്ല ഫസലുല്ലയുടെ കീഴിലുള്ള സംഘമാണ് ഭീകരാക്രമണം നടത്തിയിരുന്നത്. സംഘത്തില്‍ അവശേഷിക്കുന്ന ഉമര്‍ അമീര്‍ ഉള്‍പ്പടെയുള്ള തീവ്രവാദികള്‍ ഇപ്പോള്‍ അഫ്ഗാനിസ്ഥാനില്‍ ഉണ്ടെന്നാണ് കരുതപ്പെടുന്നത്. നിലവില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ഭീകരവാദികളെ പിടികൂടുന്നതിനായി ശ്രമങ്ങള്‍ നടക്കുന്നുണ്ട്.

പെഷവാര്‍ ആക്രമണത്തിന് ശേഷം പാകിസ്ഥാനില്‍ ഭീകരര്‍ക്ക് നേരെ കടുത്ത നീക്കങ്ങളാണ് ഭരണകൂടം നടത്തുന്നത്. ജമാഅത്തുദ്ദഅ്‌വയടക്കം നിരവധി ഭീകര സംഘങ്ങളെയാണ് പാകിസ്ഥാന്‍ നിരോധിച്ചത്. ഇത് കൂടാതെ ഭീകരരുടെ വധശിക്ഷയില്‍ ഇളവ് നല്‍കുന്ന മൊറട്ടോറിയവും പാകിസ്ഥാന്‍ എടുത്ത് കളഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more