ആദ്യ റൗണ്ടില്‍ പുറത്തായിട്ടും പാകിസ്ഥാന്‍ ഇന്ത്യയിലെത്തി ലോകകപ്പ് കളിക്കും; നാണംകെട്ട് പുറത്തായ ശ്രീലങ്കക്കും നേരിട്ട് യോഗ്യത
T20 world cup
ആദ്യ റൗണ്ടില്‍ പുറത്തായിട്ടും പാകിസ്ഥാന്‍ ഇന്ത്യയിലെത്തി ലോകകപ്പ് കളിക്കും; നാണംകെട്ട് പുറത്തായ ശ്രീലങ്കക്കും നേരിട്ട് യോഗ്യത
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 18th June 2024, 7:06 pm

2026 ടി-20 ലോകകപ്പിന് ആദ്യ ഘട്ടത്തില്‍ യോഗ്യത നേടി 12 ടീമുകള്‍. 2024 ടി-20 ലോകകപ്പില്‍ സൂപ്പര്‍ 8ല്‍ പ്രവേശിച്ച ടീമുകളും മറ്റ് നാല് ടീമുകളുമാണ് ഇതിനോടകം ടി-20 ലോകകപ്പിനുള്ള യോഗ്യത നേടിയത്.

ഇന്ത്യയും ശ്രീലങ്കയുമാണ് വരാനിരിക്കുന്ന ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ഇക്കാരണത്താല്‍ ഇരു ടീമുകളും ലോകകപ്പിന് നേരിട്ട് യോഗ്യത നേടിയിരിക്കുകയാണ്. 2016ന് ശേഷം ഇതാദ്യമായാണ് ഇന്ത്യ ടി-20 ലോകകപ്പിന് വേദിയാകുന്നത്.

സൂപ്പര്‍ 8ന് യോഗ്യത നേടിയ മറ്റ് ടീമുകളും 2026 ലോകകപ്പിനെത്തും. ഏഷ്യയില്‍ നിന്നും അഫ്ഗാനിസ്ഥാനും ബംഗ്ലാദേശുമാണ് ഇത്തരത്തില്‍ യോഗ്യത നേടിയത്. ഇവര്‍ക്ക് പുറമെ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, സൗത്ത് ആഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, യു.എസ്.എ എന്നിവരാണ് സൂപ്പര്‍ 8ലെ മറ്റ് ടീമുകള്‍.

അയര്‍ലന്‍ഡ്, ന്യൂസിലാന്‍ഡ്, പാകിസ്ഥാന്‍ എന്നിവരാണ് ലോകകപ്പിന് യോഗ്യത നേടിയ മറ്റ് ടീമുകള്‍. ഐ.സി.സി റാങ്കിങ്ങിലെ ഉയര്‍ന്ന റേറ്റിങ് അടിസ്ഥാനമാക്കിയാണ് മൂവരും ലോകകപ്പ് കളിക്കാനെത്തുന്നത്.

 

ഇനി എട്ട് ടീമുകള്‍ കൂടിയാണ് ലോകകപ്പിന് യോഗ്യത നേടാനുള്ളത്. വിവിധ യോഗ്യതാ മത്സരം കളിച്ചാണ് ഇവര്‍ ലോകകപ്പിനുള്ള തങ്ങളുടെ സ്ഥാനം ഉറപ്പിക്കേണ്ടത്.

ഏഷ്യ ക്വാളിഫയര്‍, ആഫ്രിക്ക ക്വാളിഫര്‍, യൂറോപ് ക്വാളിഫയര്‍ എന്നീ ടൂര്‍ണമെന്റുകളില്‍ നിന്നായി രണ്ട് വീതം ടീമുകളും ഈസ്റ്റ് ഏഷ്യ-പസഫിക് ക്വാളിഫയറില്‍ നിന്നും അമേരിക്കാസ് ക്വാളിഫയറില്‍ നിന്നും ഓരോ ടീമുകള്‍ വീതവും ലോകകപ്പിനെത്തും.

ഐ.സി.സി ടി-20 ലോകകപ്പ്, യോഗ്യത നേടിയ ടീമുകള്‍

ആതിഥേയര്‍ – ഇന്ത്യ, ശ്രീലങ്ക

2024 ടി-20 ലോകകപ്പില്‍ നിന്നും നേരിട്ട് യോഗ്യത നേടിയ ടീമുകള്‍ – അഫ്ഗാനിസ്ഥാന്‍, ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, സൗത്ത് ആഫ്രിക്ക, യു.എസ്.എ, വെസ്റ്റ് ഇന്‍ഡീസ്

ഐ.സി.സി ടി-20ഐ റാങ്കിങ്ങിന്റെ അടിസ്ഥാനത്തില്‍ യോഗ്യത നേടിയ ടീമുകള്‍ – അയര്‍ലന്‍ഡ്, ന്യൂസിലാന്‍ഡ്, പാകിസ്ഥാന്‍.

യൂറോപ് ക്വാളിഫയര്‍ – TBD (2 ടീമുകള്‍)

ഈസ്റ്റ് ഏഷ്യ – പസഫിക് ക്വാളിഫയര്‍ – TBD (ഒരു ടീം)

അമേരിക്കാസ് ക്വാളിഫയര്‍ – TBD (ഒരു ടീം)

ഏഷ്യ ക്വാളിഫയര്‍ – TBD (2 ടീമുകള്‍)

ആഫ്രിക്ക ക്വാളിഫയര്‍ TBD (2 ടീമുകള്‍)

 

ഇതേ മാനദണ്ഡം തന്നെയാണ് 2024 ടി-20 ലോകകപ്പിനുമുണ്ടായിരുന്നത്. ആതിഥേയരെന്ന നിലയിലാണ് യു.എസ്.എ ലോകകപ്പിന് യോഗ്യത നേടിയത്. 2022 ലോകകപ്പ് കളിക്കാതിരുന്നിട്ടും ആതിഥേയരെന്ന ലേബലില്‍ വിന്‍ഡീസും ഇത്തവണ ലോകകപ്പിനെത്തി. എന്നാല്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഇരു ടീമുകളും സൂപ്പര്‍ എട്ടില്‍ പ്രവേശിച്ചുകൊണ്ടാണ് അടുത്ത ലോകകപ്പിനുള്ള ടിക്കറ്റെടുത്തത്.

 

2024 ലോകകപ്പിന് യോഗ്യത നേടിയ ടീമുകള്‍

ആതിഥേയര്‍: അമേരിക്ക, വെസ്റ്റ് ഇന്‍ഡീസ്.

2022 ലോകകപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍: ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ഇന്ത്യ, നെതര്‍ലന്‍ഡ്‌സ്, ന്യൂസിലാന്‍ഡ്, പാകിസ്ഥാന്‍, സൗത്ത് ആഫ്രിക്ക, ശ്രീലങ്ക.

ഐ.സി.സി റാങ്കിങ്ങിന്റെ അടിസ്ഥാനത്തില്‍:അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്.

യോഗ്യതാ മത്സരം കളിച്ചെത്തിയവര്‍

ഏഷ്യന്‍ ക്വാളിഫയര്‍: നേപ്പാള്‍, ഒമാന്‍.

ഈസ്റ്റ് ഏഷ്യാ-പസഫിക് ക്വാളിഫയര്‍: പാപ്പുവാ ന്യൂ ഗിനി.

യൂറോപ് ക്വാളിഫയര്‍: അയര്‍ലന്‍ഡ്, സ്‌കോട്‌ലാന്‍ഡ്.

അമേരിക്കാസ് ക്വാളിഫയര്‍: കാനഡ.

ആഫ്രിക്ക ക്വാളിഫയര്‍: നമീബിയ, ഉഗാണ്ട.

 

 

Content Highlight: 12 Teams qualified for 2026 T20 World Cup