യു.എസ്. നാവിക ആസ്ഥാനത്തെ വെടിവയ്പ്പ്: മരണം 13
World
യു.എസ്. നാവിക ആസ്ഥാനത്തെ വെടിവയ്പ്പ്: മരണം 13
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 17th September 2013, 8:45 am

[]വാഷിങ്ടണ്‍: യു.എസ്. തലസ്ഥാനമായ വാഷിങ്ടണില്‍ നാവികസേനാ കേന്ദ്രത്തിലുണ്ടായ വെടിവയ്പില്‍ മരിച്ചവരുടെ എണ്ണം 13 ആയി.

അതീവ സുരക്ഷാ മേഖലയായ നേവല്‍ സീ സിസ്റ്റംസ് കമാന്‍ഡ് ആസ്ഥാനത്താണ് വെടിവെപ്പുണ്ടായത്.  പ്രാദേശിക സമയം രാവിലെ 8.20 നായിരുന്നു സംഭവം.

നാവികസേനയിലെ മുന്‍ ഉദ്യോഗസ്ഥനായ ആരോണ്‍ അലക്‌സിസ് എന്നയാളാണ് വെടിവെയ്പ് നടത്തിയതെന്ന് പോലീസ് അറിയിച്ചു. പോലീസ് നടത്തിയ വെടിവെയ്പില്‍ ഇയാളും കൊല്ലപ്പെട്ടു.

അമേരിക്കന്‍ നാവികസേനയ്ക്കുവേണ്ടി കപ്പലുകളും അന്തര്‍വാഹിനികളും വാങ്ങുകയും നിര്‍മിക്കുകയും അറ്റകുറ്റപ്പണികള്‍ നടത്തുകയും ചെയ്യുന്ന നേവല്‍ സീ സിസ്റ്റംസ് കമാന്‍ഡ് ആസ്ഥാനത്താണ് വെടിവയ്പുണ്ടായത്.

സുരക്ഷാ പരിശോധനകള്‍ മറികടന്ന് നാവിക കേന്ദ്രത്തിലെ കഫറ്റീരിയയിലെത്തിയ മൂന്നംഗസംഘം പ്രകോപനമില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നു. 12 പേര്‍ തല്‍ക്ഷണം മരിച്ചു. ആക്രമണത്തില്‍ വെടിയേറ്റ എട്ടുപേര്‍ ചികിത്സയിലാണ്.

വെടിയൊച്ച കേട്ടയുടന്‍ കുതിച്ചെത്തിയ സുരക്ഷാ സൈനികര്‍ നാവികസേനാ താവളം വളഞ്ഞു. കെട്ടിടത്തിലുണ്ടായിരുന്നവരോട് സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ നാവികസേന നിര്‍ദ്ദേശം നല്‍കി. പരിക്കേറ്റവരെ ഹെലിക്കോപ്റ്റര്‍ ഉപയോഗിച്ച് സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി.

സുരക്ഷാസേന നടത്തിയ പ്രത്യാക്രമണ ത്തില്‍ അക്രമിസംഘത്തിലെ ഒരാള്‍ കൊല്ലപ്പെട്ടു. ആരോണ്‍ അലക്‌സിസ് എന്നു പേരായ 34 കാരനാണ് കൊല്ലപ്പെട്ടത്. ഇയാള്‍ യുഎസ് നാവികസേനയിലെ മുന്‍ ജീവനക്കാരനാണെന്ന് പൊലീസ് അറിയിച്ചു.

ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. അക്രമിസം ഘത്തിലെ മറ്റു രണ്ടുപേരെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജിതമാക്കി.

വെടിവെയ്പില്‍ മരിച്ചവരോടുള്ള ആദരസൂചകമായി വൈറ്റ് ഹൗസിലും കാപ്പിറ്റോണ്‍ ഹില്ലിലും ദേശീയപതാക പകുതി താഴ്ത്തിക്കെട്ടാന്‍ പ്രസിഡന്റ് ഒബാമ നിര്‍ദേശിച്ചു.

ആക്രമണത്തില്‍ നടുക്കം രേഖപ്പെടുത്തിയ യുഎസ് പ്രസിഡന്റ് ബറാക്ക് ഒബാമ രാജ്യത്തെ തന്ത്രപ്രധാന കേന്ദ്രങ്ങളുടെ സുരക്ഷ കര്‍ശനമാക്കാന്‍ നിര്‍ദേശം നല്‍കി.  സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ നാവികസേനയ്ക്കും എഫ് ബി ഐയ്ക്കും പ്രസിഡന്റ് ബരാക്ക് ഒബാമ നിര്‍ദ്ദേശം നല്‍കി.