ജിയോ ബേബി സംവിധാനം ചെയ്ത മഹത്തായ ഭാരതീയ അടുക്കള( ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍) ചര്‍ച്ചയാവുകയാണ്. മലയാളികള്‍ ഈ സിനിമ കണ്ടിരിക്കേണ്ടതിന്റെ കാരണങ്ങള്‍ വിശദീകരിക്കുകയാണ് മൈത്രേയന്‍. തന്റെ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ സിനിമാ അനുഭവവും അദ്ദേഹം ഡൂള്‍ന്യൂസിനോട് പങ്കുവെക്കുന്നു.
ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ പ്രിവ്യൂ നടത്തിയപ്പോള്‍ കാണാനായി അവര്‍ വിളിച്ചിരുന്നു. വളരെ ലളിതമായ, പ്രത്യേകിച്ച് നാട്യങ്ങളൊന്നുമില്ലാത്ത ഒരു സിനിമയാണ്. കേരളത്തിനകത്ത് ഇന്ന് പ്രത്യേകിച്ച് സ്ത്രീകള്‍ അനുഭവിക്കുന്ന ഒരു പ്രശ്‌നത്തെയാണ് സിനിമ അനാവരണം ചെയ്യുന്നത്. പക്ഷേ അത് അങ്ങനെയൊരു പ്രശ്‌നമാണെന്നോ ആ പ്രശ്‌നത്തെ കാണിക്കാന്‍ വേണ്ടി എടുത്ത സിനിമയായോ അല്ല അവര്‍ അവതരിപ്പിച്ചിരിക്കുന്നത്.
സാധാരണഗതിയില്‍ പറയുന്നതുപോലെ ഇത് ഒരു മെസ്സേജ് കൊടുക്കുന്ന സിനിമയാണോ എന്ന് ചോദിച്ചാല്‍ അങ്ങനെയേ അല്ല. അങ്ങനെയൊന്നും അല്ലാതെ തന്നെ ആര്‍ക്കും എടുക്കാവുന്ന ആരും എടുക്കുന്ന ഒരു സാധാരണ കഥയാണത്. ആശയപ്രചരണത്തിനായിട്ട് വേണ്ടി ഒന്നും ചെയ്യുന്നതായിട്ടോ പറയുന്നതായിട്ടോ ഇല്ല. അതുകാരണം സിനിമ കാണുക എന്നത് ആയാസ രഹിതമാണ്. ഒരു വീടിന്റെ മൂലയ്ക്ക് ക്യാമറ വെച്ചാല്‍ വീട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ കാണിക്കുന്നുവെന്ന തരത്തിലാണ് ചെയ്തിരിക്കുന്നത്.
ഭയങ്കര ട്വിസ്റ്റിട്ട്, ഉദ്വേഗമായ ലോകങ്ങള്‍ അങ്ങനെയൊന്നും ഇല്ല. എന്നാല്‍ അതേസമയത്ത് ആ സിനിമ കാണുമ്പോള്‍ നമ്മളെ ഇമോഷണലി വളരെ ബാധിക്കും. ഒരു ഡോക്യുമെന്ററി പോലെയൊന്നുമല്ലാതെ സ്വതന്ത്രമായി ചെയ്യപ്പെട്ട ഒരു നല്ല സിനിമയാണ്. കേരളത്തിനകത്തെ സ്ത്രീ പുരുഷ ബന്ധത്തെ ഈയടുത്തകാലത്തായി ഇത്രയും നന്നായി വിശദീകരിച്ച ഒരു സിനിമ.
ഒരു പെണ്‍കുട്ടിയുടെ കഥയാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. എന്നാല്‍ പെണ്‍കുട്ടിയുടെ ഭാഗത്ത് നിന്ന് മാത്രം പറയുന്ന കഥയല്ല. അവള്‍ അനുഭവിക്കുന്ന കാര്യത്തിനകത്ത് പുരുഷന്‍മാരനുഭവിക്കുന്ന വശവും കാണിക്കുന്നുണ്ട്. വയലന്‍സ് അല്പം പോലുമില്ലാതെ അത് കാണിക്കാന്‍ കഴിഞ്ഞു എന്നുള്ളത് ഒരു കാര്യമാണ്.
സാധാരണ ചില ഡ്രാമകളെല്ലാം സിനിമയ്ക്കകത്ത് വരും. അത്തരത്തിലുള്ള ഒന്നും ഇതിലില്ല. എന്നാല്‍ നല്ല പിരിമുറുക്കം നമ്മള്‍ അനുഭവിക്കുകയും ചെയ്യും. പറയണമെന്നാഗ്രഹിക്കുന്ന കാര്യങ്ങള്‍ കഥയില്‍ യാതൊരു ചളുക്കവുമില്ലാതെ മുഴച്ചുനില്‍ക്കാതെ അവതരിപ്പിക്കാന്‍ തിരക്കഥാകൃത്തിന് സാധിച്ചിട്ടുണ്ട്. അതുപോലെ അതിനൊരു ഒരു സാമൂഹ്യരാഷ്ട്രീയ പശ്ചാത്തലവും ഉണ്ട്.
എന്നാല്‍ അതൊന്നും തന്നെ പ്രകടമായി അറിയുന്ന, ഒരു രാഷ്ട്രീയമുള്ള ഒരാള്‍ സംസാരിക്കുന്നതായി വരുന്നതേയില്ല. ന്യൂസ് ഒക്കെ കേള്‍ക്കുന്ന ഒരു പശാചത്തലമാണ് കാണിക്കുന്നത്. അതുകൊണ്ട് തന്നെ ഒരു രാഷ്ട്രീയസിനിമയാണോ എന്ന് ചോദിച്ചാല്‍ കഥ പറയുന്നതിന്റെ ഇടയിലൂടെ രാഷ്ട്രീയവും ഉണ്ട്. പ്രധാന കഥാപാത്രങ്ങളുടെ പശ്ചാത്തലമായിട്ടാണ് ചില ഭാഗങ്ങള്‍ കാണിക്കുന്നത്.
നമ്മള്‍ പറയാറില്ലേ കേരളത്തിനകത്ത് പിണറായി വിജയന്റെ ഗവര്‍മെന്റ് ഭരിക്കുന്നു, അല്ലെങ്കില്‍ ഇന്ത്യയില്‍ പ്രധാനമന്ത്രി ഭരിക്കുന്നു, അല്ലെങ്കില്‍ ബി.ജെ.പിയാണ് ഭരിക്കുന്നത് എന്നൊക്കെ, ഇതൊന്നും ഒരാള്‍ പ്രകടമായി പറയുന്നില്ല. പത്രം വായിക്കുന്നതിലൂടെ ന്യൂസ് ക്ലിപ്പിങ് കാണിക്കുന്നതിലൂടെയാണ് അത്തരം പശ്ചാത്തല നിര്‍മാണം പോലും നടക്കുന്നത്.
ഇതിനെ ഒരു പൊളിറ്റിക്കല്‍ സിനിമ എന്നു വിളിക്കാന്‍ പറ്റില്ല. യഥാര്‍ത്ഥത്തില്‍ വളരെ പേഴ്‌സണല്‍ സിനിമയാണ്. പക്ഷേ എല്ലാ വശങ്ങളും അതിനകത്ത് പറയാന്‍ അവര്‍ക്ക് കഴിഞ്ഞുവെന്നുള്ളതാണ്. അതേസമയത്ത് സിനിമയുടെ ത്രെഡിന് യാതൊരു വിധത്തിലുള്ള ഭംഗവും വരാതെ കൊണ്ടുപോകുന്നുമുണ്ട്.
സുരാജ് വെഞ്ഞാറമ്മൂടും നിമിഷ സജയനും നന്നായി അഭിനയിച്ചു. സപ്പോര്‍ട്ടീവ് റോളുകളില്‍ വന്നവരും നന്നായി ചെയ്തിട്ടുണ്ട്. എല്ലാവരും ഒരുപോലെ നന്നായി ചെയ്‌തൊരു സിനിമ. ഇവിടെ കുറച്ചുകൂടി നന്നായി ചെയ്യാമായിരുന്നു എന്നൊക്കെ കുറ്റം പറയാനായി നോക്കിയാല്‍ പോലും എനിക്ക് അത്തരത്തില്‍ ഒന്നും പറയാനില്ല. കാരണം ഞാന്‍ ആ സിനിമ അനുഭവിക്കുക മാത്രമാണ് ചെയ്തത്.
മലയാളികള്‍ അനുഭവിക്കുന്ന ഒരു ധര്‍മ്മ സങ്കടമുണ്ട്. സിനിമയിലും അത് അവര്‍ അനുഭവിക്കുകയും കാണുകയും ചെയ്യും. എന്നാല്‍ നാട് ഈ സിനിമ കണ്ട് മാറിപ്പോകും എന്ന് തോന്നുന്ന ഒന്നും തന്നെ സിനിമയിലൂടെ പറയാന്‍ ശ്രമിക്കുന്നില്ല. നാട് അങ്ങനെ തന്നെ തുടരുന്നു എന്നേ സിനിമ കാണിക്കുന്നുള്ളൂ. വളരെ പേഴ്‌സണലായ ഒരാളുടെ അനുഭവത്തിലൂടെ സാമൂഹ്യവും രാഷ്ട്രീയവുമായ മേഖല കാണിക്കുന്നതില്‍ അണിയറ പ്രവര്‍ത്തകര്‍ വിജയിച്ചിട്ടുണ്ട്.
ചില സിനിമകള്‍ കണ്ടിട്ട് ആളുകള്‍ പറയില്ലേ ചിലത് മനസിലായില്ല എന്ന്. അങ്ങനെയുള്ള ഒരു വരി പോലും ഇതിനകത്തില്ല. നമ്മുടെ നാടിനകത്തെ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്നാണ് പറയുന്നത്. 80 ശതമാനവും ഒരു സ്ത്രീയുടെ ജീവിതം എന്ന് പറയുന്നത് അടുക്കളയിലാണ്. അവള്‍ എല്ലാ അര്‍ത്ഥത്തിലും വിദ്യാസമ്പന്നയായിരിക്കുമ്പോഴും കേരളത്തിന്റെ നടുക്ക് നില്‍ക്കുന്നത് ഈ അടുക്കളയാണ് എന്ന് അനുഭവിപ്പിച്ചുകളയും ഈ സിനിമ. ഒരു ഐ ഓപ്പണറാണ്, ആ നിലവാരത്തില്‍ അത് ആളുകളുടെ കണ്ണുതുറപ്പിക്കും.
സിനിമ കാണുമ്പോള്‍ ഒരു അസ്വാരസ്യം അനുഭവിക്കുമെന്നോ അല്ലെങ്കില്‍ ഒരു കഥാപാത്രം അനാവശ്യമായി കടന്നുവന്ന് ഒരു ഡയലോഗ് പറഞ്ഞെന്നോ നമുക്ക് തോന്നില്ല. അത്ര സ്മൂത്ത് ആയി അത് ചെയ്‌തെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
സിനിമയിലെ പാട്ട് എഴുതിയത് മൃദുലയാണ്. ഇങ്ങനെയൊരു പാട്ടെഴുതുമെന്ന് നമ്മള്‍ ചിന്തിച്ചിട്ടില്ലാത്ത ഒരാള്‍. സ്‌നേഹത്തിനെപ്പറ്റിയുള്ള പാട്ടാണ്. സാധാരണ മലയാളം പോലുമല്ല. അങ്ങനെ പാട്ടെഴുത്തുകാരി എന്ന നിലയിലുള്ള ഒരു ഇന്‍ട്രൊഡക്ഷന്‍ കൂടി നടന്നിട്ടുണ്ട്. അവരുടെ രണ്ട് പാട്ടുകളാണ് ചിത്രത്തിലുള്ളത്. വ്യത്യസ്തമായ ഒരു സംഗീതവും കടന്നുവന്നിട്ടുണ്ട്. സിനിമ ദു:ഖകരമായിട്ടല്ല പര്യവസാനിക്കുന്നത്. എന്നാല്‍ കേരളം മാറിപ്പോയിട്ടില്ല എന്ന് ചിത്രം കാണിക്കുന്നുമുണ്ട്.
തയ്യാറാക്കിയത് : അന്ന കീര്‍ത്തി ജോര്‍ജ്ജ്
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക