| Thursday, 14th January 2021, 5:16 pm

പാകിസ്താനിലെ ഹിന്ദുക്ഷേത്രം തകര്‍ത്ത സംഭവം; വീഴ്ച വരുത്തിയ 12 പൊലീസുകാരെ പുറത്താക്കി പാക് സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലാമാബാദ്: പാകിസ്താനിലെ ഹിന്ദു ക്ഷേത്രം തകര്‍ത്ത സംഭവത്തില്‍ നടപടിയെടുക്കുന്നതില്‍ കാലതാമസം വരുത്തിയ 12 പൊലീസുദ്യോഗസ്ഥരെ പുറത്താക്കി. പ്രവിശ്യ സര്‍ക്കാരാണ് ഉദ്യോഗസ്ഥരെ പുറത്താക്കിയത്.

ക്ഷേത്രത്തിന് നേരെ ഭീഷണിയുണ്ടായിട്ടും വേണ്ടത്ര സംരക്ഷണം നല്‍കുന്നതില്‍ വീഴ്ച വരുത്തിയെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് 12 പൊലീസുകാരെ പുറത്താക്കിയത്.

2020 ഡിസംബര്‍ 30 നാണ് വടക്ക് പടിഞ്ഞാറന്‍ പാകിസ്താനിലെ ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയിലെ കാരക് ജില്ലയിലെ ഹിന്ദു ക്ഷേത്രം തകര്‍ക്കപ്പെട്ടത്.

തീവ്ര മുസ്‌ലിം സംഘടനയില്‍പ്പെട്ടവരാണ് ക്ഷേത്രം തകര്‍ത്തത്. സംഭവത്തില്‍ ഈ സംഘടനയില്‍പ്പെട്ട 26 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ക്ഷേത്രത്തിലെ പുനരുദ്ധാരണത്തിനായുള്ള ജോലികള്‍ പുരോഗമിക്കവെ പ്രതിഷേധവുമായി എത്തിയ സംഘം ക്ഷേത്രം തകര്‍ക്കുകയും തീയിടുകയുമായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞിരുന്നു.

ജാമിയത്ത് ഉലെമ ഇസ്‌ലാം പാര്‍ട്ടിയാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞിരുന്നു. പുനരുദ്ധാരണം നടന്ന ക്ഷേത്രത്തിന്റെ ഭാഗങ്ങളെല്ലാം ആക്രമണത്തില്‍ പൂര്‍ണ്ണമായി തകര്‍ന്നിരുന്നു.

ഇസ്‌ലാമാബാദില്‍ ഹിന്ദുവിഭാഗത്തില്‍പ്പെട്ടവരുടെ ആരാധനയ്ക്കായി ക്ഷേത്രം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതിന് തൊട്ടുപിന്നാലെയായിരുന്നു ഈ ആക്രമണം. ക്ഷേത്രം തകര്‍ക്കുന്ന ദൃശ്യങ്ങള്‍ നേരത്തെ തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

ഇതോടെ ന്യൂനപക്ഷമായ ഹിന്ദു മതത്തിലുള്ളവരുടെ അവകാശലംഘനമാണെന്ന വിമര്‍ശനമുയര്‍ന്നതോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയത്.

അതേസമയം ആക്രമണത്തില്‍ തകര്‍ക്കപ്പെട്ട ഹിന്ദു ക്ഷേത്രം പ്രവിശ്യ സര്‍ക്കാര്‍ പുനര്‍നിര്‍മ്മിക്കുമെന്ന് ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യ മുഖ്യമന്ത്രി അറിയിച്ചിരുന്നു. കാലതാമസമില്ലാത്ത ക്ഷേത്ര പുനര്‍നിര്‍മാണത്തിന് ശ്രമിക്കുമെന്ന് മുഖ്യമന്ത്രി മഹ്മൂദ് ഖാന്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: 12 Police Officials Dismissed In Hindu Temple Vandalisation

We use cookies to give you the best possible experience. Learn more