ഛത്തീസ്ഗഡിൽ പൊലീസ് കൊന്ന 12 പേരും മാവോയിസ്റ്റുകൾ അല്ലെന്ന് നാട്ടുകാർ: മൃതദേഹം ആവശ്യപ്പെട്ട് പ്രതിഷേധം
India
ഛത്തീസ്ഗഡിൽ പൊലീസ് കൊന്ന 12 പേരും മാവോയിസ്റ്റുകൾ അല്ലെന്ന് നാട്ടുകാർ: മൃതദേഹം ആവശ്യപ്പെട്ട് പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 14th May 2024, 11:01 am

ന്യൂദൽഹി: ഛത്തീസ്ഗഡിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട 12 പേർ മാവോയിസ്റ്റുകൾ അല്ലെന്ന് നാട്ടുകാർ. സംസ്ഥാനത്തെ ബിജാപൂർ ജില്ലയിൽ 12 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് മരിച്ചവർ ഗ്രാമവാസികളാണെന്ന് അവിടെയുള്ള ജനങ്ങൾ അവകാശപ്പെട്ടത്.

മൃതദേഹങ്ങൾ ആവശ്യപ്പെട്ട് ബീജാപൂർ ജില്ലാ കളക്‌ട്രേറ്റിന് പുറത്ത് തടിച്ചുകൂടിയ ഗ്രാമവാസികൾ തങ്ങളുടെ കുടുംബാംഗങ്ങളെ സുരക്ഷാ സേന ‘വ്യാജ ഏറ്റുമുട്ടലിൽ’ കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ചു. ‘കാട്ടിൽ ഇലകളും തേനും ശേഖരിക്കാൻ പോയവരെയാണ് പൊലീസ് കൊന്നത്. പൊലീസിനെ കണ്ടപ്പോൾ പേടിച്ച് ഓടിയവരെ അവർ വെടി വെച്ചിടുകയായിരുന്നു,’ ദൃക്‌സാക്ഷികളിലൊരാൾ പറഞ്ഞു.

ബന്ധുക്കളുടെ മൃതദേഹം ഏറ്റുവാങ്ങാനാണ് തങ്ങൾ എത്തിയിരിക്കുന്നതെന്ന് കോർച്ചുലി ഗ്രാമത്തിലെ മറ്റൊരു ഗ്രാമവാസിയായ രാജു പറഞ്ഞു. കൊല്ലപ്പെട്ട ലാലു കുഞ്ഞം മാവോയിസ്റ്റല്ലെന്നും കർഷകനായിരുന്നുവെന്നും രാജു പറഞ്ഞു. പൊലീസിനെ കണ്ട് ഓടിപ്പോകുമ്പോഴാണ് ലാലുവിന് വെടിയേറ്റതെന്നും രാജു കൂട്ടിച്ചേർത്തു.

‘പെഡിയ ഗ്രാമവും മറ്റൊരു ഗ്രാമമായ ഇറ്റാവർ ഗ്രാമവും പൊലീസ് വളഞ്ഞിരിക്കുകയാണ്. എൻ്റെ സഹോദരൻ കാട്ടിൽ ഇലകൾ പറിക്കുന്നുണ്ടായിരുന്നു, അവനെയാണ് അവർ കൊന്നത്. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരെല്ലാം ഗ്രാമവാസികളാണ്, മാവോയിസ്റ്റുകളല്ല, അവരെ ഈ രണ്ട് ഗ്രാമങ്ങളിൽ നിന്ന് കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണ്,’ ഗ്രാമവാസിയായ രാകേഷ് പറഞ്ഞു.

നിരപരാധികളായ ആദിവാസികളെ കൊന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ആദിവാസി അവകാശ പ്രവർത്തകർ പറഞ്ഞു.
‘നിരപരാധികളായ ഗ്രാമീണരെ പൊലീസ് സേന കൊന്നൊടുക്കിയതിനാൽ ഞങ്ങൾ ഹൈക്കോടതിയിൽ ഹരജി നൽകും’ സംസ്ഥാനത്തെ ബസ്തർ മേഖലയിൽ പ്രവർത്തിക്കുന്ന ആദിവാസി അവകാശ പ്രവർത്തകയായ സോണി സോറി പറഞ്ഞു.

അതേസമയം കൊല്ലപ്പെട്ടവർ മാവോയിസ്റ്റുകളാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് പൊലീസ്. മാവോയിസ്റ്റുകൾ വസ്ത്രം മാറി ഗ്രാമവാസികളുമായി ഇടപഴകിയതായി സൗത്ത് ബസ്തർ മേഖലയിലെ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് കമലോചൻ കശ്യപ് അവകാശപ്പെട്ടു. മരിച്ചവരെല്ലാം മാവോയിസ്റ്റുകളാണെന്നും മാവോയിസ്റ്റുകളുടെ മൃതദേഹം ഏറ്റുവാങ്ങാനെത്തിയതാണ് ഗ്രാമവാസികൾ എന്നും പൊലീസ് ആരോപിക്കുന്നു.

Content Highlight: 12 People Killed in Chhattisgarh ‘Encounter’ Weren’t Maoists, Say Locals: Report