സൊമാലിയയില്‍ പൗരപ്രമുഖരെത്തുന്ന ഹോട്ടലില്‍ ആക്രമണം; 12 പേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ ഭീകരരുടെ പിടിയില്‍
World News
സൊമാലിയയില്‍ പൗരപ്രമുഖരെത്തുന്ന ഹോട്ടലില്‍ ആക്രമണം; 12 പേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ ഭീകരരുടെ പിടിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 20th August 2022, 7:39 pm

മൊഗാദിഷു; സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവില്‍ നടന്ന ഭീകരാക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ ഇപ്പോഴും ഭീകരരുടെ പിടിയിലാണെന്നാണ് പുറത്തുവരുന്ന വിവരം.

മൊഗാദിഷുവിലെ ഹയാത്ത് ഹോട്ടലിലാണ് ഭീകരാക്രമണം നടന്നത്. വെള്ളിയാഴ്ച വൈകീട്ട് ഏഴ് മണിയോടെ രണ്ട് കാര്‍ നിറയെ ബോംബുകളുമായെത്തിയ ഭീകരസംഘം വെടിയുതിര്‍ക്കുകയായിരുന്നു.

അല്‍ ഖ്വയിദയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സൊമാലിയയിലെ അല്‍ ഷബാബ് വിമതര്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.

കൊല്ലപ്പെട്ടവരില്‍ കൂടുതല്‍ സാധാരണക്കാരാണെന്ന് ഇന്റലിജന്‍സ് ഓഫീസര്‍ മുഹമ്മദ് റോയിട്ടേഴ്‌സിനോട് പറഞ്ഞു. ‘അക്രമികള്‍ സ്ഥാപനത്തിന്റെ രണ്ടാം നിലയില്‍ നിരവധി പേരെ ബന്ദികളാക്കിയിരുന്നു. അതുകൊണ്ട് തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഭീകരര്‍ക്കെതിരെ ആയുധങ്ങളുപയോഗിക്കാനോ വേണ്ട രീതിയില്‍ തിരിച്ചടിക്കാനോ കഴിഞ്ഞില്ല,’ മുഹമ്മദ് പറഞ്ഞു.

മുകളിലെ നിലയിലേക്ക് കയറാതിരിക്കാന്‍ സ്റ്റെയര്‍കേസുകള്‍ അക്രമികള്‍ ബോംബിട്ടു തകര്‍ത്തുവെന്നും മുഹമ്മദ് പറഞ്ഞു. ഏഴ് മണിക്ക് നടന്ന ആക്രമണത്തിന് ശേഷം പിന്നീട് രാത്രിയിലും സ്ഫോടനശബ്ദങ്ങള്‍ കേട്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ആക്രമണത്തില്‍ ഹോട്ടലിന്റെ പ്രധാന ഭാഗങ്ങള്‍ ഏകദേശം പൂര്‍ണമായും തകര്‍ന്നതായും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

തീവ്രവാദികളില്‍ നിന്ന് ഹോട്ടലിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് സൈന്യം. 20 മണിക്കൂറോളമായി ബന്ദിയാക്കപ്പെട്ടവരെ മോചിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്.

പാര്‍ലമെന്റ് അംഗങ്ങളും മന്ത്രിമാരും പ്രധാന ഉദ്യോഗസ്ഥരുമടക്കം സൊമാലിയയിലെ നിരവധി പ്രമുഖര്‍ സ്ഥിരമായെത്തുന്ന സ്ഥലമാണ് ഹയാത്ത് ഹോട്ടല്‍. ഇവരില്‍ ആരെങ്കിലും ബന്ദിയാക്കപ്പെട്ടവരുടെ കൂട്ടത്തിലുണ്ടോയെന്ന സംശയവും ഉയരുന്നുണ്ട്.

ഹസന്‍ ഷെയ്ഖ് മുഹമ്മദ് മെയില്‍ പ്രസിഡന്റായി അധികാരമേറ്റതിന് ശേഷമുള്ള ആദ്യത്തെ വലിയ ഭീകരാക്രമണമാണ് വെള്ളിയാഴ്ച നടന്നത്. 10 വര്‍ഷത്തിലേറെയായി സൊമാലിയന്‍ സര്‍ക്കാരിനെ താഴെയിറക്കാനുള്ള ശ്രമത്തിലാണ് അല്‍ ഷബാബ്. അതിന്റെ ഭാഗമായാണ് ഈ ആക്രമണവും വിലയിരുത്തപ്പെടുന്നത്.

സര്‍ക്കാരിനെ അട്ടിമറിച്ച് ഭരണം പിടിച്ചെടുത്ത്, സൊമാലിയയില്‍ ഇസ്‌ലാമിക് നിയമം കര്‍ശനമായി നടപ്പാക്കുക എന്നതാണ് അല്‍ ഷബാബ് മുന്നോട്ടുവെക്കുന്ന ലക്ഷ്യം.

Content Highlight: 12 People killed in attack at Somalia