ഒമാന്‍: ഒമാനില്‍ കനത്ത മഴയില്‍ ഒരു മലയാളിയടക്കം 12 പേര്‍ മരിച്ചു. അടൂര്‍ കടമ്പനാട് സ്വദേശി സുനില്‍ കുമാറാണ് മരിച്ചത്. ജോലി സ്ഥലത്ത് വെച്ചായിരുന്നു സുനില്‍ കുമാറിന്റെ മരണം. മഴ വെള്ളം വരുന്നത് തടയാന്‍ ജോലി സ്ഥലത്തെ ഗേറ്റ് അടക്കാന്‍ പോയപ്പോള്‍ മതില്‍ ഇടിഞ്ഞ് വീണാണ് സുനില്‍ കുമാര്‍ മരിച്ചത്.
വാഹനങ്ങള്‍ ഒഴുക്കില്‍ പെട്ടതാണ് മരണസംഖ്യ കൂടാന്‍ കാരണമെന്നാണ് ഒമാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഒഴുക്കില്‍ പെട്ട് മരിച്ചവരില്‍ നാല് കുട്ടികള്‍ ഉള്‍പ്പെടുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിരവധി പേരെ കാണാതായെന്നും ഇവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ഒമാനില്‍ ശക്തമായ മഴയും ഒഴുക്കും ഉണ്ടാകുമെന്ന് നേരത്തെ മുന്നറിയിപ്പ് ലഭിച്ചിരുന്നു. എന്നാല്‍ ശക്തമായ മഴയില്‍ വാഹനങ്ങള്‍ ഒലിച്ച് പോയതാണ് മരണസംഖ്യ കൂടാന്‍ കാരണമായത്.
ഒമ്പത് വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്ന വാഹനം ഒഴുക്കില്‍ പെട്ടെന്നും ഇവരില്‍ നാല് പേരാണ് മരിച്ചതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വെള്ളം ഉയര്‍ന്നതും ഒഴുക്ക് കൂടിയതും കാരണം സമീപത്ത് നിന്ന് ആളുകളെ നേരത്തെ മാറ്റിയിരുന്നു.
ഞായറാഴ്ച മുതല്‍ ഏപ്രില്‍ 17വരെ ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്നാണ് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നത്. മഴ ശക്തിപ്പെടുമെന്നതിനാല്‍ തിങ്കളാഴ്ച രാജ്യത്തെ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചിരുന്നു. ഒമാനിലെ അഞ്ച് ഗവര്‍ണറേറ്റുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി നല്‍കിയത്.