| Thursday, 6th June 2019, 4:07 pm

തെലങ്കാനയില്‍ നാണം കെട്ട് കോണ്‍ഗ്രസ്; ടി.ആര്‍.എസുമായി ലയിക്കണമെന്ന് 18ല്‍ 12 എം.എല്‍.എമാരും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: കഴിഞ്ഞ ഡിസംബറില്‍ നടന്ന കനത്ത പരാജയത്തിന് പിന്നാലെ തെലങ്കാനയില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതിയുമായി ലയിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ 18ല്‍ 12 എം.എല്‍.എമാരും സ്പീക്കറെ കണ്ടതോടെ സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ നില പരുങ്ങലിലായിരിക്കുകയാണ്.

പാര്‍ട്ടി മാറിയാല്‍ അയോഗ്യരാക്കപ്പെടുമെന്നിരിക്കെ, തങ്ങളുടെ വിമത പക്ഷത്തിന് ടി.ആര്‍.എസുമായി ലയിക്കണമെന്നാണ് എം.എല്‍.എമാരുടെ ആവശ്യം. ഇത് സ്പീക്കര്‍ പൊച്ചാറാം ശ്രീനിവാസിനെ അറിയിച്ചിട്ടുണ്ടെന്നും ഇന്ത്യ ടുഡേ റിപ്പോര്‍ട്ടു ചെയ്യുന്നു.

നിയമപ്രകാരം, തെരഞ്ഞെടുക്കപ്പെട്ട ഏതൊരു രാഷ്ട്രീയ പാര്‍ട്ടിയുടേയും തെരഞ്ഞെടുക്കപ്പെട്ട മൂന്നില്‍ രണ്ട് അംഗങ്ങള്‍ തയ്യാറായാല്‍ ലയനം സാധ്യമാകും. കോണ്‍ഗ്രസിന്റെ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ നേരത്തെ ടി.ആര്‍.എസുമായി ലയിച്ചിട്ടുണ്ട്. നാലില്‍ മൂന്ന് എം.എല്‍.സിമാരും ടി.ആര്‍.എസിനൊപ്പം പോവുകയാണുണ്ടായത്.

തെലങ്കാന കോണ്‍ഗ്രസ് പ്രദേശ് കമ്മിറ്റി പ്രസിഡന്റും ഹുസുര്‍നഗറിലെ എം.എല്‍.എയുമായിരുന്ന ഉത്തം കുമാര്‍ റെഡ്ഡി എം.എല്‍.എ സ്ഥാനം രാജി വെച്ചിരുന്നു. ഇതോടെ 19ല്‍ നിന്ന് കോണ്‍ഗ്രസ് എം.എല്‍.എമാരുടെ എണ്ണം 18 ആവുകയായിരുന്നു. ലയനത്തിന് ആവശ്യമായ എം.എല്‍.എമാരുടെ എണ്ണം കുറയാന്‍ ഇത് സഹായിക്കുകയും ചെയ്തു.

ലയനത്തിനെതിരെ നിയമസഭയിലെ ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ ഉത്തം കുമാര്‍ ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് എം.എല്‍.എമാര്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പ്രതിപക്ഷം ശബ്ദം അടിച്ചമര്‍ത്താന്‍ വേണ്ടി ടി.ആര്‍.എസ് പണം നല്‍കി എം.എല്‍.എമാരെ സ്വാധീനിക്കുകയാണെന്ന് ഇവര്‍ കുറ്റപ്പെടുത്തി.

Latest Stories

We use cookies to give you the best possible experience. Learn more