Kerala News
സോളാര്‍ കമ്പനിയുടെ ഡീലര്‍ഷിപ്പ് വാഗ്ദാനം ചെയ്ത് 12 ലക്ഷം തട്ടിയ കേസ്; സരിതയടക്കമുള്ള പ്രതികളെ വെറുതെ വിട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Jan 31, 04:53 pm
Friday, 31st January 2025, 10:23 pm

കോഴിക്കോട്: സോളാര്‍ കേസില്‍ സരിത നായര്‍ ഉള്‍പ്പെടെ മൂന്ന് പ്രതികളെ വെറുതെ വിട്ടു. കൊയിലാണ്ടി മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളെ വെറുതെ വിട്ടത്.

സരിതയ്ക്ക് പുറമെ ബിജു രാധാകൃഷ്ണന്‍, മണിമോന്‍ എന്നിവരെയാണ് വെറുതെ വിട്ടത്. കൊയിലാണ്ടി മജിസ്ട്രേറ്റ് അജി കൃഷ്ണന്റേതാണ് നടപടി.10 വര്‍ഷത്തിന് ശേഷമാണ് കേസിലെ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടയച്ചത്. കുറ്റക്കാരല്ലെന്ന് കണ്ടാണ് കോടതിയുടെ തീരുമാനം.

കോഴിക്കോട് എരഞ്ഞിക്കല്‍ മൊകവൂര്‍ സ്വദേശി വിന്‍സെന്റ് സൈമണ്‍ നല്‍കിയ കേസിലാണ് കോടതി വിധി. ടീം സോളാര്‍ കമ്പനിയുടെ പാലക്കാട്, തൃശൂര്‍ ജില്ലകളുടെ ഡീലര്‍ഷിപ്പ് അനുവദിക്കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയെന്നായിരുന്നു കേസ്.

പരാതിക്കാരനില്‍ നിന്ന് 12 ലക്ഷം കൈവശപ്പെടുത്തിയ ശേഷം ഡീലര്‍ഷിപ്പ് അനുവദിക്കാതിരിക്കുകയും പണമില്ലാത്ത അക്കൗണ്ടിലെ ചെക്കുകള്‍ നല്‍കി വിശ്വാസവഞ്ചന നടത്തിയെന്നുമായിരുന്നു എഫ്.ഐ.ആര്‍.

സോളാര്‍ ഡീലര്‍ഷിപ്പ് നല്‍കാമെന്ന് പറഞ്ഞ് പ്രതികള്‍ പലരില്‍ നിന്നും പണം വാങ്ങിയതില്‍ കേസുകളുണ്ട്. കോഴിക്കോട് സ്വദേശിയായ അബ്ദുല്‍ മജീദില്‍ നിന്ന് 42 ലക്ഷം വാങ്ങി കബളിപ്പിച്ചുവെന്ന കേസില്‍ സരിതയെ 2021ല്‍ അറസ്റ്റ് ചെയ്തിരുന്നു.

സരിതയ്‌ക്കെതിരെ ചുമത്തിയ ചതി, വഞ്ചന, ഗൂഢാലോചന, ആള്‍മാറാട്ടം എന്നി കുറ്റങ്ങള്‍ തെളിഞ്ഞതായി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കണ്ടെത്തിയിരുന്നു.

സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത ആദ്യ കേസുകളിലൊന്നാണിത്. മറ്റ് കേസുകളില്‍ കോടതി നടപടികള്‍ പുരോഗമിക്കുകയാണ്. സംസ്ഥാനത്ത് വലിയ വിവാദങ്ങള്‍ക്കിടയാക്കിയ സംഭവമായിരുന്നു സോളാര്‍ കേസ്.

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് 40 ലക്ഷം രൂപ കൈപ്പറ്റിയെന്ന സരിതയുടെ പരാതിയില്‍ മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ആര്യാടന്‍ മുഹമ്മദ് ഉള്‍പ്പെടെ അന്വേഷണം നേരിട്ടിരുന്നു.

Content Highlight: 12 lakh fraud case by offering dealership of solar company; The accused including Saritha were acquitted