ഗജപതി: ഒഡീഷയിലെ ഗജാപതി ജില്ലയില്‍ കനത്തമഴയിലും കാറ്റിലുമുണ്ടായ ഉരുള്‍പ്പൊട്ടലില്‍ 12 പേര്‍ മരണപ്പെട്ടു. ഇതോടെ തിത്‌ലിയില്‍ മരണപ്പെട്ടവരുടെ എണ്ണം സംസ്ഥാനത്ത് 15 ആയി.
റായ്ഗഡയിലുള്ള ബാരഘരയിലാണ് ഉരുള്‍പ്പൊട്ടലുണ്ടായത്. കനത്ത മഴയെ തുടര്‍ന്ന് ഗ്രാമത്തിലുള്ളവര്‍ കയറി നിന്ന മേഖലയിലാണ് ഉരുള്‍പ്പൊട്ടലുണ്ടായതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മൂന്നു പേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഗജാപതിയടക്കം രണ്ട് ദുരന്തബാധിത ജില്ലകളില്‍ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക് ആകാശ നിരീക്ഷണം നടത്തിയിരുന്നു. പതിനാറ് ജില്ലകളെയാണ് ദുരന്തം ബാധിച്ചിട്ടുള്ളത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട തിത്ലി, ഒഡിഷ തീരത്ത് കനത്ത നാശമാണ് വിതയ്ക്കുന്നത്.
ആന്ധ്രാപ്രദേശിലെ 202 വില്ലേജുകളെ പ്രളയം ബാധിച്ചിട്ടുണ്ട്. പതിനായിരത്തോളം വീടുകള്‍ തകര്‍ന്നതായാണ് ദുരന്ത നിവാരണ അതോറിട്ടിയുടെ പ്രാഥമിക കണക്കുകള്‍. എട്ടുപേര്‍ ഇതിനോടകം മരിച്ചു. രണ്ടുപേരെ കാണാതായി. ബംഗാളിലും കനത്ത മഴയാണ് ലഭിക്കുന്നത്. ഇതുവരെ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു.