ന്യൂദൽഹി: റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ 12 ഇന്ത്യക്കാർ കൊല്ലപ്പെടുകയും 16 പേരെ കാണാതാവുകയും ചെയ്തതായി വിദേശകാര്യ മന്ത്രാലയം. മരിച്ച ഇന്ത്യക്കാർ റഷ്യക്ക് വേണ്ടി പോരാടുന്നവരാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
റഷ്യൻ ആർമിയിൽ സേവനം അനുഷ്ഠിക്കുന്ന 126 ഇന്ത്യൻ പൗരന്മാരുണ്ടെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ ഒരു വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
‘ലഭ്യമായ കണക്കനുസരിച്ച്, റഷ്യൻ ആർമിയിൽ സേവനമനുഷ്ഠിക്കുന്ന 126 ഇന്ത്യൻ പൗരന്മാർ ഉണ്ട്. ഈ 126 കേസുകളിൽ 96 പേർ ഇന്ത്യയിലേക്ക് മടങ്ങി. ഇനിയും 18 ഇന്ത്യൻ പൗരന്മാർ റഷ്യൻ സൈന്യത്തിൽ അവശേഷിക്കുന്നുണ്ട്, അവരിൽ 16 പേർ എവിടെയാണെന്ന് അറിയില്ല. റഷ്യൻ സൈന്യത്തിൽ സേവനമനുഷ്ഠിച്ച 12 ഇന്ത്യൻ പൗരന്മാർ മരിച്ചു,’ അദ്ദേഹം പറഞ്ഞു.
റഷ്യൻ കൂലിപ്പട്ടാളത്തിന് വേണ്ടി ജോലി ചെയ്യുന്നതിനിടെ കൊല്ലപ്പെട്ട മലയാളി യുവാവിന്റെ വാർത്ത പുറത്തുവന്ന സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രാലയം വിശദീകരണം നൽകിയത്. ഏജന്റുമാരുടെ ചതിയിൽ കുരുങ്ങി റഷ്യയിലെത്തുകയും അവിടുത്തെ കൂലിപ്പട്ടാളത്തിൽ ചേരേണ്ടി വരികയും ചെയ്ത ഇന്ത്യക്കാരെക്കുറിച്ചുള്ള ആശങ്ക മോസ്കോയെ അറിയിച്ചതായും റഷ്യൻ ആർമിയിൽ നിന്ന് എല്ലാ ഇന്ത്യക്കാരെയും തിരികെവിടണമെന്ന ആവശ്യം ഉന്നയിച്ചതായും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
റഷ്യ-ഉക്രൈൻ യുദ്ധത്തിനിടെ മലയാളിയായ ബിനിൽ ബാബു കൊല്ലപ്പെട്ടിരുന്നു. അദ്ദേഹത്തിൻ്റെ ഭൗതികാവശിഷ്ടങ്ങൾ നാട്ടിലെത്തിക്കുന്നതിനായി ഇന്ത്യൻ എംബസി റഷ്യൻ അധികൃതരുമായി ബന്ധപ്പെട്ടുവരികയാണ്. മറ്റൊരു ഇന്ത്യൻ പൗരനായ ജെയിൻ ടി.കെ. മോസ്‌കോയിൽ ചികിത്സയിലാണ്. ചികിത്സ പൂർത്തിയായാൽ അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.
ബിനിൽ ബാബുവിൻ്റെ മരണം അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്നും കുടുംബത്തെ അനുശോചനം അറിയിച്ചുവെന്നും അദ്ദേഹത്തിൻ്റെ മൃതദേഹം ഇന്ത്യയിലെത്തിക്കുന്നതിനായി ഞങ്ങളുടെ എംബസി റഷ്യൻ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ജയ്‌സ്വാൾ പ്രതികരിച്ചു.
Content Highlight: 12 Indians fighting for Russia in Ukraine war killed, 16 ‘missing’: Government