ശിവകാശി സ്‌ഫോടനം: ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവ്
India
ശിവകാശി സ്‌ഫോടനം: ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 7th September 2012, 12:30 am

ചെന്നൈ: ശിവകാശിയില്‍ പടക്ക നിര്‍മാണശാലയിലെ തീപ്പിടിത്തദുരന്തവുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ അന്വേഷണത്തിന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ഉത്തരവിട്ടു. സംഭവത്തില്‍ 12 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അപകടത്തില്‍ 38 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. 54 പേര്‍ മരിച്ചെന്നായിരുന്നു നേരത്തേയുള്ള റിപ്പോര്‍ട്ട്.[]

മരിച്ചവരില്‍ മൂന്ന് പേര്‍ മാത്രമാണ് ഓംശക്തി ഫയര്‍വര്‍ക്‌സിലെ തൊഴിലാളികള്‍. മറ്റുള്ളവര്‍ രക്ഷാപ്രവര്‍ത്തിനെത്തിയവരാണെന്ന് അധികൃതര്‍ പറഞ്ഞു. 37 പേരുടെ മൃതദേഹങ്ങള്‍ വ്യാഴാഴ്ച പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

അപകടം നടന്ന ഓംശക്തി പടക്ക നിര്‍മാണശാലയുടെ പ്രവര്‍ത്തനാനുമതി സെപ്റ്റംബര്‍ നാലിന് റദ്ദാക്കിയതാണെന്നും ഇതിന് തൊട്ടടുത്ത ദിവസം തന്നെയാണ് ദുരന്തം ഉണ്ടായതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ലൈസന്‍സ് റദ്ദായിട്ടും പടക്കശാലയ്ക്ക് പ്രവര്‍ത്തനാനുമതി എങ്ങനെ നല്‍കി എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മജിസ്‌ട്രേറ്റ് അന്വേഷണം നടത്തും.

2006 ലാണ് നാഗ്പുരിലെ സ്‌ഫോടകവസ്തു വിഭാഗം ചീഫ് കണ്‍ട്രോളര്‍ ഓംശക്തിക്ക് ലൈസന്‍സ് നല്‍കിയത്. ഇവിടെ കഴിഞ്ഞമാസം അധികൃതര്‍ പരിശോധന നടത്തിയിരുന്നു. അളവില്‍ക്കൂടുതല്‍ വെടിമരുന്നുകള്‍ സൂക്ഷിച്ചുവെച്ചതായും നിര്‍മാണശാലയ്ക്കകത്ത് സുരക്ഷാ സംവിധാനങ്ങളേര്‍പ്പെടുത്താതെ ആവശ്യത്തിലധികം ജീവനക്കാരെ ജോലി ചെയ്യിപ്പിച്ചിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് യൂണിറ്റിന്റെ ലൈസന്‍സ് റദ്ദാക്കിയത്.

അപകടത്തിന്റെ പശ്ചാത്തലത്തില്‍ എടുക്കേണ്ട നടപടികള്‍ ചര്‍ച്ചചെയ്യാന്‍ ഇന്നലെ തമിഴ്‌നാട് മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചു. തുടര്‍ന്നാണ് മജിസ്‌ട്രേറ്റ്തല അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കിയത്. ശിവകാശിയിലെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പടക്ക നിര്‍മാണശാലകളില്‍ വിശദമായ പരിശോധന നടത്താനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

അതേസമയം, ശിവകാശി സര്‍ക്കാര്‍ ആശുപത്രിയില്‍ പൊള്ളലേറ്റവര്‍ക്ക് ചികിത്സ നല്‍കുന്ന പ്രത്യേക വാര്‍ഡില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ 4.5 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. ഇവിടെ പ്ലാസ്റ്റിക് സര്‍ജറി, ഓര്‍ത്തോ യൂണിറ്റ്, ഫിസിയോതെറാപ്പി വിഭാഗങ്ങളില്‍ സമഗ്രമായ സൗകര്യമൊരുക്കും. നിലവിലുള്ള 30 കിടക്കകള്‍ 60 ആക്കി വര്‍ധിപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.