|

മാതാ വൈഷ്‌ണോ ദേവി ക്ഷേത്രത്തിലെ തിക്കിലും തിരക്കിലും പെട്ട് 12 മരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പുതുവര്‍ഷത്തില്‍ ജമ്മു കാശ്മീരിലെ മാതാ വൈഷ്‌ണോ ദേവി ക്ഷേത്രത്തിലെ തിക്കിലും തിരക്കിലും പെട്ട് 12 മരണം. പുതുവര്‍ഷത്തോടനുബന്ധിച്ച് പ്രാര്‍ത്ഥിക്കാനെത്തിയ ഭക്തര്‍ ഇടിച്ചുകയറിയതോടെയാണ് ദുരന്തമുണ്ടായതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പുലര്‍ച്ചെ 2:45 ഓടെയാണ് അപകടം നടന്നത്.

സംഭവത്തെ തുടര്‍ന്ന് ശ്രീകോവില്‍ അടച്ചിട്ടിരിക്കുകയാണ്. ത്രികൂട മലനിരകളിലെ ശ്രീകോവിലിനു പുറത്ത് മൂന്നാം നമ്പര്‍ ഗേറ്റിന് സമീപമാണ് തിക്കും തിരക്കും ഉണ്ടായത്.

20 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ മാതാ വൈഷ്‌ണോദേവി നാരായണ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നാല് പേരുടെ നില ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു. പെര്‍മിഷന്‍ സ്ലിപ്പില്ലാതെയാണ് പലരും അകത്ത് കയറിയതെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. മൃതശരീരങ്ങള്‍ കത്രയിലെ ഒരു ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ഒരു വാക്കുതര്‍ക്കത്തില്‍ തുടങ്ങി പരസ്പരം ഉന്തിലും തള്ളിലും കലാശിക്കുയായിരുന്നുവെന്ന് ജമ്മു കശ്മീര്‍ പൊലീസ് ചീഫ് ദില്‍ബാംഗ് സിംഗ് പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുടെ ഓഫീസ് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ‘മാതാ വൈഷ്‌ണോ ദേവി ഭവനില്‍ തിക്കിലും തിരക്കിലും പെട്ട് ജീവന്‍ നഷ്ടപ്പെട്ടതില്‍ അങ്ങേയറ്റം ദു:ഖിക്കുന്നു,’ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായം പ്രഖ്യാപിച്ചു. സ്ഥിതിഗതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിരീക്ഷിക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു.

ചിത്രം കടപ്പാട്: എ.എന്‍.ഐ

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: 12-dead-14-injured-in-stampede-at-mata-vaishno-devi-bhawan-in-j-k-cops