| Friday, 11th September 2015, 1:57 pm

മുംബൈ ട്രെയിന്‍ സ്‌ഫോടന പരമ്പര: 12 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: 2006ലെ മുംബൈ ട്രെയിന്‍ സ്‌ഫോടന പരമ്പരക്കേസില്‍ 12 പ്രതികള്‍കുറ്റക്കാരാണെന്ന് മുംബൈയിലെ പ്രത്യേക മകോക കോടതി. ആകെയുള്ള 13 പ്രതികളില്‍ ഒരാളെ മാത്രമാണ് കോടതി കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വിട്ടയച്ചത്.

കമാല്‍ അന്‍സാരി, ആസിഫ് ഖാന്‍, മുഹമ്മദ് ഫൈസല്‍ അതാഉര്‍ഹ്മാന്‍ ശൈഖ്, ഖുത്ബുദ്ദീന്‍ സിദ്ദീഖി, നവീദ് ഹുസൈന്‍ ഖാന്‍, തന്‍വീര്‍ അന്‍സാരി, മുഹമ്മദ്മാജിദ് ഷാഫി, ശൈഖ്മുഹമ്മദ് അലി ആലം ശൈഖ്, മുഹമ്മദ് അന്‍സാരി, മുസമ്മില്‍ഡ ശൈഖ്, സുഹൈല്‍ ശൈഖ്,  സമീര്‍ ശൈഖ് എന്നീ പ്രതികളെയാണ് കുറ്റക്കാരെന്ന് സ്‌പെഷ്യല്‍ ജഡ്ജി വൈ.ഡി ഷിന്‍ഡെ വിധിച്ചത്.

കേസില്‍ പ്രതികളെന്ന് സംശയിക്കുന്ന  പതിനഞ്ചുപേരെ ഇനിയും പിടികൂടാനുണ്ട്.

പ്രതികള്‍ക്കുള്ള ശിക്ഷ സെപ്റ്റംബര്‍ 14ന് കോടതി വിധിക്കും. ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ കോടതി വിധി പറയുന്നത്. പ്രതികളായ 12 പേരും നിരോധിത സംഘടനയായ സിമി പ്രവര്‍ത്തകരാണെന്നും ഇവര്‍ പാക് ഭീകര സംഘടനയായ ലഷ്‌കറെ ത്വയ്ബയുടെ സഹായത്തോടെയാണ് സ്‌ഫോടനം നടത്തിയതെന്നുമാണ് എ.ടി.എസ് കോടതിയെ അറിയിച്ചിരുന്നത്.

കേസില്‍ 192 പ്രതികളെയാണ് കോടതിയില്‍ വിസ്തരിച്ചത്. നേരത്തെ 2008ല്‍ നിര്‍ത്തിവെച്ച കേസിലെ വിചാരണ 2010ല്‍ പുനരാരംഭിച്ച് 2014 ആഗസ്റ്റിലാണ് പൂര്‍ത്തിയാക്കിയിരുന്നത്.

2006 ജൂലൈ 11 ന് മുംബൈയിലെ വെസ്റ്റേണ്‍ ലൈനിലെ ട്രെയിനുകളില്‍ സ്‌ഫോടനം നടത്തിയെന്നാണ് കേസ്. ഏഴു സ്‌ഫോടനങ്ങളിലായി 188 പേര്‍ കൊല്ലപ്പെടുകയും 829 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more