മുംബൈ: മഹാരാഷ്ട്രയില്‍ 12 ബി.ജെ.പി. എം.എല്‍.എമാരെ ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. നിയമസഭ സ്പീക്കര്‍ ഭാസ്‌കര്‍ ജാദവിനെ കയ്യേറ്റം ചെയ്യുകയും അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് എം.എല്‍.എമാര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.
ഒ.ബി.സി സംവരണവുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചയില്‍ തങ്ങള്‍ക്ക് വേണ്ടതിലധികം സമയം നല്‍കിയില്ലെന്നാരോപിച്ചാണ് ബി.ജെ.പി. എം.എല്‍.എമാര്‍ നിയമസഭയില്‍ ബഹളമുണ്ടാക്കിയത്. ഇതിനുപിന്നാലെയാണ് സ്പീക്കറെ കയ്യേറ്റം ചെയ്യുന്ന നിലയില്‍ സ്ഥിതി ഗുരുതരമായത്.
പ്രതിപക്ഷ എം.എല്‍.എമാര്‍ തന്റെ ഇരിപ്പിടത്തിനടുത്തേക്ക് വന്നുവെന്നും തനിക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്നും സ്പീക്കര്‍ ഭാസ്‌കര്‍ ജാദവ് മാധ്യമങ്ങളെ അറിയിച്ചു.
ബി.ജെ.പി. നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസിന് മുന്നില്‍ വെച്ചാണ് എം.എല്‍.എമാര്‍ ഇത്തരം പരാമര്‍ശം നടത്തുകയും തന്നെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തതെന്നും സ്പീക്കര്‍ പറഞ്ഞു.
അതേസമയം, എം.എല്‍.എമാര്‍ക്കെതിരെ ഉയരുന്നത് തെറ്റായ ആരോപണങ്ങളാണെന്നാണ് ബി.ജെ.പി. നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് പ്രതികരിച്ചത്.
വാസ്തവവിരുദ്ധമായ കാര്യങ്ങളാണ് പ്രചരിക്കുന്നതെന്നും ബി.ജെ.പിയില്‍ നിന്ന് ആരും പ്രശ്നങ്ങളുണ്ടാക്കിയിട്ടില്ലെന്നും ഫഡ്‌നാവിസ് കൂട്ടിച്ചേര്‍ത്തു. മഹാരാഷ്ട്രയില്‍ രണ്ട് ദിവസത്തേക്കുള്ള സഭാസമ്മേളനം ഇന്നാണ് ആരംഭിച്ചത്.
താക്കറെ ഭരണകൂടം താലിബാന് സമാനമായാണ് പ്രവര്‍ത്തിക്കുന്നതെന്നും പ്രതിപക്ഷത്തെ ബഹുമാനിക്കുന്നില്ലെന്ന ആരോപണവുമായി മറ്റ് ബി.ജെ.പി. എം.എല്‍.എമാരും രംഗത്തെത്തിയിരുന്നു.