ന്യൂദല്‍ഹി: അവിശ്വാസ പ്രമേയം നല്‍കിയതിന് ശേഷം ഇരു സഭകളിലും ബില്ലുകള്‍ പാസാക്കുന്നതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം. സര്‍ക്കാരിനെതിരെ ജൂലൈ 26ന് അവിശ്വാസ പ്രമേയത്തിനുള്ള അനുമതി ലഭിച്ചതിന് ശേഷം ഇതുവരെ 12 ബില്ലുകളാണ് പാസാക്കിയത്. ഓഗസ്റ്റ് 8-10 തീയ്യതികളില്‍ ലോക്‌സഭ അവിശ്വാസ പ്രമേയം പരിഗണിക്കാന്‍ നില്‍ക്കവേയാണ് ബില്ലുകള്‍ പാസാക്കുന്നത്.
അവിശ്വാസ പ്രമേയം അംഗീകരിച്ചതിന് ശേഷം സഭ നടത്തുന്ന ഏത് നിയമനിര്‍മാണ പ്രവര്‍ത്തനവും ഔചിത്യ ലംഘനമാണെന്ന് ആര്‍.എസ്.പി എം.പി എന്‍.കെ. പ്രേമചന്ദ്രന്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
‘അവിശ്വാസ പ്രമേയത്തിന് സ്പീക്കര്‍ അവധി നല്‍കിയാല്‍ നയപരമായ കാര്യങ്ങളുമായി മുന്നോട്ട് പോകരുതെന്ന് പ്രാക്ടീസ് ആന്‍ഡ് പ്രൊസീജര്‍ ഓഫ് പാര്‍ലമെന്റില്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്,’ അദ്ദേഹം പറഞ്ഞു.
അവിശ്വാസ പ്രമേയം അവതരിപ്പിച്ചതിന് ശേഷം ബില്ലുകള്‍ പാസാക്കുന്നതില്‍ നിന്ന് സഭയെ തടയാന്‍ ചട്ടമൊന്നുമില്ലെങ്കിലും പാര്‍ലമെന്ററി യോഗങ്ങള്‍ക്ക് വിരുദ്ധമാണെന്ന് മുന്‍ ലോക്‌സഭ സെക്രട്ടറി ജനറല്‍ പി.ഡി.പി ആചാരി പറഞ്ഞു.
വനം ഭേദഗതി ബില്‍, ജന്‍ വിശ്വാസ് ബില്‍, മൈന്‍സ് ആന്‍ഡ് മിനറല്‍ ബില്‍, ബയോളജിക്കല്‍ ഡൈവേഴ്സിറ്റി ബില്‍, മള്‍ട്ടി-സ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റീസ് ബില്‍ തുടങ്ങി തര്‍ക്കവിഷയമായ ബില്ലുകള്‍ ചര്‍ച്ച ചെയ്യാതെ തന്നെ പാസാക്കുകയാണെന്നും പ്രതിപക്ഷ അംഗങ്ങള്‍ പറഞ്ഞു.
അവിശ്വാസ പ്രമേയങ്ങള്‍ അംഗീകരിച്ച് ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ ചര്‍ച്ചയ്ക്ക് എടുക്കാറുണ്ടെന്നാണ് ലോക്‌സഭയിലെ രേഖകളില്‍ കാണിക്കുന്നതെന്ന് ലെജിസ്ലേറ്റീവ് ആന്‍ഡ് സിവിക് എന്‍ഗേജ്മെന്റ് മേധാവി ചക്ഷു റോയും അഭിപ്രായപ്പെട്ടു.
അതേസമയം പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധത്തിനിടെ, 2018ലും 1972ലും അന്നത്തെ സര്‍ക്കാരുകള്‍ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നിട്ടും ബില്ലുകള്‍ പാസാക്കിയ സംഭവങ്ങള്‍ ബി.ജെ.പി അംഗങ്ങള്‍ ആരോപിക്കുന്നുണ്ട്. എന്നാല്‍ സര്‍ക്കാരും പ്രതിപക്ഷവും സമവായത്തിലെത്തിയ ശേഷമാണ് ആ ബില്ലുകള്‍ പാസാക്കിയതെന്ന് പ്രേമചന്ദ്രന്‍ എം.പിയും വ്യക്തമാക്കി.
ഇത്തരം നിയമനിര്‍മാണങ്ങളെ ഭരണഘടനാപരമായി സംശയിക്കുന്നുവെന്നാണ് കോണ്‍ഗ്രസ് എം.പി മനീഷ് തിവാരിയുടെ അഭിപ്രായം.
അതേസമയം ജൂലൈ 26 മുതല്‍ പാസാക്കിയ ബില്ലുകള്‍ക്കെതിരെ കോടതിയെ സമീപിക്കാന്‍ പ്രതിപക്ഷ എം.പിമാര്‍ ആലോചിക്കുകയാണെന്നുള്ള റിപ്പോര്‍ട്ടുകളുമുണ്ട്. എന്നാല്‍ സഭയ്ക്ക് സ്വന്തം കാര്യങ്ങള്‍ നിയന്ത്രിക്കാനുള്ള പ്രത്യേകാവകാശമുണ്ടെന്നും കോടതിക്ക് ഇടപെടാനാകില്ലെന്നും ആചാരി സൂചിപ്പിച്ചു.
അവിശ്വാസ പ്രമേയം അംഗീകരിക്കുമ്പോള്‍ കാര്യമായ ഒരു നയവും ചര്‍ച്ച ചെയ്യാന്‍ കഴിയില്ലെന്ന് പാര്‍ലമെന്റിന്റെ റൂള്‍ ബുക്കില്‍ വ്യക്തമായി പറയുന്നുണ്ടെന്ന് കോണ്‍ഗ്രസ് ലോക്സഭാ എം.പി ഗൗരവ് ഗൊഗോയും ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
content highlights: 12 bills passed in Houses before no-confidence motion; Opposition in protest