കല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ 12 സിനിമ-ടെലിവിഷന്‍ താരങ്ങള്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷ്, മുതിര്‍ന്ന നേതാവ് മുകുള്‍ റോയ് എന്നിവരുടെ സാനിധ്യത്തിലാണ് താരങ്ങള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്.
നടി പര്‍ണോ മിത്ര, ഋഷി കൗശിക്, കാഞ്ചന മൊയിത്ര, രൂപാഞ്ജന മിത്ര തുടങ്ങി 12പേരാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തില്‍ ആകൃഷ്ടരായാണ് താരങ്ങള്‍ ബി.ജെ.പിയില്‍ ചേര്‍ന്നതെന്ന് ദിലീപ് ഘോഷ് പറഞ്ഞു.
സിനിമ-സീരിയല്‍ താരങ്ങളെ പാര്‍ട്ടി അംഗങ്ങളാക്കി തെരഞ്ഞെടുപ്പില്‍ വലിയ നേട്ടം കൊയ്യുന്ന രീതി ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസാണ് കൊണ്ടുവന്നത്. ഇതേ പാതയിലാണ് ബി.ജെ.പിയും ഇപ്പോള്‍ നീങ്ങുന്നത്.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ വലിയൊരു താരനിരയെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് മത്സരത്തിനിറങ്ങിയത്. നുസ്രത് ജഹാന്‍, മിമി ചക്രബര്‍ത്തി, ശദാബ്ദി റോയി, ദീപക് അധികാര്‍ തുടങ്ങിയവരയായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രധാന താര സ്ഥാനാര്‍ത്ഥികള്‍.
വലിയ ഭൂരിപക്ഷത്തില്‍ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നുസ്രത്തും മിമിയും ജീന്‍സ് ധരിച്ച് പാര്‍ലമെന്റിലെത്തിയ സംഭവം വിവാദമായിരുന്നു. പാന്റും ഷര്‍ട്ടും ധരിച്ചായിരുന്നു ഇരുവരും 17ാം ലോക്സഭയിലേക്ക് എത്തിയത്.
സാധാരണ വനിതാ എം.പിമാര്‍ സല്‍വാര്‍ കമ്മീസോ സാരിയോ ധരിച്ചാണ് ലോക്സഭയിലേക്ക് എത്താറ്. എന്നാല്‍, ഇഷ്ടവസ്ത്രം ധരിച്ചെത്തിയ വനിതാ എം.പിമാരെ നിരവധി പേര്‍ അഭിനന്ദിച്ചിരുന്നു.