| Saturday, 20th April 2024, 8:29 am

മദര്‍തെരേസെയുടെ പേരിലുള്ള സ്‌കൂള്‍ തീവ്രഹിന്ദുത്വ സംഘടന പ്രവര്‍ത്തകര്‍ തകര്‍ത്ത സംഭവം; 12 പ്രതികള്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: തെലങ്കാനയില്‍ മദര്‍തെരേസയുടെ പേരിലുള്ള സ്‌കൂള്‍ തീവ്രഹിന്ദുത്വ സംഘടന പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ 12 പ്രതികള്‍ അറസ്റ്റില്‍. അറസ്റ്റ് ചെയ്തതിന് പിന്നാലെ പ്രതികളെ ഉടന്‍ വിട്ടയച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അറസ്റ്റ് ചെയ്യപ്പെട്ട പ്രതികള്‍ക്കെതിരെ ഗൗരവകരമായ വകുപ്പുകള്‍ ചുമത്തപ്പെട്ടിട്ടില്ലെന്നാണ് വിലയിരുത്തല്‍. സമ്മര്‍ദത്തെ തുടര്‍ന്നാണ് മുഖ്യമന്ത്രി രേവന്ത റെഡ്ഡി അറസ്റ്റിനുള്ള നടപടികള്‍ സ്വീകരിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ ദിവസം സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്തത്.

കാവി വസ്ത്രം ധരിച്ച് സ്‌കൂളിലേക്ക് വന്ന വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ അധികൃതര്‍ എതിര്‍ത്തു എന്ന് കാണിച്ചാണ് രക്ഷിതാക്കള്‍ പരാതി നല്‍കിയത്.

രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സെക്ഷന്‍ 153(എ) പ്രകാരം ഒരു മതത്തിന്റെയോ വംശത്തിന്റെയോ പേരില്‍ വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുക, സെക്ഷന്‍ 295(എ) പ്രകാരം മതവികാരം വ്രണപ്പെടുത്തല്‍ എന്നിവ ഉള്‍പ്പെടുത്തി കൊണ്ടാണ് സ്‌കൂള്‍ അധികൃതര്‍ക്കെതിരെ ദണ്ടേപള്ളി പൊലീസ് കേസെടുത്തത്.

യൂണിഫോമിന് പകരം കാവി വസ്ത്രം ധരിച്ചുവന്ന വിദ്യാര്‍ത്ഥികളോട് സ്‌കൂള്‍ അധികൃതര്‍ വിശദീകരണം തേടിയിരുന്നു. ഇതിന്റെ പേരിലുണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം തീവ്രഹിന്ദുത്വ സംഘടനയായ ഹനുമാന്‍ സ്വാമീസിന്റെ പ്രവര്‍ത്തകര്‍ സ്‌കൂള്‍ അടിച്ചു തകര്‍ക്കുകയും സ്‌കൂളിന് മുമ്പിലുള്ള മദര്‍തെരേസയുടെ രൂപം എറിഞ്ഞുടക്കുകയും ചെയ്തത്.

ആക്രമണത്തില്‍ സ്‌കൂള്‍ അധികൃതരെ കൊണ്ട് ജയ്ശ്രീറാം വിളിപ്പിക്കുകയും മലയാളിയായ വൈദികന് ഉള്‍പ്പടെ മര്‍ദനമേല്‍ക്കുകയും ചെയ്തിരുന്നു. മൂന്നുദിവസം മുമ്പാണ് സ്‌കൂള്‍ യൂണിഫോമിന് പകരം കാവിവസ്ത്രം ധരിച്ചുകൊണ്ട് വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലെത്തിയത്.

ഇത് ശ്രദ്ധയില്‍പ്പെട്ട സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രക്ഷിതാക്കളെ കൊണ്ടുവരാന്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെടുകയായിരുന്നുവെന്നാണ് ബ്ലെസ്ഡ് മദര്‍ തെരേസ ഹൈസ്‌കൂള്‍ മാനേജ്മെന്റ് ബുധനാഴ്ച പി.ടി.ഐയോട് പറഞ്ഞത്. പിന്നാലെയാണ് ഹനുമാൻ സ്വാമീസ് പ്രവര്‍ത്തകരുടെ ആക്രമണം.

Content Highlight: 12 accused arrested in case of attack on school named after Mother Teresa

We use cookies to give you the best possible experience. Learn more