| Sunday, 9th June 2019, 9:26 am

മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപം; ഇതുവരെ കേസെടുത്തത് 119 പേര്‍ക്കെതിരെ: പ്രതികളില്‍ 41 സര്‍ക്കാര്‍ ജീവനക്കാരും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും മറ്റു ജനപ്രതിനിധികളെയും സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിന് ഇതുവരെ 41 സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തെന്ന് റിപ്പോര്‍ട്ട്. ജനുവരിവരെ നടപടിക്ക് വിധേയരായ 41 പേരില്‍ 12 പേര്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്യുകയും 29 പേര്‍ക്കെതിരെ വകുപ്പുതല നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ചതിനു മാത്രം 119 പേര്‍ക്കെതിരെയാണു കേസ്. ഇതില്‍ 12 പേര്‍ സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഒരാള്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരനുമാണ്. ശബരിമല പ്രശ്‌നത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അപകീര്‍ത്തികരമായ സമൂഹമാധ്യമ പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചതിനു 38 കേസുകളിലായി 56 പ്രതികളാണുള്ളത്. ഇതില്‍ 26 പേര്‍ അറസ്റ്റിലായിട്ടുണ്ട്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെയുള്ള സമൂഹമാധ്യമ അധിക്ഷേപങ്ങളില്‍ 3 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ചെന്നിത്തലയ്‌ക്കെതിരെ പോസ്റ്റിട്ടതിനു ഇതുവരെ 11 പരാതികളാണ് ലഭിച്ചത്.

മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും പുറമേ മന്ത്രിമാരായ കെ.ടി ജലീല്‍, കെ.കെ.ഷൈലജ, സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍, എം.എല്‍.എമാരായ എന്‍.വിജയന്‍പിള്ള, എം.കെ മുനീര്‍, രാജു ഏബ്രഹാം, പി.സി ജോര്‍ജ്, എസ്.രാജേന്ദ്രന്‍, അനൂപ് ജേക്കബ്, ആന്റണി ജോണ്‍, വി.ഡി.സതീശന്‍, കെ.വി.അബ്ദുല്‍ഖാദര്‍, വി.അബ്ദുറഹ്മാന്‍, പി.വി.അന്‍വര്‍, കെ.എം.ഷാജി, കെ.ആന്‍സലന്‍, ബി.സത്യന്‍, വി.ജോയി തുടങ്ങിയവരാണു സമൂഹമാധ്യമങ്ങളിലെ അധിക്ഷേപത്തിനെതിരെ പരാതി നല്‍കിയത്.

കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കിയിരുന്നില്ല. വളരെ വൈകിയാണ് ഉത്തരം വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തത്. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്കെതിരെ ഇപ്രകാരം എത്ര പേര്‍ക്കെതിരെ നടപടിയെടുത്തുവെന്ന ചോദ്യത്തിന് ‘വിവരം ശേഖരിച്ചു നല്‍കാം’ എന്നു മാത്രമാണു മറുപടി.

Latest Stories

We use cookies to give you the best possible experience. Learn more