ന്യൂദല്‍ഹി: രാജ്യത്ത് പശുവിന്റെ പേരില്‍ ദളിതര്‍ക്കും മുസ്‌ലീങ്ങള്‍ക്കുമെതിരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ക്കെതിരെ പ്രധാനമന്ത്രിക്ക് 114 സായുധ സേനാംഗങ്ങളുടെ കത്ത്.
“ഭരണഘടന ഉറപ്പുവരുത്തുന്ന സ്വാതന്ത്ര്യത്തിന്റെയും മതേതരത്തിന്റെ മൂല്യങ്ങള്‍ക്കുവേണ്ടി ഞങ്ങള്‍ നിലകൊണ്ടില്ലെങ്കില്‍ അത് രാജ്യവിരുദ്ധതയാവുമെന്നു പറഞ്ഞുകൊണ്ടാണ് സൈനികരുടെ കത്ത്. എതിരഭിപ്രായം രാജ്യദ്രോഹമല്ലെന്നും കത്തില്‍ സൈനികര്‍ പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിലെത്തിയശേഷം പശുവിന്റെ പേരില്‍ വലതുപക്ഷ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 20 ലേറെ ആളുകളാണ്. ഈ സാഹചര്യത്തിലാണ് സൈനികര്‍ കത്തുമായി രംഗത്തുവന്നിരിക്കുന്നത്.
കത്തിന്റെ പൂര്‍ണരൂപം:
രാജ്യത്തിന്റെ സുരക്ഷയ്ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ഇന്ത്യന്‍ സായുധ സേനയിലെ ഒരു സംഘമാളുകളാണ് ഞങ്ങള്‍. ഞങ്ങളുടെ ഈ സംഘത്തിന് ഏതെങ്കിലും ഒരു രാഷ്ട്രീയപാര്‍ട്ടിയുമായി ബന്ധമില്ല. ഇന്ത്യന്‍ ഭരണഘടനയോടു മാത്രമാണ് ഞങ്ങള്‍ക്ക് പൊതുവായി പ്രതിജ്ഞാബദ്ധതയുള്ളത്.
ഇങ്ങനെയൊരു എഴുത്ത് എഴുതേണ്ടി വന്നതില്‍ വേദനയുണ്ട്. എന്നാല്‍ ഇന്നത്തെ സാഹചര്യം രാജ്യത്തെ പിടിമുറുക്കിക്കൊണ്ടിരിക്കുന്ന ഭിന്നതയോടുള്ള എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ ഞങ്ങളെ നിര്‍ബന്ധിതരാക്കുകയാണ്. നിലവിലെ ഭീതിതമായ, വിദേഷത്തിന്റെയും സംശയത്തിന്റെയും അന്തരീക്ഷത്തിനെതിരെ “നോട്ട് ഇന്‍ മൈ നെയിം” എന്ന പേരില്‍ രാജ്യത്തെ ആയിരക്കണക്കിന് പൗരന്മാര്‍ നടത്തിയ പ്രതിഷേധത്തിനൊപ്പം ഞങ്ങളും നിലകൊള്ളുന്നു.
“നാനാത്വത്തില്‍ ഏകത്വത്തിനുവേണ്ടി” യാണ് സായുധ സേന നിലകൊള്ളുന്നത്. മതത്തിന്റെയും ഭാഷയുടെ, ജാതിയുടെ, സംസ്‌കാരത്തിന്റെ പേരിലുള്ള വ്യത്യാസങ്ങള്‍ സായുധസേനയുടെ ഐക്യത്തെ ബാധിക്കാറില്ല. എല്ലാതരം പശ്ചാത്തലങ്ങളില്‍ നിന്നും വരുന്ന സൈനികര്‍ തോളോട് തോള്‍ ചേര്‍ന്ന് രാജ്യത്തിന്റെ സുരക്ഷയ്ക്കായി പ്രവര്‍ത്തിക്കുന്നു. സത്യസവന്ധവും നീതിയുക്തവും തുറന്നതുമാണ് ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍. ഞങ്ങള്‍ ഒരു കുടുംബമാണ്. ഇന്ത്യയുടെ ബഹുസ്വരതയാണ് ഞങ്ങളുടെ പാരമ്പര്യം. ഈ ബഹുസ്വരതയെ ഞങ്ങള്‍ പരിപോഷിപ്പിക്കുന്നു.
“എന്നാല്‍ ഇന്ന് നമ്മുടെ രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ സായുധസേനയെയും നമ്മുടെ ഭരണഘടനയെയും തകര്‍ക്കുന്നതാണ്. ഹിന്ദുയിസത്തിന്റെ സ്വയം പ്രഖ്യാപിത സംരക്ഷകര്‍ സംരക്ഷത്തിന്റെ പേരില്‍ സമൂത്തില്‍ നടത്തുന്ന അതിക്രമങ്ങള്‍ നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. മുസ്‌ലീങ്ങളെയും ദളിതരെയും വേട്ടയാടുന്നത് ഞങ്ങള്‍ അപലപിക്കുന്നു. മാധ്യമ സ്ഥാപനങ്ങളെ ആക്രമിച്ചുകൊണ്ട് അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്നതിനെ ഞങ്ങള്‍ അപലപിക്കുന്നു. പൗരസമൂഹങ്ങളെയും, യൂണിവേഴ്‌സിറ്റികളെയും മാധ്യമങ്ങളെയും പണ്ഡിതരെയും ദേശവിരുദ്ധരായി ബ്രാന്റ് ചെയ്ത് അവര്‍ക്കെതിരെ ആക്രമണവഴിച്ചുവിടുന്നതിനെയും ഞങ്ങള്‍ അപലപിക്കുന്നു.
അധികകാലം ഇതു വെച്ചുപൊറുപ്പിക്കാനാവില്ല. ഭരണഘടന ഉറപ്പുനല്‍കുന്ന മതേതര മൂല്യങ്ങള്‍ക്കും സ്വാതന്ത്ര്യങ്ങള്‍ക്കും വേണ്ടി ഞങ്ങള്‍ നിലകൊണ്ടില്ലെങ്കില്‍ അത് രാജ്യത്തോടു ചെയ്യുന്ന ദ്രോഹമായിരിക്കും. നമ്മുടെ നാനാത്വമാണ് നമ്മുടെ ശക്തി. അഭിപ്രായ വ്യത്യാസം രാജ്യദ്രോഹമല്ല. മറിച്ച് അത് ജനാധിപത്യത്തിന്റെ ശക്തിയാണ്.
ഞങ്ങളുടെ ആശങ്കകള്‍ കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും അധികാര സ്ഥാനത്തിരിക്കുന്നവര്‍ പരിഗണിക്കുമെന്നും ഭരണഘടനയെ സംരക്ഷിക്കാനായി എത്രയും പെട്ടെന്ന് ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുമെന്നും പ്രതീക്ഷിക്കുന്നു.