രാജ്യത്തെ ബാങ്കുകളില്‍ അവകാശികള്‍ ഇല്ലാത്ത പണം പെരുകി വരുന്നുവെന്ന് റിപ്പോര്‍ട്ട്. 2017 ഓഗസ്റ്റ് 13 ന് പുറത്ത് വന്ന റിപ്പോര്‍ട്ട് അനുസരിച്ച് ബാങ്കുകളിലെ അവകാശികളില്ലാത്ത പണത്തിന്റ കാര്യത്തില്‍ രാജ്യത്ത് ഒന്നാം സ്ഥാനം തിരുവല്ലയ്ക്കാണ്. റിസര്‍വ്വ് ബാങ്ക് പുറത്ത് വിട്ട പട്ടികയില്‍ 461 കോടി രൂപയാണ് തിരുവല്ലയിലെ വിവിധ ബാങ്കുകളില്‍ അനാഥമായി കിടക്കുന്നത്.
കോടികള്‍ നിക്ഷേപിച്ച ശേഷം മരണപ്പെട്ടവരുടെയും, അവകാശികളെ അറിയിച്ചിട്ടും പണം പിന്‍വലിക്കാന്‍ വരാത്തവരുടെയും പണം ഈ ഗണത്തില്‍ ഉള്‍പ്പെടുന്നുണ്ട്. ഇത്തരത്തില്‍ രാജ്യത്തെ വിവിധ ബാങ്കുകളില്‍ കിടക്കുന്ന രൂപയുടെ മൂല്യം ആര്‍.ബി.ഐ പുറത്തു വിട്ടപ്പോഴാണ് തിരുവല്ല ഒന്നാം സ്ഥാനത്ത് എത്തിയത്. 150 കോടി രൂപയുമായി ഗോവയിലെ പനാജി രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ മൂന്നാം സ്ഥാനത്ത് കോട്ടയവും നാലാംസ്ഥാനത്ത് ചിറ്റൂരുമാണ്.
കോട്ടയത്ത് 111 കോടിയും ചിറ്റൂരില്‍ 98 കോടി രൂപക്കും അവകാശികളില്ല. ആദ്യം പത്ത് സ്ഥാനങ്ങളില്‍ കേരളത്തിലെ മറ്റുസ്ഥലങ്ങളായ കൊയിലാണ്ടിയും തൃശ്ശൂരും ഉണ്ട്. 77 കോടി രൂപയാണ് കൊയിലാണ്ടിയില്‍ നിന്ന് അവകാശികളില്ലാത്ത പണമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
കേരളത്തിന്റെ യൂറോപ്പ് എന്ന് അറിയപ്പെടുന്ന തിരുവല്ലയിലാണ് ഏറ്റവും കൂടുതല്‍ പ്രവാസികള്‍ താമസിക്കുന്നത്. അവകാശികളില്ലാത്ത നിക്ഷേപത്തില്‍ 95 ശതമാനവും എന്‍.ആര്‍.ഐ നിക്ഷേപമാണ്. ഇന്ത്യയില്‍ ഏറ്റവുമധികം ബാങ്കുകളും ബ്രാഞ്ചുകള്‍ ഉള്ള സ്ഥലമാണ് തിരുവല്ല താലൂക്ക്. ഇന്റര്‍നാഷണല്‍ ബാങ്ക് മുതല്‍ ചെറുതും വലുതുമായ അന്‍പതിലധികം ബാങ്കുകളും 500 ബ്രാഞ്ചുകളും ആണ് തിരുവല്ല താലൂക്കില്‍ നിലകൊള്ളുന്നത്. ഇന്ത്യയിലെ മറ്റൊരു സ്ഥലത്തും ഇത്രയും ബാങ്ക് ബ്രാഞ്ചുകള്‍ ഇല്ല.
എന്നാല്‍ ഇത് സ്വാഭാവികമാണെന്നാണ് ബാങ്ക് എംപ്ലോയിമെന്റ് ഫെഡറേഷന്‍ ഓഫ് ഇന്ത്യാ മുന്‍ പ്രസിണ്ടന്റ് രമേശ് പറഞ്ഞത് ബിനാമി അക്കൗണ്ടുകള്‍ ഇതിന് ഒരു പരിധിവരെ കാരണമായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ എന്‍.ആര്‍.ഐ ബ്രാഞ്ചുകള്‍ ഉള്ളതിനാലും ബാങ്ക് ഹാബിറ്റ് കൂടുതലുള്ളവര്‍ അധികമുള്ളതുകൊണ്ടുമായിരിക്കാം തിരുവല്ലയില്‍ ഇത്രയധികം തുക വന്നതെന്ന് ഐ.സി.ഐ.സി ബാങ്കിന്റെ റീജ്യനല്‍ മാനേജറും തിരുവല്ല സ്വദേശിയുമായ വിജി അഭിപ്രായപ്പെട്ടത്. “അവകാശികളില്ലാത്ത തുക ബാങ്കുകള്‍ക്ക് സൗജന്യമല്ല, സേവിംഗ് ബാങ്ക് അക്കൗണ്ട് നിരക്കിലുള്ള പലിശ ഈ നിക്ഷേപത്തിന് ലഭിക്കും, അവകാശികള്‍ എത്തിയാല്‍ ഈ തുക മടക്കി നല്‍കാന്‍ ബാങ്കുകള്‍ക്ക് ബാധ്യതയുണ്ട്” – വിജി പറഞ്ഞു.
നിക്ഷേപകരെ കാത്ത് ബാങ്കുകളില്‍ കെട്ടിക്കിടക്കുന്നത് 11,302 കോടി രൂപയാണ്. 64 ബാങ്കുകളിലായ മൂന്നു കോടി അക്കൗണ്ടിലാണ് അവകാശികളില്ലാതെ ഇത്രയും തുക കിടക്കുന്നതെന്നാണ് റിസര്‍വ് ബാങ്ക് പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. ഏറ്റവും അധികം തുക എസ്.ബി.ഐയുടെ പക്കലാണ് 1262 കോടി രൂപ. 1250 കോടി രൂപയുമായി പഞ്ചാബ് നാഷണല്‍ ബാങ്കാണ് രണ്ടാം സ്ഥാനത്തുള്ളത്.
മറ്റ് പൊതുമേഖലാ ബാങ്കുകളുടെ കൈവശം ഉള്ളത് 7040 കോടിയും. രാജ്യത്തെ മൊത്തം ബാങ്കുകളിലെ ആകെ നിക്ഷേപം ഏതാണ്ട് 100 ലക്ഷം കോടി രൂപയാണ്. ഈ അക്കൗണ്ടുകളെല്ലാം പല ബാങ്കുകളില്‍ നിക്ഷേപം ഉള്ളവരുടെയോ, മരിച്ചുപോയ അക്കൗണ്ട് ഉടമകളുടെയോ ആകാം എന്നാണ് കരുതുന്നത്. 10 വര്‍ഷമായി പ്രവര്‍ത്തിപ്പിക്കാതെ കിടക്കുന്ന അക്കൗണ്ടുകളെക്കുറിച്ച് എല്ലാ വര്‍ഷാവസാനവും ബാങ്കുകള്‍ ആര്‍.ബി.ഐ ക്ക് റിപ്പോര്‍ട്ട് നല്‍കണമെന്ന നിര്‍ദേശമുണ്ട്. എന്നാല്‍, ഈ കാലാവധിക്കു ശേഷവും അക്കൗണ്ട് പ്രവര്‍ത്തിപ്പിക്കുന്നതിന് ഉടമയ്ക്ക് യാതൊരു തടസ്സവും ഉണ്ടാവില്ല.
ബാങ്കിങ് നിയമപ്രകാരം രൂപീകരിച്ച ഡിപ്പോസിറ്റര്‍ എജ്യുക്കേഷന്‍ ആന്‍ഡ് അവെയര്‍നസ് ഫണ്ടിലാണ് അവകാശികള്‍ ഇല്ലാത്ത തുക നിക്ഷേപിച്ചിരിക്കുന്നത്. സ്വകാര്യ ബാങ്കുകളില്‍ ആക്‌സിസ്, ഡി.സി.ബി, എച്ച.്ഡി.എഫ്.സി, ഐ.സി.ഐസി.ഐ, ഇന്‍ഡസ് ഇന്‍ഡ്, കോട്ടക്ക് മഹീന്ദ്ര, യേസ് ബാങ്ക് എന്നിവയുടെ പക്കല്‍ 824 കോടി രൂപയുണ്ട്. മറ്റ് 12 സ്വകാര്യ ബാങ്കുകളുടെ കൈവശം 592 കോടിയും. ഇവയില്‍ 476 കോടി രൂപ ഐ.സി.ഐസി.ഐ ബാങ്കിലും, 151 കോടി കോട്ടക്ക് മഹീന്ദ്ര ബാങ്കിലുമുണ്ട്.
ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന വിദേശ ബാങ്കുകളുടെ കൈവശം അവകാശികളില്ലാത്ത 332 കോടി രൂപയുണ്ട്. 2012 മുതല്‍ 2016 വരെ ഇത്തരത്തിലുള്ള തുക ഇരട്ടിയായി വര്‍ധിച്ചതായാണ് കണക്ക്. അക്കൗണ്ടുകളുടെ എണ്ണം 1.32 കോടിയില്‍ നിന്ന് 2.63 കോടിയിലെത്തി.
ഓരോ കലണ്ടര്‍ വര്‍ഷം അവസാനിക്കുമ്പോഴും ബാങ്കുകള്‍ കഴിഞ്ഞ പത്ത് വര്‍ഷങ്ങളായി ഓപ്പറേറ്റ് ചെയ്യാതെ കിടക്കുന്ന അക്കൗണ്ടുകളുടെ റിട്ടേണുകള്‍ ആര്‍ബിഐക്ക് സമര്‍പ്പിക്കണമെന്നാണ് ബാങ്കിങ് റെഗുലേഷന്‍ ആക്ട്, 1949ലെ സെക്ഷന്‍ 26 നിഷ്‌കര്‍ഷിക്കുന്നത്. എന്നാല്‍ എക്‌സ്പയറി കാലമായ 10 വര്‍ഷങ്ങള്‍ക്ക് ശേഷവും ഡിപ്പോസിറ്റര്‍ക്കോ അവകാശികള്‍ക്കോ ഈ അക്കൗണ്ടുകളിലെ പണത്തിന് അവകാശവാദവുമായി മുന്നോട്ട് വരുന്നതിനെ തടയരുതെന്നും സെക്ഷന്‍ 26 എ പറയുന്നു.അത്തരം വേളകളില്‍ നിയമാനുസൃതമായി അവകാശവാദം ഉന്നയിച്ച് തെളിയിക്കുന്നവര്‍ക്ക് ആ പണം തിരികെ കൊടുക്കാന്‍ ബാങ്കുകള്‍ ബാധ്യസ്ഥമാണ്.