| Monday, 12th January 2015, 11:38 am

അടിസ്ഥാന സൗകര്യ വികസന പദ്ധതിക്ക് ലഭിച്ച 1125 കോടി രൂപയില്‍ ഒരു രൂപ പോലും ചിലവഴിച്ചില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: അടിസ്ഥാന സൗകര്യ വികസന പദ്ധതിക്ക് ലഭിച്ച 1125 കോടിരൂപയില്‍ നിന്ന് ഒരു രൂപ പോലും ചിലവഴിച്ചില്ല. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ട് മാസവും 19 ദിവസവും മാത്രമാണ് ഇനി ബാക്കിയുള്ളത്.

സര്‍ക്കാര്‍ ഏറെ കൊട്ടിയാഘോഷിച്ച വന്‍കിട അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്ക് വാര്‍ഷിക പദ്ധതിയിലായിരുന്നു 1125 കോടി രൂപ വകയിരുത്തിയിരുന്നത്. കൊച്ചി മെട്രോക്ക് തുടക്കമെന്ന നിലയില്‍ നല്‍കിയ 100 കോടി കൂടി ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.

കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നടപ്പ് വാര്‍ഷിക പദ്ധതി പ്രവര്‍ത്തനങ്ങളെ തകിടംമറിച്ചത്. 20,000 കോടിയെന്ന റെക്കോഡ് വാര്‍ഷിക പദ്ധതി പ്രഖ്യാപിച്ചെങ്കിലും ജനുവരി 11 വരെ ചിലവ് വെറും 7547.03 കോടി മാത്രമാണ്. രണ്ടര മാസം മാത്രം അവശേഷിക്കെ പദ്ധതി പൂര്‍ത്തിയാകാന്‍ ഇനി 12,452.97 കോടി രൂപകൂടി വേണം.

ഇക്കൊല്ലത്തെ പദ്ധതിയില്‍ ഏറ്റവും പ്രയാസം നേരിടുന്നത് തദ്ദേശസ്ഥാപനങ്ങളാണ്. 4700 കോടിയാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്കായി നീക്കിവെച്ചത്. എന്നാല്‍, 1412.51 കോടി രൂപ മാത്രമാണ് ഇതുവരെ ചിലവഴിച്ചത്, അതായത് 30.05 ശതമാനം. ഇനിയും 3278.49 കോടി രൂപകൂടി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കണം.

കടമെടുക്കാനുള്ള പരിധിയില്‍ ഇനി പണം നാമമാത്രമേയുള്ളൂവെന്നതിനാല്‍ ഇത്രയും ഭാരിച്ച തുക കണ്ടത്തെുക പ്രയാസമായിരിക്കും. 1500 കോടി രൂപയുടെ കടപത്രം കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചിരുന്നു. ഈ പണം 14ാം തീയതിയോടെ ലഭിക്കും. ജനുവരിയിലെ പ്രതിസന്ധി ഒഴിവാക്കാന്‍ ഇത് സഹായകമാകും. ജനുവരി 11ലെ കണക്കുപ്രകാരം സംസ്ഥാനത്ത് പദ്ധതി പണം ഏറ്റവും കൂടുതല്‍ വിനിയോഗിച്ചത് സാമൂഹികക്ഷേമ വകുപ്പാണ്. 132.30 ശതമാനമാണ് വിനിയോഗം.

പൊതുമരാമത്ത് വകുപ്പ് 103.19 ശതമാനവും ഗതാഗത വകുപ്പ് 97.46 ശതമാനവും ചെലവഴിച്ച് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചു. സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ പദ്ധതിവിനിയോഗം നിര്‍വഹിച്ചിരിക്കുന്നത് മന്ത്രി കെ.എം. മാണി കൈകാര്യം ചെയ്യുന്ന ഭവനനിര്‍മാണ വകുപ്പാണ്. വെറും 1.02 ശതമാനം മാത്രമാണ് ഈ വകുപ്പ് ചിലവഴിച്ചിരിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more