ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കാന്‍ ഒരുങ്ങുന്ന തമിഴ്‌നാട്ടിലെ 111 കര്‍ഷകരോട് മത്സരത്തില്‍ നിന്നും പിന്‍മാറണമെന്നാവശ്യപ്പെട്ട് ബി.ജെ.പി.
മോദിക്കെതിരെ മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്‍മാറണമെന്നും കര്‍ഷകരുടെ ആവശ്യങ്ങള്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്താമെന്നുമാണ് ബി.ജെ.പി നേതാക്കളുടെ വാഗ്ദാനം.
കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണനും ബി.ജെ.പിയിലെ ചില മുതിര്‍ന്ന നേതാക്കളുമാണ് തങ്ങളെ സമീപിച്ചതെന്ന് കര്‍ഷക നേതാവ് പി. അയ്യക്കണ്ണ് പറഞ്ഞു.
മോദിക്കെതിരെ നോമിനേഷന്‍ നല്‍കാനും തെരഞ്ഞെടുപ്പ് പ്രചരണം നടത്താനും കര്‍ഷകര്‍ ഒരങ്ങുന്നതിനിടെയാണ് മത്സരത്തില്‍ നിന്ന് പിന്‍മാറണമെന്ന ആവശ്യവുമായി ബി.ജെ.പി നേതൃത്വം കര്‍ഷകരെ സമീപിച്ചത്.
“” അവര്‍ ഞങ്ങളെ വന്ന് കണ്ടിരുന്നു. പക്ഷേ ഞങ്ങളുടെ തീരുമാനത്തില്‍ മാറ്റമില്ല. നൂറ് കണക്കിന് അഗോരിമാരുടെ പിന്തുണ ഞങ്ങള്‍ക്കുണ്ട്. നഗ്നരായി പ്രതിഷേധിച്ച കര്‍ഷകര്‍ക്ക് വേണ്ടിയാണ് ഞങ്ങളുടെ കാമ്പയിന്‍.
ഞങ്ങള്‍ യഥാര്‍ത്ഥത്തില്‍ മോദിക്കോ മറ്റേതെങ്കിലും രാഷ്ട്രീയക്കാര്‍ക്കോ എതിരല്ല. അവരോട് സ്വകാര്യമായ ഒരു പകയും ഞങ്ങള്‍ക്കില്ല. ഞങ്ങളുടെ ഡിമാന്റ് കര്‍ഷകരുടേതാണ്. സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നയങ്ങള്‍ക്കെതിരാണ്.
ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ ദല്‍ഹിയില്‍ വെച്ച് തങ്ങളെ കാണാന്‍ തയ്യാറാണെന്നും അവരുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഞങ്ങളുടെ എല്ലാ ആവശ്യവും ഉള്‍പ്പെടുത്താന്‍ തയ്യാറാണെന്നുമാണ് പറയുന്നത്.
കര്‍ഷകവായ്പ എഴുതിത്തള്ളുക, കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് മതിയായ വില നല്‍കുക, കര്‍ഷകര്‍ക്ക് പ്രതിമാസം 5000 രൂപ പെന്‍ഷന്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിക്കുകയും ബി.ജെ.പി പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്താല്‍ വാരണാസിയില്‍നിന്ന് മത്സരിക്കുന്ന കാര്യത്തില്‍ പുനരാലോചന നടത്തുമെന്നും അയ്യാക്കണ്ണ് കൂട്ടിച്ചേര്‍ത്തു.