ന്യൂദല്‍ഹി: കഴിഞ്ഞ വര്‍ഷം രാജ്യത്ത് 822 വര്‍ഗീയ കലാപങ്ങള്‍ നടന്നതായി കേന്ദ്ര സര്‍ക്കാര്‍. 2017ല്‍ രാജ്യത്ത് നടന്ന 822 വര്‍ഗീയാക്രമണങ്ങളിലായി 111 പേരാണ് കൊല്ലപ്പെട്ടത്.
കേന്ദ്ര ആഭ്യന്തരകാര്യ സഹമന്ത്രി ഹന്‍സരാജ് ഗംഗാറാം അഹിറാണ് 2017ല്‍ നടന്ന വര്‍ഗീയാക്രമണങ്ങളുടെയും അതില്‍ കൊല്ലപ്പെട്ടവരുടെയും കണക്കുകള്‍ പുറത്തുവിട്ടത്. രാജ്യസഭയിലാണ് മന്ത്രി കണക്കുകള്‍ അവതരിപ്പിച്ചത്.
2016 ല്‍ 703 വര്‍ഗീയാക്രമണങ്ങള്‍ നടക്കുകയും 86 പേര്‍ കൊല്ലപ്പെടുകയും ചെയ്തു. 2015ല്‍ ഇത്തരം 751 ആക്രമണങ്ങള്‍ നടന്നു. 97 പേര്‍ക്കാണ് ആ വര്‍ഷം ജീവന്‍ നഷ്ടപ്പെട്ടത്.
ക്രമസമാധാനം നിലനിര്‍ത്തുന്നത് സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും കടമയാണെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. സാമുദായിക ഐക്യവും സമാധാനവും നിലനിര്‍ത്തേണ്ടത് പ്രാഥമികമായി സംസ്ഥാനങ്ങളിലുള്ള സര്‍ക്കാരുകളുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം അറിയിച്ചു.
രാജ്യത്ത് ക്രമസമാധാനം നിലനിര്‍ത്തുന്നതിനുള്ള എല്ലാ സഹായങ്ങളും സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ജാഗ്രതാ നിര്‍ദേശങ്ങള്‍, ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍, ആവശ്യമായ മറ്റു ഉപദേശങ്ങള്‍ തുടങ്ങിയവ കൃത്യസമയങ്ങളില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കാറുണ്ടെന്നും മന്ത്രി വ്യക്തമാക്കി.