നൈജീരിയയില്‍ കര്‍ഷക കൂട്ടക്കൊല; കൊല്ലപ്പെട്ടവരുടെ എണ്ണം 110 ആയി; സ്ത്രീകളെ അക്രമി സംഘം തട്ടികൊണ്ടു പോയി
World News
നൈജീരിയയില്‍ കര്‍ഷക കൂട്ടക്കൊല; കൊല്ലപ്പെട്ടവരുടെ എണ്ണം 110 ആയി; സ്ത്രീകളെ അക്രമി സംഘം തട്ടികൊണ്ടു പോയി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 30th November 2020, 9:43 am

നൈജീരിയ: നൈജീരിയയില്‍ കര്‍ഷകര്‍ക്കു നേരെ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 110 ആയി. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് പാടത്ത് വിളവെടുപ്പ് നടത്തികൊണ്ടിരിക്കുന്ന കര്‍ഷകര്‍ക്ക് നേരെ മോട്ടോര്‍ സൈക്കിളില്‍ ആയുധവുമായെത്തിയ ഒരു സംഘം അക്രമികള്‍ വെടിയുതിര്‍ത്തത്. മൈഡുഗുരിക്കടുത്തുള്ള ഗ്രാമങ്ങളിലാണ് ആക്രമണം നടന്നത്.

പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും നേരെ അക്രമി സംഘം വെടിയുതിര്‍ത്തു. നിരവധി സ്ത്രീകളെ തട്ടികൊണ്ടു പോയതായും റിപ്പോര്‍ട്ടുകളുണ്ട്.

ബൊക്കോ ഹറാം ഗ്രൂപ്പുകളും അവരുടെ ഘടകമായ ഇസ്‌ലാമിക് സ്റ്റേറ്റ് ഇന്‍ വെസ്റ്റ് ആഫ്രിക്ക പ്രൊവിന്‍സുമാണ് അക്രമത്തിന് നേതൃത്വം നല്‍കിയതെന്ന സംശയങ്ങള്‍ ഉയരുന്നുണ്ട്.

നേരത്തെ ഇവരുടെ നേതൃത്വത്തില്‍ നൈജീരിയയില്‍ നിരവധി ആക്രമണങ്ങള്‍ നടന്നിരുന്നു. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇതുവരെ ആരും രംഗത്തെത്തിയിട്ടില്ല.

ആക്രമണത്തെ നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദു ബുഹാരി അപലപിച്ചു. എന്നാല്‍ കര്‍ഷകര്‍ക്കു നേരെ നടന്ന കൂട്ട ആക്രമണം രാജ്യത്തെ ആഭ്യന്തര സുരക്ഷാ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ ബുഹാരിക്കുമേല്‍ വലിയ സമ്മര്‍ദ്ദമാണ് ഉണ്ടാക്കിയത്.

സംഘര്‍ഷത്തിന് പിന്നാലെ നൈജീരിയയിലെ കര്‍ഷകര്‍ക്ക് സുരക്ഷ ഒരുക്കാന്‍ കൂടുതല്‍ സിവിലിയന്‍ ജോയിന്റ് ടാസ്‌ക് ഫോഴ്‌സുകളെ നിയമിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

കര്‍ഷകരുടെ കൂട്ടക്കൊല നൈജീരിയയില്‍ വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. വീട്ടിലിരുന്നാല്‍ പട്ടിണികൊണ്ട് മരിക്കുമെന്നും പുറത്തിറങ്ങിയാല്‍ വെടിയേറ്റ് മരിക്കുമെന്ന സ്ഥിതിയാണുള്ളതെന്നും കര്‍ഷകര്‍ പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight:  110 civilians killed in ‘gruesome’ Nigeria massacre