ഗസ: 120ലധികം മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ട ഗസയിൽ ധൈര്യപൂർവമുള്ള റിപ്പോർട്ടിങ്ങിലൂടെ ശ്രദ്ധേയായാകുകയാണ് ഗസയിലെ ഏറ്റവും പ്രായം കുറഞ്ഞ റിപ്പോർട്ടർ, 11കാരിയായ സുമയ്യ വുഷാഹ്.
അൽ ജസീറ പുറത്തുവിട്ട, പ്രസ് വെസ്റ്റും ഹെൽമെറ്റും ധരിച്ച് വാർത്ത അറിയിക്കുവാനായി നിൽക്കുന്ന സുമയ്യയുടെ ഫോട്ടോ വലിയ രീതിയിൽ ചർച്ചയായിരുന്നു.
എന്തെങ്കിലും സംഭവിക്കുമോ എന്ന് ഭയമുണ്ടോ എന്ന ചോദ്യത്തിന് ഞാൻ എല്ലാ വിശ്വാസവും ദൈവത്തിൽ അർപ്പിച്ചുകൊണ്ടാണ് പുറത്തിറങ്ങുന്നത് എന്നായിരുന്നു സുമയ്യയുടെ മറുപടി.
മാധ്യമപ്രവർത്തകരെ ഇസ്രഈൽ ലക്ഷ്യമിടുന്നു എന്നതിനാൽ മാതാപിതാക്കൾ തന്റെ ആഗ്രഹത്തിന് ആദ്യം എതിര് നിന്നെന്നും പിന്നീട് താൻ ജേർണലിസത്തിൽ തന്നെ പ്രവർത്തിക്കാൻ ദൃഢനിശ്ചയമെടുത്തെന്ന് കണ്ടപ്പോൾ അവർ സമ്മതിച്ചുവെന്നും സുമയ്യ അൽ ജസീറയോട് പറഞ്ഞു.
‘ഞാൻ പുറത്തേക്ക് പോകുമ്പോൾ എന്റെ മാതാപിതാക്കളോട് പറയും, പോകുകയാണെന്നും ദൈവത്തിൽ വിശ്വാസമർപ്പിക്കുന്നു എന്നും. പോകുന്ന വഴിക്കോ മടങ്ങിവരുമ്പോഴോ ഷൂട്ട് ചെയ്തുകൊണ്ടിരിക്കുമ്പോഴോ ഞാൻ ആക്രമിക്കപ്പെടുമോ എന്ന് എനിക്കറിയില്ല,’ സുമയ്യ പറയുന്നു.
ഇസ്രഈലി വെടിവെപ്പിൽ ജെനിനിൽ 2022ൽ കൊല്ലപ്പെട്ട അൽ ജസീറയുടെ മാധ്യമപ്രവർത്തക ഷിറീൻ അബു അഖ്ലെയെ പോലെയാകണമെന്നാണ് തന്റെ ആഗ്രഹമെന്നും സുമയ്യ പറയുന്നുണ്ട്.
‘യുദ്ധത്തിന് മുമ്പ് തന്നെ ഞാൻ ഒരു മാധ്യമപ്രവർത്തകയാകാനും ലോകത്തിന് മുമ്പിൽ സ്വയം തെളിയിക്കുവാനും ആഗ്രഹിച്ചിരുന്നു. എന്റെ റോൾ മോഡൽ ഷിറീൻ അബു അഖ്ലെയാണ്. അവർക്ക് മേൽ ദൈവത്തിന്റെ കാരുണ്യമുണ്ടാകട്ടെ. എനിക്കും അവരെപ്പോലെ ലോകത്തിന് മുമ്പിൽ സ്വയം തെളിയിക്കണം,’ സുമയ്യ പറഞ്ഞു.
സ്വന്തം ജനത അനുഭവിക്കുന്ന വംശഹത്യയെ കുറിച്ച് ഒരു 11കാരി റിപ്പോർട്ട് ചെയ്യുന്നത് ധീരവും ദൃഢനിശ്ചയത്തോടെയുള്ളതുമാകുമ്പോൾ തന്നെ ദുഖകരവുമാണെന്ന് സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയായി.
യുദ്ധം അവസാനിക്കണമെന്നും ഗസയിലെ കുട്ടികൾക്ക് ലോകം മാനുഷിക പിന്തുണ നൽകണമെന്നുമാണ് തന്റെ ആവശ്യമെന്ന് സുമയ്യ പറഞ്ഞു.