| Sunday, 31st July 2022, 3:52 pm

ക്രിക്കറ്റില്‍ ബാറ്ററെ പുറത്താക്കാനുള്ള 11 വഴികള്‍ ഇതാണ്...

ആദര്‍ശ് എം.കെ.

ക്രിക്കറ്റില്‍ ഒരു മത്സരത്തിന്റെ ഫലം തീരുമാനിക്കുന്നതില്‍ പ്രധാനമാണ് ഡിസിമിസലുകള്‍, മത്സരത്തില്‍ ഏറ്റവുമധികം ആവേശം നിറയ്ക്കുന്നതും ഇത്തരം പുറത്താവലുകള്‍ തന്നെയാണ്.

ആക്രോബാക്ടിക് ക്യാച്ചുകളും ഡയറക്ട് ഹിറ്റ് റണ്‍ ഔട്ടുകളും മുതല്‍ പലരീതിയിലും ഒരു ബാറ്ററെ പുറത്താക്കാന്‍ എതിര്‍ ടീമിന് സാധിക്കും. മോസ്റ്റ് കോമണ്‍ ആയ ക്യാച്ചും ബൗള്‍ഡും മുതല്‍ അത്ര കണ്ട് സാധാരണമല്ലാത്ത ഒബ്‌സ്ട്രക്ടിങ് ദി ഫീല്‍ഡര്‍ വരെ പല തരത്തില്‍ ഒരു ബാറ്ററെ പുറത്താക്കാന്‍ ബൗളര്‍ക്കും ചിലപ്പോള്‍ അമ്പയറിനും സാധിക്കും.

ക്രിക്കറ്റില്‍ 11 തരത്തിലാണ് ഒരു ബാറ്ററെ പുറത്താക്കാന്‍ സാധിക്കുക. ക്രിക്കറ്റ് കാണുകയും ക്രിക്കറ്റ് ആസ്വദിക്കുകയും ചെയ്യുന്ന പലര്‍ക്കും ഈ 11 തരത്തിലുള്ള ഔട്ടുകളെ കുറിച്ച് വലിയ ധാരണയുണ്ടാകില്ല. അവര്‍ക്ക് വേണ്ടിയാണ് ഈ ലേഖനം

1. ബൗള്‍ഡ് – Bowled

ഏറ്റവും സാധാരണമായ പുറത്താവല്‍ രീതികളില്‍ ഒന്നാണ് ബൗള്‍ഡ്. ഡെലിവറിക്ക് ശേഷം ബാറ്റര്‍ക്ക് ബോള്‍ മിസ്സാവുകയോ, ബാറ്റിലോ സ്വന്തം ശരീരത്തിലോ തട്ടിയ ശേഷം ഡിഫ്‌ളക്ട് ചെയ്യുകയോ ചെയ്ത് വിക്കറ്റില്‍ തട്ടുകയും ബെയ്ല്‍സ് വീഴുകയും ചെയ്താല്‍ ബാറ്റര്‍ ബൗള്‍ഡായതായി കണക്കാക്കും.

വിക്കറ്റില്‍ തട്ടിയാല്‍ മാത്രം പോരാ, ബെയ്ല്‍സ് വീഴുകയും ചെയ്താലേ ബാറ്റര്‍ ഔട്ടാവുകയുള്ളൂ. ബോള്‍ വിക്കറ്റില്‍ തട്ടുകയും എന്നാല്‍ ബെയ്ല്‍സ് വീഴാതിരിക്കുകയും ചെയ്ത നിരവധി സംഭവങ്ങള്‍ ക്രിക്കറ്റിലുണ്ടായിട്ടുണ്ട്.

2. ക്യാച്ച് ഔട്ട് – Caught Out

ഒരു ലീഗല്‍ ഡെലിവറി ബാറ്ററുടെ ബാറ്റില്‍ തട്ടി നിലത്ത് മുട്ടുന്നതിന് മുമ്പ് ഫീല്‍ഡര്‍ പിടിക്കുന്നതാണ് ക്യാച്ച് ഔട്ട്.

3 ലെഗ് ബിഫോര്‍ വിക്കറ്റ് (എല്‍.ബി.ഡബ്ല്യു) Leg Before Wicket / LBW

പേര് സൂചിപ്പിക്കുന്നത് തന്നെയാണ് ഈ പുറത്താവല്‍ രീതി. ഒരു ബാറ്റര്‍ ഡെലിവറി മിസ് ചെയ്യുകയും വിക്കറ്റിന്റെ ലൈനില്‍ ബാറ്ററുടെ കാലില്‍ തട്ടുകയും ചെയ്താലാണ് അമ്പയര്‍ എല്‍.ബി.ഡബ്ല്യു നല്‍കുന്നത്. ബാറ്റില്‍ തട്ടുകയോ എന്തിന് ചെറുതായി ഒന്ന് ഉരസുകയോ ചെയ്താല്‍ പോലും എല്‍.ബി.ഡബ്ല്യു വിധിക്കാനാവില്ല. ഇതിനെല്ലാം പുറമെ ബൗളറും ഫീല്‍ഡറും അപ്പീല്‍ ചെയ്യുകയും വേണം.

4. റണ്‍ ഔട്ട് – Run Out

റണ്‍സിനായി ഓടുമ്പോള്‍ ബാറ്ററുടെ ബാറ്റോ ശരീരമോ ക്രീസിലെത്തുന്നതിന് മുമ്പ് തന്നെ ഫീല്‍ഡറുടെ ത്രോ വിക്കറ്റില്‍ കൊള്ളുകയോ എതിര്‍ ടീമിലെ താരങ്ങളില്‍ ആരെങ്കിലും തന്നെ പിടിച്ച് വിക്കറ്റെടുക്കുകയോ ചെയ്യുന്നതാണ് റണ്‍ ഔട്ട്. ബോള്‍ വിക്കറ്റില്‍ കൊള്ളുമ്പോള്‍ ക്രീസില്‍ പ്രവേശിക്കുകയും എന്നാല്‍ ഗ്രൗണ്ടഡ് ആവാതിരിക്കുകയും ചെയ്യകയാണെങ്കിലും റണ്‍ ഔട്ടായി കണക്കാക്കും.

5. സ്റ്റംപ്ഡ് – Stumped

ഷോട്ട് കളിക്കുന്നതിനിടെ ബാറ്റര്‍ ക്രീസ് വിട്ട് പുറത്തിറങ്ങുകയോ ബാറ്റോ കാലോ ഗ്രൗണ്ടഡ് അല്ലാതിരിക്കുകയോ ചെയ്യുമ്പോള്‍ വിക്കറ്റ് കീപ്പര്‍ ബോളുപയോഗിച്ച് വിക്കറ്റ് വീഴ്ത്തുന്നതിനെയാണ് സ്റ്റംപ്ഡ് എന്നുപറയുന്നത്.

ക്രിക്കറ്റില്‍ സാധാരണയായി കണ്ടുവരുന്ന പുറത്താവല്‍ രീതികളാണിത്. മറ്റുപല രീതിയിലും ഒരു ബാറ്ററെ പുറത്താക്കാന്‍ സാധിക്കും. ക്രിക്കറ്റില്‍ സാധാരണമല്ലെങ്കില്‍ കൂടിയും ക്രിക്കറ്റിന്റെ നിയമത്തിന്റെ ഭാഗം തന്നെയാണിത്. അത്തരത്തിലുള്ള പുറത്താവല്‍ കൂടി പരിശോധിക്കാം.

6. ഹിറ്റ് വിക്കറ്റ് – Hit Wicket

ഒരു ബാറ്റര്‍ ഡെലിവറിക്ക് ശേഷം തന്റെ ബാറ്റുകൊണ്ടോ ശരീരം കൊണ്ടോ അതുമല്ല മറ്റെന്തെങ്കിലും കൊണ്ടോ (ഗ്ലൗസ്…) വിക്കറ്റില്‍ തട്ടുകയും ബെയ്ല്‍സ് വീഴുകയും ചെയ്താല്‍ അതിനെയാണ്ഹിറ്റ് വിക്കറ്റ് എന്നുവിളിക്കുന്നത്.

7. ഹാന്‍ഡില്‍ഡ് ദി ബോള്‍ – Handled The Ball

ഡെലിവറിക്ക് ശേഷം ബാറ്റര്‍ മനപൂര്‍വം കൈകള്‍ കൊണ്ട് ബോള്‍ വിക്കറ്റില്‍ തട്ടുന്നത് തടയുകയാണെങ്കില്‍ ഹാന്‍ഡില്‍ഡ് ദി ബോള്‍ പ്രകാരം ആ ബാറ്ററെ പുറത്താക്കാം.

8. ഒബ്‌സ്ട്രക്ടിങ് ദി ഫീല്‍ഡ് – Obstructing The Field

ഒരു ബാറ്റര്‍ ഫീല്‍ഡറെ ക്യാച്ചെടുക്കുന്നതിലോ ഫീല്‍ഡ് ചെയ്യുന്നതിനിടയിലോ മനപൂര്‍വം തടയുകയാണെങ്കില്‍ ഒബ്‌സ്ട്രക്ടിങ് ദി ഫീല്‍ഡ് എന്ന നിയമം അനുസരിച്ച ബാറ്ററെ പുറത്താക്കാം. റണ്ണൗട്ടിന് ശ്രമിക്കുമ്പോള്‍ ഫീല്‍ഡറുടെ ത്രോ തടയുമ്പോഴും ഒബ്‌സ്ട്രക്ടിങ് ദി ഫീല്‍ഡര്‍ നിയമപ്രകാരം ബാറ്ററെ പുറത്താക്കാന്‍ സാധിക്കും.

9. ടൈംഡ് ഔട്ട് – Timed Out

ഒരു ബാറ്റര്‍ പുറത്തായതിന് ശേഷം അടുത്ത ബാറ്റര്‍ കൃത്യം മൂന്ന് മിനിട്ടിനുള്ളില്‍ ഗാര്‍ഡ് സ്വീകരിക്കുകയും ആദ്യ ബോള്‍ ഫേസ് ചെയ്യുകയും വേണം. (ടി-20യില്‍ 90 സെക്കന്റ്) അല്ലാത്ത പക്ഷം ബാറ്ററെ പുറത്താക്കാന്‍ അമ്പയറിന് അധികാരമുണ്ട്.

10. ഹിറ്റിങ് ദി ബോള്‍ ട്വെെസ് – Hitting The Ball Twice

ഡെലിവറിക്ക് ശേഷം ഒരു ബാറ്റര്‍ മനപൂര്‍വം രണ്ടാമതും പന്ത് അടിക്കുകയാണെങ്കില്‍ അയാളെ പുറത്താക്കാനുള്ള അധികാരം അമ്പയര്‍ക്കുണ്ട്.

11. റിട്ടയര്‍ഡ് ഔട്ട് – Retired Out

എന്തെങ്കിലും കാരണത്താല്‍ ബാറ്റര്‍ ബാറ്റിങ് നിര്‍ത്തി പുറത്തുപോവുന്ന രീതിയാണിത്. 2001 ല്‍ മര്‍വന്‍ അട്ടപ്പട്ടവും ജയവര്‍ധനയും ഇത്തരത്തില്‍ ഔട്ടായിട്ടുണ്ട്.

Content Highlight: 11 ways to get out a batter in cricket

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more