| Wednesday, 7th July 2021, 4:16 pm

കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന: 11 മന്ത്രിമാര്‍ പുറത്ത്, ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷ വര്‍ധന്‍ രാജിവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനക്ക് മുമ്പായി 11 കേന്ദ്രമന്ത്രിമാര്‍ രാജിവെച്ചു. ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ധന്‍, തൊഴില്‍ മന്ത്രി സന്തോഷ് ഗാങ് വാര്‍ എന്നിവര്‍ അടക്കമുള്ളവരാണ് രാജിവെച്ചത്.

രണ്ടാം മോദി സര്‍ക്കാറിന്റെ മന്ത്രിസഭ പുനഃസംഘടനാ പ്രഖ്യാപനം ഇന്ന് വൈകീട്ട് ആറ് മണിയോടെയുണ്ടാകും. 87 അംഗ പുതിയ മന്ത്രിസഭയാണ് വരുന്നത്. 20 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയാകും പുതിയ മന്ത്രിസഭ. ഇതിന് മുന്നോടിയായി ദല്‍ഹിയില്‍ തിരക്കിട്ട കൂടിക്കാഴ്ചകള്‍ നടക്കുകയാണ്.

ജ്യോതിരാദിത്യ സിന്ധ്യ, അസം മുന്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍, മുതിര്‍ന്ന ബി.ജെ.പി. നേതാവ് നാരായണ്‍ റാണെ, ബംഗാള്‍ എം.പിമാരായ ശാന്തനു ടാക്കൂര്‍, നിസിത് പ്രമാണിക്, ജെ.ഡി.യു. നേതാവ് ആര്‍.സി.പി. സിങ്, ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍മോദി, വരുണ്‍ ഗാന്ധി, എല്‍.ജെ.പിയുടെ പശുപതി പരസ് തുടങ്ങിയവരാണ് മന്ത്രിസഭയിലെ പുതുമുഖങ്ങളാകാന്‍ സാധ്യതയുള്ളത്.

മന്ത്രിസഭയിലെ സ്ത്രീകളുടെ എണ്ണം പതിനൊന്നായിരിക്കും. പുതിയ മന്ത്രിസഭയിലെ ശരാശരി പ്രായം 58 വയസ്സായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിലെ മന്ത്രിസഭാംഗങ്ങളുടെ ശരാശരി പ്രായം 61 വയസ്സായിരുന്നു.

ബ്രാഹ്മണ ക്ഷത്രിയ, ഭൂമിഹാര്‍, ബനിയ, കയാസ്ത്, ലിംഗായത്ത് തുടങ്ങിയ സമുദായങ്ങളില്‍ നിന്ന് 29 മന്ത്രിമാരുണ്ടാകുമെന്നും പുതിയ സര്‍ക്കാരില്‍ 50 വയസിന് താഴെയുള്ള 14 മന്ത്രിമാരുണ്ടാകുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മുസ്‌ലിം, സിഖ്, ക്രിസ്ത്യന്‍, രണ്ട് ബുദ്ധ മതക്കാര്‍ ഉള്‍പ്പെടെ ന്യൂനപക്ഷത്തില്‍ നിന്ന് അഞ്ച് മന്ത്രിമാരുണ്ടാകും. ഇതില്‍ മൂന്ന് പേര്‍ക്ക് ക്യാബിനറ്റ് റാങ്കുകള്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്.

മന്ത്രിയാകാന്‍ സാധ്യതയുള്ള നേതാക്കളെ ഇന്നലെ തന്നെ ദല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. ഇവര്‍ കല്യാണ്‍ മാര്‍ഗിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ പ്രധാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: 11 Union ministers resign ahead of cabinet reshuffle

We use cookies to give you the best possible experience. Learn more