ആലപ്പുഴ: വെള്ളക്കിണറില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ രഞ്ജിത്തിന്റെ കൊലപാതകത്തില്‍ 11 എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. ആലപ്പുഴ നഗരത്തില്‍ നിന്നുതന്നെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
ആംബുലന്‍സിലെത്തിയ പ്രതികള്‍ രഞ്ജിത്തിന്റെ വീട്ടിലെത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം. സംഭവത്തിന് ഉപയോഗിച്ചെന്ന് കരുതുന്ന ആംബുലന്‍സ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ആംബുലന്‍സില്‍ നിന്നാണ് നാല് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ പിടികൂടിയത്. എന്നാല്‍ ഇവരാണ് കേസിലെ പ്രതികളെന്ന സ്ഥിരീകരണം പൊലീസ് നല്‍കുന്നില്ല.
ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലാണ് നിലവില്‍ കസ്റ്റഡിയിലെടുത്ത എസ്.ഡി.പി.ഐ പ്രവര്‍ത്തകരുള്ളത്. ഇവരെ ചോദ്യം ചെയ്യുന്നതോടെ കേസിലെ നിര്‍ണായക വിവരം ലഭിക്കുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.
അതേസമയം, ആലപ്പുഴയില്‍ നടന്ന രണ്ട് കൊലപാതകങ്ങളേയും ശക്തമായി അപലപിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. കുറ്റവാളികളെയും പിന്നില്‍ പ്രവര്‍ത്തിച്ചവരെയും പിടികൂടാന്‍ പൊലീസിന്റെ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
സങ്കുചിതവും മനുഷ്യത്വഹീനവുമായ ഇത്തരം അക്രമ പ്രവര്‍ത്തനങ്ങള്‍ നാടിന് വിപത്കരമാണ്. കൊലയാളി സംഘങ്ങളെയും അവരുടെ വിദ്വേഷ സമീപനങ്ങളെയും തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താന്‍ എല്ലാ ജനങ്ങളും തയാറാകും എന്നുറപ്പുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പി നേതാവ് രഞ്ജിത്ത് ശ്രീനിവാസ് ആണ് ഇന്ന് പുലര്‍ച്ചെ കൊല്ലപ്പെട്ടിരുന്നത്. ആലപ്പുഴ മണ്ണഞ്ചേരിയില്‍ എസ്.ഡി.പി.ഐ നേതാവ് കെ.എസ്. ഷാനെ അഞ്ചംഗ സംഘം ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തി മണിക്കൂറുകള്‍ക്കമാണ് ജില്ലയില്‍ നിന്ന് വീണ്ടും രാഷ്ട്രീയകൊലപാതകം നടന്നത്.
മണിക്കൂറുകളുടെ വ്യത്യാസത്തില്‍ പതിനഞ്ച് കിലോമീറ്റര്‍ ദൂരപരിധിയിലാണ് രണ്ട് കൊലപാതകങ്ങളും നടന്നത്. കൊല്ലപ്പെട്ടതില്‍ രണ്ടുപേരും അതാതു സംഘടനകളുടെ സംസ്ഥാനതല ഭാരവാഹികളായിരുന്നു. കൊലപാതകങ്ങളെ തുടര്‍ന്ന് ആലപ്പുഴയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി.
ബി.ജെ.പി നേതാവ് രഞ്ജിത്ത് ശ്രീനിവാസ് കഴിഞ്ഞദിവസം പുലര്‍ച്ചെയാണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ പ്രഭാതസവാരിക്കിറങ്ങാന്‍ തയ്യാറെടുക്കുന്നതിനിടെ വാതിലില്‍ മുട്ടിയ അക്രമികള്‍ വാതില്‍ തുറന്നയുടന്‍ വെട്ടിക്കൊല്ലുകയായിരുന്നു.
ടീപോയി അടക്കമുള്ള സാധനങ്ങള്‍ തല്ലപൊട്ടിക്കുന്ന ശബ്ദം കേട്ട് ഹാളിലേക്കെത്തിയ രഞ്ജിത്തിന്റെ ഭാര്യയുടേയും അമ്മയുടേയും മകളുടേയും മുന്നിലിട്ടാണ് വെട്ടിയത്.
വെട്ടേറ്റ രഞ്ജിത്തിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നില്‍ എസ്.ഡി.പി.ഐ ആണെന്ന് ബി.ജെ.പി ആരോപിച്ചു.
കഴിഞ്ഞ ദിവസം രാത്രി എസ്.ഡി.പി.ഐയുടെ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ വെട്ടിക്കൊലപ്പെടുത്തിയത്. ശനിയാഴ്ച രാത്രി ഏഴരയോടെ മണ്ണഞ്ചേരി-പൊന്നാട് റോഡില്‍ കുപ്പേഴം ജംഗ്ഷനിലായിരുന്നു ഷാനിന് വെട്ടേറ്റത്.
വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോകുകയായിരുന്ന ഷാന്റെ പിന്നില്‍ കാര്‍ ഇടിപ്പിക്കുകയും റോഡില്‍ വീണ ഇദ്ദേഹത്തെ കാറില്‍ നിന്നിറങ്ങിയ നാലോളം പേര്‍ വെട്ടുകയുമായിരുന്നു. സംഭവത്തിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്നായിരുന്നു എസ്.ഡി.പി.ഐയുടെ ആരോപണം.