| Wednesday, 27th June 2018, 10:17 am

കാസര്‍കോട് കാണാതായ 11 പേര്‍ ഐ.എസ്.ഐ.എസില്‍ ചേര്‍ന്നതായി അഭ്യൂഹങ്ങള്‍: യെമനിലെത്തിയതായി അറിയിക്കുന്ന ശബ്ദരേഖ പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസര്‍കോട്: കാസര്‍കോട് നിന്നും കാണാതായ 11 പേര്‍ ഐ.എസ്.ഐ.എസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടതായി അഭ്യൂഹങ്ങള്‍. ചെമ്മനാട് നിന്നും അണങ്കൂറില്‍ നിന്നും കാണാതായ രണ്ടു കുടുംബങ്ങളില്‍ നിന്നുള്ള 11 പേര്‍ യമനില്‍ എത്തിയതായാണ് ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.

ഇവരെ കാണാതായെന്നു സൂചിപ്പിച്ച് ബന്ധു നല്‍കിയ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇവരില്‍ കുട്ടികളുമുള്‍പ്പെടുന്നു. കാണാതായവര്‍ ദുബായില്‍ എത്തിയതായി നേരത്തെ ബന്ധുക്കള്‍ക്കു വിവരം ലഭിച്ചിരുന്നു.

11 പേരില്‍ ഒരാളായ സബാദ് ജോലിചെയ്യുന്നത് ദുബായിലാണ്. സബാദിന്റെ അടുത്തേക്കാണ് മറ്റുള്ളവരും പോയതെന്നാണ് ബന്ധുവിന്റെ പരാതിയില്‍ പറയുന്നത്. എന്നാല്‍, ഇവരെല്ലാവരും യെമനില്‍ എത്തിയതായി സൂചിപ്പിക്കുന്ന ശബ്ദരേഖ ബന്ധുക്കള്‍ക്കു ലഭിച്ചതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.


Also Read: സി.പി.ഐ.എം കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയാല്‍ ഇടതുമുന്നണി വിടും: ഫോര്‍വേര്‍ഡ് ബ്ലോക്ക്


സബാദ്, ചെമ്മാട് സ്വദേശിയായ ഭാര്യ നാസിറ, മക്കളായ മുസാബ്, മര്‍ജാന, മുഖബില്‍, സബാദിന്റെ രണ്ടാം ഭാര്യ റൈഹാനത്ത് എന്നിവരും, അണങ്കൂര്‍ സ്വദേശി അന്‍സാര്‍, ഇയാളുടെ ഭാര്യ, മൂന്നു മക്കള്‍ എന്നിവരെയാണ് കാണാതായതായി പരാതി ലഭിച്ചിട്ടുള്ളത്.

വിഷയത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും, പരാതിയില്‍ അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും ജില്ലാ പൊലീസ് മേധാവി ഡോ.എ. ശ്രീനിവാസ് അറിയിച്ചു.

We use cookies to give you the best possible experience. Learn more