ന്യൂദല്‍ഹി: 2009-13 കാലത്ത് ഇന്ത്യയില്‍ അസ്വാഭാവിക സാഹചര്യങ്ങളില്‍ മരിച്ചത് പതിനൊന്ന് ആണവ ശാസ്ത്രജ്ഞരെന്ന് ആണവോര്‍ജ്ജ വകുപ്പിന്റെ കണക്കുകള്‍.
ഇവരില്‍ ആണവോര്‍ജ്ജ വകുപ്പിന്റെ ലാബുകളിലും ഗവേഷണ കേന്ദ്രങ്ങളിലും ജോലി ചെയ്ത എട്ടു പേര്‍ സ്‌ഫോടനങ്ങളിലോ തൂങ്ങി മരിക്കുകയോ കടലില്‍ വീണോ ആണ് മരണപ്പെട്ടിരിക്കുന്നതെന്നും കണക്കുകളില്‍ പറയുന്നു. വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖയിലാണ് ഇക്കാര്യം പറയുന്നത്.
സെപ്റ്റംബര്‍ 21ന് ഹരിയാന സ്വദേശിയായ രാഹുല്‍ സെഹ്രവാത് നല്‍കിയ വിവരാവകാശ അപേക്ഷയ്ക്കു ലഭിച്ച മറുപടിയിലാണ് ഇക്കാര്യം പറയുന്നത്.
ആണവോര്‍ജ്ജ കോര്‍പ്പറേഷനു കീഴിലുള്ള മൂന്നു ശാസ്ത്രജ്ഞര്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ടിട്ടുണ്ടെന്നും രേഖയില്‍ പറയുന്നു. ഇതില്‍ രണ്ടുപേരെ ആത്മഹത്യ ചെയ്ത നിലയിലും ഒരാള്‍ റോഡപകടത്തില്‍പ്പെട്ട് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
2010ലാണ് ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്ററിലെ സി ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യപ്പെട്ട രണ്ടു ശാസ്ത്രജ്ഞരെ അവരുടെ വീടുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതേ ഗ്രൂപ്പില്‍ നിയമിക്കപ്പെട്ട മറ്റൊരു ശാസ്ത്രജ്ഞനെ 2012ല്‍ അദ്ദേഹത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ദീര്‍ഘകാലം അസുഖബാധിതനായ ഇയാള്‍ മനംമടുത്ത് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പോലീസ് വിശദീകരണം. ഇതൊഴികെയുള്ള മരണങ്ങളെ കുറിച്ച് അന്വേഷണം നടക്കുകയാണെന്നും മറുപടിയില്‍ ആണവോര്‍ജ്ജ വകുപ്പ് വ്യക്തമാക്കി.
2010ല്‍ ബാര്‍കിലെ ട്രോംബായ് ലബോറട്ടറിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ രണ്ട് റിസര്‍ച്ച് ഫെലോകള്‍ മരണപ്പെട്ടു. എഫ് ഗ്രേഡിലുള്ള ഒരു ശാസ്ത്രജ്ഞനെ മുംബൈയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. അദ്ദേഹത്തിന്റെ കൊലയാളിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
2013ല്‍ കല്‍പ്പാക്കണം ആണവനിലയത്തിലെ ഒരു ശാസ്ത്രജ്ഞന്‍ കടലില്‍ ചാടി മരിക്കുകയായിരുന്നു. മറ്റൊരാള്‍ മുംബൈയിലെ വസതിയില്‍ വച്ച് കൊല്ലപ്പെട്ടു. ഇയാളുടെ ഘാതകനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
കര്‍ണാടകയിലെ കര്‍വാറില്‍ വച്ച് മറ്റൊരു ശാസ്ത്രജ്ഞന്‍ കാലി നദിയില്‍ ചാടി മരിച്ചുവെന്നും വിവരവകാശ രേഖകളില്‍ പറയുന്നു. ഇതും വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണെന്നാണ് പോലീസ് പറയുന്നത്.