Advertisement
national news
രാജ്യസഭയിലും 19 എം.പിമാര്‍ക്ക് സസ്‌പെന്‍ഷന്‍; എ.എ. റഹീം, വി. ശിവദാസന്‍, പി. സന്തോഷ് കുമാര്‍ എന്നിവരെ സസ്‌പെന്റ് ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Jul 26, 09:25 am
Tuesday, 26th July 2022, 2:55 pm

ന്യൂദല്‍ഹി: ലോക്‌സഭക്ക് പിന്നാലെ രാജ്യസഭയിലും എം.പിമാര്‍ക്ക് സസ്‌പെന്‍ഷന്‍. ഇടതു എം.പിമാരായ എ.എ. റഹീം, വി. ശിവദാസന്‍, പി. സന്തോഷ് കുമാര്‍ എന്നിവരെ സസ്‌പെന്റ് ചെയ്തു. ആകെ 19 എം.പിമാരെയാണ് സസ്‌പെന്റ് ചെയ്തത്. സഭയിലെ നടുത്തളത്തിലേക്ക് നീങ്ങിയെന്ന് ചൂണ്ടിക്കാണിച്ചാണ് ഡെപ്യൂട്ടി സ്പീക്കര്‍ നടപടി സ്വീകരിച്ചത്. ഈ ആഴ്ച മുഴുവന്‍ സസ്‌പെന്‍ഷന്‍ നിലനില്‍ക്കും.

ഡി.എം.കെ എം.പി കനിമൊഴി, തൃണമൂൽ എം.പിമാരായ സുഷ്മിത ദേവ്, ഡോള സെൻ, ശാന്തനു സെൻ എന്നിവരും സസ്‌പെന്റ് ചെയ്യപ്പെട്ട എം.പിമാരില്‍ ഉള്‍പ്പെടും. ജി.എസ്.ടി സ്ലാബ് മാറ്റം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ എം.പിമാര്‍ പ്രധാനമായും പ്രതിഷേധിച്ചത്. വിലക്കയറ്റം, ജിഎസ്ടി വിഷയങ്ങളില്‍ 11 മണിയോടെ രാജ്യസഭയുടെ നടുക്കളത്തില്‍ പ്രതിഷേധമുണ്ടായി. ഇതോടെ സഭ നിര്‍ത്തിവെച്ചു. പിന്നീട് 12 മണിയോടെ വീണ്ടും സഭ ചേര്‍ന്നപ്പോഴും എം.പിമാര്‍ പ്രതിഷേധം തുടര്‍ന്നു. ഈ സാഹചര്യത്തിലാണ് നടപടിയുണ്ടായതെന്നാണ് വിശദീകരണം. മുന്നറിയിപ്പ് നല്‍കിയിട്ടും സഭയുടെ നടുക്കളത്തിലേക്ക് ഇറങ്ങി പ്രതിഷേധിച്ചുവെന്നാണ് സസ്‌പെന്‍ഷന്റെ ന്യായീകരണം.

ലോക്‌സഭയില്‍ പ്രതിഷേധിച്ചതിന് ടി.എന്‍. പ്രതാപന്‍, രമ്യ ഹരിദാസ് ഉള്‍പ്പെടെ നാല് കോണ്‍ഗ്രസ് എം.പിമാരെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. മാണിക്യം ടാഗോര്‍, ജ്യോതി മണി എന്നിവരാണ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട മറ്റ് എം.പിമാര്‍. സഭാ കാലയളവ് വരെ സസ്‌പെന്‍ഷന്‍ തുടരും. പാര്‍ലമെന്റില്‍ രണ്ടാം ആഴ്ചയും കനത്ത പ്രതിഷേധമാണ് പ്രതിപക്ഷം ഉയര്‍ത്തിയത്.

വിലക്കയറ്റം, ജി.എസ്.ടി ഉള്‍പ്പെടെയുള്ള വിഷയങ്ങളാണ് ഇന്ന് പ്രതിപക്ഷം ഉയര്‍ത്തിയത്. പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. പ്രതിഷേധം കനത്തതോടെയായിരുന്നു സ്പീക്കര്‍ ഓം ബിര്‍ല കര്‍ശനമായ നടപടി സ്വീകരിച്ചത്. പ്രതിഷേധം കനത്തതോടെ സഭാ നടപടികള്‍ നിര്‍ത്തിവെച്ചിരുന്നു.