ജയ്പൂര്‍: കാളയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവിന് ശസ്ത്രക്രിയകളിലൂടെ പുതിയ മുഖം രൂപപ്പെടുത്തിയെടുത്തു. ഒരു വര്‍ഷത്തോളം തുടര്‍ന്ന നിരവധി ശസ്ത്രക്രിയകളിലൂടെയാണ് മുപ്പത്തെട്ടുകാരനായ കര്‍ണി ബിഷ്‌ണോയിക്ക് പുതിയ മുഖം നേടിയെടുക്കാനായത്.
2020 സെപ്റ്റംബറിലായിരുന്നു അപകടം നടന്നത്. രാജസ്ഥാനിലെ ബിക്കാനേര്‍ സ്വദേശിയായ കര്‍ണിയെ തന്റെ കാറില്‍ യാത്ര ചെയ്യുന്നതിനിടെയാണ് കാള ആക്രമിച്ചത്.
യാത്രക്കിടെ റോഡില്‍ വെച്ച് കാളകളുടെ കൂട്ടം വരികയും ഇവര്‍ക്ക് കടന്നുപോകാനായി കര്‍ണി കാറിന്റെ വേഗത കുറക്കുകയുമായിരുന്നു. സൈഡ് വിന്‍ഡോ തുറന്നുവെച്ചിരുന്നു.
ഇതിനിടയില്‍ ഒരു കാള കാറിനടുത്തേക്ക് പാഞ്ഞെത്തുകയും കര്‍ണിയെ ആക്രമിക്കുകയുമായിരുന്നു. മുഖത്തിന്റെയും തലയുടെയും വലതുവശം മുഴുവന്‍ തകര്‍ന്ന അദ്ദേഹത്തിന്റെ ഒരു കണ്ണ് പൂര്‍ണ്ണമായും നഷ്ടപ്പെട്ടു.
പിന്നീട് നിരവധി ശസ്ത്രക്രിയകള്‍ നടത്തിയ ശേഷമാണ് ഇപ്പോള്‍ കര്‍ണിക്ക് മുഖം തിരിച്ചുകിട്ടിയിരിക്കുന്നത്. മുഖത്തിന്റെ ചലനശേഷി പൂര്‍ണ്ണമായും നഷ്ടപ്പെട്ടിരുന്ന അവസ്ഥയില്‍ മാസങ്ങളോളം തുടര്‍ന്ന ശേഷം ഇപ്പോള്‍ ആരോഗ്യനില മെച്ചപ്പെട്ടിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
ഇനിയും ഏറെ നാള്‍ ചികിത്സ തുടരേണ്ടതുണ്ടെന്നും കൃത്രിമ കണ്ണ്, മുറിവുകളുടെ പാടുകള്‍ മാറുന്നതിനുള്ള ചികിത്സകള്‍ തുടങ്ങിയവ ചെയ്യേണ്ടതുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.