പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി: ആദ്യഗഡു വാങ്ങി കാമുകൻമാർക്കൊപ്പം പോയി 11 സ്ത്രീകൾ
national news
പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി: ആദ്യഗഡു വാങ്ങി കാമുകൻമാർക്കൊപ്പം പോയി 11 സ്ത്രീകൾ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 9th July 2024, 11:46 am

ലഖ്‌നൗ: യു.പിയിൽ നിന്നുള്ള11സ്ത്രീകൾ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി (പി.എം.എ.വൈ) പ്രകാരം സർക്കാരിൽ നിന്ന് ലഭിക്കുന്ന ആദ്യ ഗഡുവായ 40,000 രൂപ വാങ്ങി കാമുകൻമാർക്കൊപ്പം  പോയതായി റിപ്പോർട്ടുകൾ. കല്യാണം കഴിഞ്ഞ സ്ത്രീകളാണ് പോയവർ. ഭർത്താക്കന്മാർ പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

അടുത്തിടെ മഹാരാജ്‌ഗഞ്ച് ജില്ലയിൽ 2,350 പേർക്കാണ് പി.എം.എ.വൈ പദ്ധതി പ്രകാരം പണം ലഭിച്ചത്. തുത്തിബാരി, ശീത്‌ലാപൂർ, ചാതിയ, രാംനഗർ, ബകുൽ ദിഹ, ഖസ്ര, കിഷുൻപൂർ, മെധൗലി ഗ്രാമങ്ങളിൽ നിന്നുള്ളവരാണ് ഗുണഭോക്താക്കൾ. പണം ലഭിച്ചതിനു ശേഷം സ്ത്രീകൾ തങ്ങളുടെ കാമുകന്മാർക്കൊപ്പം പണവുമായി പോവുകയായിരുന്നു.

ദരിദ്രരും ഇടത്തരക്കാരുമായ കുടുംബങ്ങൾക്ക് വീട് വെക്കാൻ പണം നൽകുന്നതാണ് പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി. ഇത് പ്രകാരം ആദ്യ ഗഡുവായി 40000 രൂപയാണ് ലഭിക്കുക. കുടുംബത്തിൻ്റെ വരുമാനത്തിനനുസരിച്ച് 2.5 ലക്ഷം രൂപ വരെ സർക്കാർ സബ്‌സിഡി നൽകുന്നുണ്ട്. എന്നാൽ എന്തെങ്കിലും പ്രശ്നങ്ങൾ സംഭവിക്കുന്ന പക്ഷം സർക്കാരിന് പണം തിരികെ ചോദിക്കാം.

ഈ സംഭവത്തെ തുടർന്ന് ഗുണഭോക്താക്കൾക്കുള്ള രണ്ടാം ഗഡു നൽകുന്നത് നിർത്തി വെക്കാൻ ഉദ്യോഗസ്ഥർ തീരുമാനിച്ചതായും റിപ്പോർട്ടുകളുണ്ട്.

കഴിഞ്ഞ വർഷവും സമാന സംഭവങ്ങൾ ഉത്തർപ്രദേശിൽ ഉണ്ടായിട്ടുണ്ട്. പി.എം.എ.വൈ പദ്ധതി പ്രകാരം 50000 രൂപയുടെ ഗ്രാന്റ് ബാങ്ക് അക്കൗണ്ടിൽ വന്ന ശേഷം ഈ നാലു സ്ത്രീകളും കാമുകന്മാർക്കൊപ്പം പോവുകയായിരുന്നു.

ഇവരുടെ വീടുകളുടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാത്തത് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.

ഇവരുടെ വീടിൻ്റെ നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കാൻ അധികൃതർ നോട്ടീസ് അയച്ചെങ്കിലും യാതൊരുവിധ പ്രതികരണവും ലഭിക്കാത്തതിനെത്തുടർന്ന് ഇവരുടെ ഭർത്താക്കന്മാർക്ക് ജില്ലാ നഗരവികസന ഏജൻസി നോട്ടീസ് അയക്കുകയായിരുന്നു.

Also Read: അപ്പാനി രവിയായി ശ്രീനാഥ് ഭാസി, യൂ ക്ലാമ്പ് രാജനായി സൗബിന്‍, ഭീമനായി ടൊവിനോ, അങ്കമാലി ഡയറീസിന്റെ ആദ്യ കാസ്റ്റ് ഇങ്ങനെയായിരുന്നു: സഞ്ജു ശിവറാം

Content Highlight: 11 married women take money from Centre’s Awas Yojana, run away with lovers