കോഴിക്കോട്: മെഡിക്കല്‍ കോളേജിലെ സര്‍ജിക്കല്‍ സ്റ്റോര്‍ റൂമില്‍ നിന്ന് പതിനൊന്ന് ലക്ഷം രൂപ മോഷണം പോയതായി പരാതി. അലമാരയില്‍ സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടമായത്. ജീവനക്കാരുടെ പരാതിയില്‍ മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തു.
എന്നാല്‍ പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയില്‍ പുറമെനിന്നുള്ള കവര്‍ച്ചാ സാധ്യത കണ്ടെത്താനായില്ല.
പണമിരുന്ന അലമാര പരിശോധിച്ചെങ്കിലും പൂട്ട് തകര്‍ത്തതായി കണ്ടെത്താനായില്ല. അതുകൊണ്ട് പണത്തെക്കുറിച്ച് കൃത്യമായി ധാരണയുള്ള ആളാണ് മോഷണത്തിന്റെ പിന്നിലെന്നാണ് സംശയം.
ഒന്‍പത് ലക്ഷത്തി ഏഴായിരം രൂപ നഷ്ടമായെന്നാണ് ആദ്യം പൊലീസിനെ അറിയിച്ചത്. എന്നാല്‍ പിന്നീട് നടത്തിയ കണക്കെടുപ്പില്‍ പതിനൊന്ന് ലക്ഷം നഷ്ടമായെന്ന് കണ്ടെത്തി. ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
പണം കാണാതായതോടെ ആശുപത്രി സൂപ്രണ്ട് ജീവനക്കാരുടെ അടിയന്തരയോഗം ചേര്‍ന്നു. ആശുപത്രി വികസനസമിതിയുടെ മേല്‍നോട്ടത്തിലാണ് സര്‍ജിക്കല്‍ സ്റ്റോര്‍ റൂം പ്രവര്‍ത്തിക്കുന്നത്.