2022ൽ ഇന്ത്യയിൽ 11 ലക്ഷം കുട്ടികൾ മീസൽസ് വാക്സിൻ സ്വീകരിച്ചിട്ടില്ല: ലോകാരോഗ്യ സംഘടന
national news
2022ൽ ഇന്ത്യയിൽ 11 ലക്ഷം കുട്ടികൾ മീസൽസ് വാക്സിൻ സ്വീകരിച്ചിട്ടില്ല: ലോകാരോഗ്യ സംഘടന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 19th November 2023, 10:34 pm

ന്യൂദൽഹി: 2022ൽ ഇന്ത്യയിലെ 11 ലക്ഷം കുട്ടികൾ മീസൽസിന്റെ ആദ്യ ഡോസ് വാക്സിൻ എടുത്തിട്ടില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. മീസൽസിനെതിരെയുള്ള ആദ്യ ഡോസ് സ്വീകരിക്കാത്ത ഏറ്റവും കൂടുതൽ കുട്ടികളുള്ള 10 രാജ്യങ്ങളുടെ പട്ടികയിൽ ഇതോടെ ഇന്ത്യയും ഉൾപ്പെട്ടു.

2022ൽ വലിയ തോതിൽ രോഗം പൊട്ടിപ്പുറപ്പെട്ട 37 രാജ്യങ്ങളിലും ഇന്ത്യ ഉൾപ്പെട്ടിട്ടുണ്ട്. 40,967 മീസൽസ് കേസുകളാണ് 2022ൽ മാത്രം രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.

2008ന് ശേഷം കൊവിഡ് സമയത്ത് ആഗോള തലത്തിൽ മീസൽസിനെതിരെയുള്ള പ്രതിരോധകുത്തിവെപ്പ് കുത്തനെ ഇടിഞ്ഞിരുന്നു. 2022ൽ മാത്രം 18 ശതമാനം കേസുകളാണ് വർധിച്ചത്. 43 ശതമാനത്തോളം മരണനിരക്കും വർധിച്ചു.

മീസൽസിനെതിരെയുള്ള രണ്ട് ഡോസ് വാക്സിനുകൾ 97 ശതമാനം രോഗത്തിൽ നിന്ന് സംരക്ഷിക്കും. അതേസമയം ഒരു ഡോസ് മാത്രം വാക്സിൻ നൽകുന്ന സുരക്ഷ ദുർബലമാണ്. കടുത്ത പനി, ചുമ, മൂക്കൊലിപ്പ്, ചുവന്ന പാടുകൾ എന്നിവയാണ് മീസൽസിന്റെ രോഗലക്ഷണങ്ങൾ. അതേസമയം, ശ്വാസതടസം, ന്യുമോണിയ, മസ്തിഷ്ക വീക്കം, വയറിളക്കം പോലുള്ള ലക്ഷണങ്ങൾ മരണത്തിലേക്കും നയിക്കും.

ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രകാരം ആഗോള തലത്തിൽ 33 മില്യൺ കുട്ടികൾ ഒരു ഡോസെങ്കിലും എടുക്കാത്തവരാണ്.

Content Highlight: 11 lakh children in India missed 1st measles shot in 2022: Report