| Tuesday, 14th July 2020, 3:17 pm

ഫലസ്തീന്‍ കൈയ്യേറ്റം, ഇസ്രഈലിനെതിരെ ഇറ്റലിയും ഫ്രാന്‍സും അടക്കം യൂറോപ്യന്‍ യൂണിയനിലെ പതിനൊന്ന് അംഗരാജ്യങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വെസ്റ്റ് ബാങ്ക് ഭാഗങ്ങള്‍ ഇസ്രഈലിലേക്ക് കൂട്ടിച്ചേര്‍ക്കുന്നതിനെതിരെ തുറന്ന നിലപാടുമായി യൂറോപ്യന്‍ യൂണിയനിലെ 11 അംഗരാജ്യങ്ങള്‍. ഇസ്രഈലിന്റെ നീക്കം തടയണമെന്നും എത്രയും വേഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും യൂറോപ്യന്‍ യൂണിയന്‍ വിദേശ നയ ചീഫ് ജോസപ് ബോറലിനയച്ച കത്തില്‍ ഫ്രാന്‍സ്, ഇറ്റലി, ഹോളണ്ട് ബെല്‍ജിയം സ്വീഡന്‍, അയര്‍ലന്റ്, ലക്‌സംബര്‍ഗ്, ഡെന്‍മാര്‍ക്ക്, ഫിന്‍ലാന്റ്, പോര്‍ച്ചുഗല്‍, മാള്‍ട്ട എന്നീ രാഷ്ട്രങ്ങളുടെ വിദേശ മന്ത്രിമാര്‍ ആവശ്യപ്പെട്ടു. വെള്ളിയാഴ്ചയാണ് കത്തയച്ചത്.

മെയ് 11 ന് ജോസപ് ബോറലുമായുള്ള കൂടിക്കാഴ്ചയില്‍ അധിനിവേശം തടയുന്നതിന് ആവശ്യമായ വഴികള്‍ തേടണമെന്നും വിദേശകാര്യ മന്ത്രിമാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ജോസപ് ബോറല്‍ ഇക്കാര്യത്തിലുള്ള പ്രതികരണങ്ങള്‍ ശേഖരിച്ചുകൊണ്ടുള്ള ഓപ്ഷന്‍സ് പേപ്പര്‍ തയ്യാറാക്കാന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. എന്നാല്‍ ഈ പേപ്പര്‍ ഇതുവരെ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് വിദേശ കാര്യ മന്ത്രിമാരുടെ കത്ത്.

ജൂലൈ ഒന്നു മുതല്‍ വെസ്റ്റ് ബാങ്ക് ഭാഗങ്ങള്‍ ഇസ്രഈലിലേക്ക് കൂട്ടിച്ചേര്‍ക്കാനുള്ള നടപടി ക്രമങ്ങള്‍ തുടങ്ങാനായിരുന്നു ഉദ്ദേശിച്ചത്. എന്നാല്‍ കൂട്ടിച്ചേര്‍ക്കല്‍ താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണ്. യു.എസില്‍ നിന്നും അനുകൂല പ്രതികരണം ലഭിക്കാത്തതും ഇസ്രഈല്‍ സഖ്യ സര്‍ക്കാരിലെ അഭിപ്രായ വ്യത്യാസങ്ങളുമാണ്് കൂട്ടിച്ചേര്‍ക്കല്‍ വൈകുന്നതിന് കാരണമെന്നാണ് സൂചന.

വെസ്റ്റ് ബാങ്കിന്റെ 30 ശതമാനം ഭാഗമാണ് ഇസ്രഈലിലേക്ക് കൂട്ടിച്ചേര്‍ക്കാനൊരുങ്ങുന്നത്. നീക്കത്തിനെതിരെ അറബ് രാജ്യങ്ങള്‍ ഉള്‍പ്പെടെ രംഗത്തെത്തിയിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more