മലിനജലത്തില്‍ നിന്ന് വിഷബാധ; ജയ്പൂരില്‍ ഭിന്നശേഷിയുള്ള കുട്ടികളടക്കം 11 മരണം
Daily News
മലിനജലത്തില്‍ നിന്ന് വിഷബാധ; ജയ്പൂരില്‍ ഭിന്നശേഷിയുള്ള കുട്ടികളടക്കം 11 മരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 29th April 2016, 7:14 pm

polluted water

ജയ്പുര്‍: രാജസ്ഥാനിലെ ജയ്പൂരില്‍ വിഷം കലര്‍ന്ന് വെള്ളം കുടിച്ച് ഏഴ് കുട്ടികളടക്കം ഭിന്നശേഷിക്കാരായ 11 പേര്‍ മരിച്ചു. ജമദോലിയില്‍ ഭിന്നശേഷിക്കാര്‍ക്കായുള്ള സര്‍ക്കാര്‍ പുനരധിവാസ കേന്ദ്രത്തിലെ താമസക്കാരാണ് മരിച്ചവരെല്ലാം.

കഴിഞ്ഞ 12 ദിവസത്തിനിടയിലാണ് ഇത്രയും പേര്‍ മരിച്ചത്. വെള്ളത്തില്‍ നിന്ന് വിഷബാധയേറ്റ നാല് കുട്ടികള്‍ ഇപ്പോഴും ചികിത്സയിലാണ്. ഇവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഇവരെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

48 മണിക്കൂര്‍ കഴിഞ്ഞാല്‍ മാത്രമേ ഇവരുടെ ആരോഗ്യകാര്യത്തില്‍ എന്തെങ്കിലും പറയുവാന്‍ സാധിക്കൂവെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.അശോക് ഗുപ്ത അറിയിച്ചു. രക്തത്തിലേക്ക് മലിനജലത്തില്‍ നിന്നുള്ള ദോഷകരമായ അണുക്കള്‍ പ്രവേശിച്ചതിനാല്‍ വിഷമകരമാണ് അവസ്ഥയെന്നും അശോക് ഗുപ്ത പറയുന്നു. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സാധാരണകുട്ടികളുടെ പ്രതിരോധ ശേഷി ഉണ്ടാവില്ലെന്നതും പ്രശ്‌നം ഗുരുതരമാക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

അതേസമയം സര്‍ക്കാര്‍ സംവിധാനങ്ങളുടെ പരാജയമാണ് ദുരന്തത്തിലേക്ക് വഴിവച്ചതെന്ന് രാജസ്ഥാന്‍ പ്രതിപക്ഷ നേതാവ് സച്ചിന്‍ പൈലറ്റ് ആരോപിച്ചു. ദുരന്തബാധിതര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും സര്‍ക്കാര്‍ അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും സച്ചിന്‍ പൈലറ്റ് ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനത്തിലെ ഭിന്നശേഷിയുള്ള കുട്ടികളെ താമസിപ്പിക്കുന്ന സ്ഥാപനത്തില്‍ ഇത്തരമൊരവസ്ഥ നടക്കുന്നതിനെതിരെ വന്‍പ്രതിഷേധം ഉയരുകയും ചെയ്തിട്ടുണ്ട്.