ന്യൂദല്‍ഹി: നികുതി കുടിശ്ശിക ആരോപിച്ച് കോണ്‍ഗ്രസിന് ആദായനനികുതി വകുപ്പ് നോട്ടീസ് അയച്ചതിന് പിന്നാലെ സി.പി.ഐക്കും നോട്ടീസ്. 11 കോടി രൂപ തിരിച്ചടക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് സി.പി.ഐക്ക് നോട്ടീസ് അയച്ചത്.
പാന്‍ കാര്‍ഡ് തെറ്റായി രേഖപ്പെടുത്തിയെന്ന് ആരോപിച്ചാണ് പിഴ ചുമത്തിയത്. ആദായനികുതി തിരിച്ചടക്കുന്ന സമയത്ത് പഴയ പാന്‍ കാര്‍ഡിലെ വിവരങ്ങള്‍ സി.പി.ഐ ഉപയോഗിച്ചെന്നാണ് ആരോപണം.
ഇതിന് പിന്നാലെയാണ് 11 കോടി രൂപ തിരിച്ചടക്കാന്‍ ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടത്. എന്നാല്‍ ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സി.പി.ഐ അറിയിച്ചു. മുതിര്‍ന്ന അഭിഭാഷകരുമായി ചര്‍ച്ച നടത്തിയെന്നും ഉടന്‍ തന്നെ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.
1,700 കോടി രൂപ പിഴ അടക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ചതിന് പിന്നാലെയാണ് സി.പി.ഐക്കും നോട്ടീസ് ലഭിച്ചത്. 2017-18 സാമ്പത്തിക വർഷം മുതൽ, 2020-21 സാമ്പത്തിക വർഷം വരെയുള്ള പിഴയും പലിശയും അടക്കം 1,700 കോടി രൂപ അടക്കാനാണ് കോൺഗ്രസിനെ അറിയിച്ചത്.
എന്നാൽ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു. ആദായനികുതി നിയമങ്ങളെയും ജനപ്രാതിനിധ്യ നിയമങ്ങളെയും ബി.ജെ.പി നോക്കുകുത്തി ആക്കുകയാണെന്ന് അവർ ആരോപിച്ചു. ഇതിനെതിരെ അടുത്ത ആഴ്ച സുപ്രീം കോടതിയെ സമീപക്കുമെന്നും നേതാക്കൾ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ഏഴ് വർഷത്തെ ബി.ജെ.പി നൽകിയ കണക്കുകളിൽ അവർ നടത്തിയ നിയമലംഘനം വ്യക്തമാണ്. കോൺഗ്രസിന് പിഴ ചുമത്തിയ മാനദണ്ഡം കണക്കാക്കിയാൽ ബി.ജെ.പിക്ക് 4,600 കോടി രൂപ പിഴ ചുമത്തണമെന്നും ജയറാം രമേശ് ഉൾപ്പെടയുള്ള നേതാക്കൾ ആരോപിച്ചിരുന്നു.
Content Highlight: 11 crore to be repaid; Income tax department notices CPI after Congress