| Thursday, 14th November 2024, 8:28 am

ബാബാ രാംദേവിന്റെ പതഞ്ജലിക്കെതിരെ കോടതികളില്‍ 11 കേസുകള്‍, പത്തെണ്ണവും കേരളത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: ജനങ്ങളില്‍ തെറ്റിദ്ധാരണ ജനിപ്പിക്കുന്ന പതഞ്ജലി ഗ്രൂപ്പിന്റെ പരസ്യങ്ങള്‍ക്കെതിരെ രാജ്യത്താകമാനമുള്ള 11 കേസുകളില്‍ പത്തും കേരളത്തിലെന്ന് റിപ്പോര്‍ട്ട്. കേരളത്തിലെ വിവിധ ജില്ലകളിലായി ഡ്രഗ്‌സ് വിഭാഗം പത്തോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

കേസുകളില്‍ ബാബ രാംദേവ്, രാംദേവിന്റെ അസോസിയേറ്റായ ആചാര്യ ബാലകൃഷണ, പതഞ്ജലി ആയുര്‍വേദ് കമ്പനിയുടെ ഉത്പന്നങ്ങള്‍ കേരളത്തില്‍ വിപണനം ചെയ്യുന്ന ദിവ്യ ഫാര്‍മസി എന്നിവര്‍ക്കെതിരെയാണ് കേസ് ചുമത്തിയിട്ടുള്ളത്. ഈ കേസുകളിലൊന്നും പ്രതികള്‍ കോടതിയില്‍ ഇതുവരെ ഹാജരായിട്ടില്ല.

പതഞ്ജലിക്കെതിരായ കേസുകളില്‍ രജിസ്റ്റര്‍ ചെയ്ത പത്തെണ്ണം കേരളത്തിലും മറ്റൊന്ന് ഉത്തരാഖണ്ഡിലെ ഹരിദ്വാറിലുമാണ്. ജനകീയാരോഗ്യ പ്രവര്‍ത്തകന്‍ ഡോ.കെ.വി.ബാബു പ്രധാനമന്ത്രിയുടെ ഓഫീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹരിദ്വാര് മജിസ്‌ട്രേറ്റ് കോടതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസ്.

കോഴിക്കോട് ജില്ലയില്‍ നാല് കേസുകളും പാലക്കാട് മൂന്നും എറണാകുളത്ത് രണ്ടും തിരുവനന്തപുരത്ത് ഒന്നുമാണ് പതജ്ഞലിയുടെ തെറ്റിദ്ധാരണ ജനിപ്പിക്കുന്ന പരസ്യങ്ങള്‍ കാരണം രജിസ്റ്റര്‍ ചെയ്ത കേസുകള്‍.

ഡ്രഗ്‌സ് ആന്റ് മാജിക് റെമഡിസ് ഒബ്ജക്ഷനബിള്‍ അഡൈ്വര്‍ടൈസ്‌മെന്റ് ആക്ട് 1954, സെക്ഷന്‍ 3(ഡി) പ്രകാരം ചട്ടത്തിലുള്‍പ്പെടുത്തിയ രോഗങ്ങള്‍ക്ക് മരുന്ന് നിര്‍ദേശിച്ചും ഫലസിദ്ധി വാഗ്ദാനം ചെയ്തും തെറ്റിദ്ധാരണയുണ്ടാക്കുന്ന പരസ്യങ്ങള്‍ക്ക് വിലക്കുണ്ട്. ഈ വിലക്കുകള്‍ ലംഘിച്ച് പതജ്ഞലി പ്രചരിപ്പിക്കുന്ന പരസ്യങ്ങള്‍ക്കെതിരെയാണ് കേസ്.

പതഞ്ജലിയുടെ ഉത്പന്നങ്ങളിലൊന്നായ ദിവ്യ ലിപിഡം, കൊളസ്‌ട്രോളും ഡിസ്ലിപിഡെമിയയും കുറക്കുമെന്നും കൊഴുപ്പ് മെറ്റബോളിസത്തിന് സഹായകമാവുമെന്നും അവകാശപ്പെട്ടിരുന്നു. കൂടാതെ പതഞ്ജലിയുടെ ന്യൂട്രേല ഡയബറ്റിക് കെയര്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുമെന്നും ശരീര ഭാരം നിയന്ത്രിക്കുമെന്നും പറയുന്നുണ്ട്. ഈ പരസ്യങ്ങളെല്ലാം നിയമാനുസൃതമായ തെറ്റിദ്ധാരണ ജനിപ്പിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കുറ്റം തെളിയിക്കപ്പെട്ടാല്‍ ആറ് മാസം വരെ തടവോ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കാവുന്നതാണ്. ഇതുവരെ കോടതിയെ സമീപ്പിക്കാത്ത പതജ്ഞലിക്ക് വിവിധ കോടതികളിലായിരിക്കും വിചാരണ നേരിടേണ്ടിവരിക.

തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്ത കേസ് ഈ മാസം 21ന് പരിഗണിക്കും. എറണാകുളത്ത് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒന്നില്‍ 2025 ജനുവരി 30നും മറ്റൊന്ന് ഫെബ്രുവരി 17 നും പ്രതികള്‍ ഹാജരാവണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ സംസ്ഥാനത്ത് പതഞ്ജലിക്കെതിരെ ഡ്രഗ്‌സ് കണ്‍ട്രോളറുടെ നിര്‍ദേശപ്രകാരം നടപടികള്‍ സ്വീകരിക്കുന്നുണ്ട്. അസിസ്റ്റന്റ് ഡ്രഗ്‌സ് കണ്‍ട്രോളരുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡ് കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയുണ്ടായി.

നിരോധിക്കപ്പെട്ട പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ചതിലൂടെ ചട്ടം ലംഘിച്ചതിന് ദിവ്യ ഫാര്‍മസിക്കെതിരെ സംസ്ഥാന ഡ്രഗ്‌സ് വിഭാഗം 29 പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചിട്ടുണ്ട്.

Content Highlight: 11 cases in courts against Baba Ramdev’s Patajnali, ten of them in Kerala

Latest Stories

We use cookies to give you the best possible experience. Learn more