നോട്ട് പിന്‍വലിക്കല്‍; ജോലിഭാരം കാരണം മരിച്ചത് 11 ബാങ്ക് ഉദ്യോഗസ്ഥര്‍
Daily News
നോട്ട് പിന്‍വലിക്കല്‍; ജോലിഭാരം കാരണം മരിച്ചത് 11 ബാങ്ക് ഉദ്യോഗസ്ഥര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 21st November 2016, 5:15 pm

നോട്ട് നിരോധനത്തെ തുടര്‍ന്നുണ്ടായ ജോലിഭാരത്താല്‍ രാജ്യത്ത് ഇതുവരെ മരിച്ചത് 11 ബാങ്ക് ഉദ്യോഗസ്ഥരാണ്.


ന്യൂദല്‍ഹി: നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി സാധാരണക്കാരെ കൂടാതെ ബാങ്ക് ഉദ്യോഗസ്ഥരെയും വലച്ചിരിക്കുകയാണ്.

പണം മാറാന്‍ ക്യൂവില്‍ നില്‍ക്കുന്ന സാധാരണക്കാരുടെ മരണ വാര്‍ത്തകള്‍ ദിനം പ്രതി കാണുന്നുണ്ട്. എന്നാല്‍ ഇതിനിടയില്‍ ജോലിയുടെ സമ്മര്‍ദ്ദം കാരണം ബാങ്ക് ഉദ്യോഗസ്ഥരും മരണപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.


Also Read: ‘സഭയ്ക്കു പുറത്തു പ്രസംഗിക്കുന്ന മോദി എന്തുകൊണ്ട് പാര്‍ലമെന്റില്‍ പ്രതിപക്ഷവുമായി സംവാദത്തിനെത്തുന്നില്ല?’ ചോദ്യവുമായി പ്രതിപക്ഷം


നോട്ട് നിരോധനത്തെ തുടര്‍ന്നുണ്ടായ ജോലിഭാരത്താല്‍ രാജ്യത്ത് ഇതുവരെ മരിച്ചത് 11 ബാങ്ക് ഉദ്യോഗസ്ഥരാണ്. ഓള്‍ ഇന്ത്യാ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ഡി. തോമസ് ഫ്രാങ്കോയാണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. കഴിഞ്ഞ രണ്ടാഴ്ച വിശ്രമമില്ലാതെ ജോലചെയ്തതാണ് ബാങ്ക് ഉദ്യോഗസ്ഥരുടെ മരണത്തിന് ഇടയാക്കിയത്.

വെള്ളിയാഴ്ച ആന്ധ്രയിലെ നെല്ലൂരിലാണ് ഏറ്റവും അവസാനത്തെ മരണം റിപ്പോര്‍ട്ട് ചെയ്തത്. എസ്.ബി.ഐ ജീവനക്കാരനായ 46കാരനാണ് ആളുകളുടെ തിരക്കിനെ തുടര്‍ന്നുണ്ടായ സമ്മര്‍ദ്ദം മൂലം മരിച്ചത്.

12 ദിവസങ്ങള്‍ക്കുള്ളിലാണ് 11 ബാങ്ക് ജീവനക്കാര്‍ കൊല്ലപ്പെട്ടിരിക്കുന്നത്. രാജ്യത്തെ സമ്പദ് വ്യവസ്ഥിതി ദുരതപൂര്‍ണമാക്കിയ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജ്ജിത് പട്ടേല്‍ രാജിവെക്കണമെന്ന് ഫ്രാങ്കോ ആവശ്യപ്പെട്ടു.

നോട്ടുനിരോധനം നടപ്പിലാക്കിയ മറ്റു രാജ്യങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പാഠം പഠിക്കേണ്ടിയിരുന്നു. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയോ പ്രധാനമന്ത്രി മോദിയോ സാമ്പത്തിക വിദഗ്ദ്ധരല്ലെന്ന് നമുക്കറിയാവുന്നതാണ്. ഇവര്‍ക്ക് മതിയായ ഉപദേശങ്ങള്‍ നല്‍കാന്‍ റിസര്‍വ് ബാങ്കില്‍ സാമ്പത്തിക വിദഗ്ധരുണ്ടെങ്കിലും അവര്‍ അക്കാര്യത്തില്‍ പരാജയപ്പെട്ടു. അദ്ദേഹം പറഞ്ഞു.


Also Read:മോദിയുടെ ഈ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ബിഗ് സല്യൂട്ട്: ഇതുണ്ടാക്കുന്ന എല്ലാ ബുദ്ധിമുട്ടും ഞാന്‍ സഹിക്കും, നിങ്ങളും സഹിക്കണം: മോഹന്‍ലാല്‍


ആസൂത്രണമില്ലാതെ സുപ്രധാനമായ ഈ തീരുമാനം കൈക്കൊണ്ട ആര്‍.ബി.ഐ ഗവര്‍ണര്‍ ഒരു തികഞ്ഞ പരാജയമാണെന്നും ഫ്രാങ്കോ പറഞ്ഞു. 11 ദിവസം കഴിഞ്ഞിട്ടും ബാങ്കുകളില്‍ 500ന്റെ നോട്ടുകളില്‍ എത്തിയിട്ടില്ല. 500നേക്കാള്‍ പ്രധാന്യം നല്‍കി 2000ത്തിന്റെ നോട്ടുകള്‍ ബാങ്കുകള്‍ എന്തിനാണ് ആദ്യം അടിച്ചതെന്നും ഫ്രാങ്കോ പറഞ്ഞു.

സഹകരണ ബാങ്കുകളെ നോട്ടുമാറാന്‍ അനുവദിക്കാത്തതിനെയും ഫ്രാങ്കോ വിമര്‍ശിച്ചു. രാജ്യത്തിന്റെ ഗ്രാമപ്രദേശങ്ങളില്‍ 10 ലക്ഷംകോടി നിക്ഷേപമുള്ള സഹകരണ ബാങ്കുകള്‍ക്ക് ഒരു ലക്ഷത്തോളം ബ്രാഞ്ചുകളാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഈ മാസം എട്ടിന് നോട്ടുകള്‍ പിന്‍വലിച്ചതിന്റെ തൊട്ടടുത്ത ദിവസം ബാങ്കുകള്‍ക്ക് അവധിയായിരുന്നെങ്കിലും പിന്നീട് തുടര്‍ച്ചയായി 10 ദിവസമാണ് ബാങ്കുകള്‍ പ്രവര്‍ത്തിച്ചത്. ഇതിനിടയിലുള്ള ശനിയും ഞായറും ബാങ്കുകള്‍ക്ക് പ്രവര്‍ത്തി ദിനമായിരുന്നു.