| Friday, 10th January 2014, 1:24 am

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ 10,000 എം.ബി.ബി.എസ് സീറ്റ് കൂടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: അംഗീകൃത സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ എം.ബി.ബി.എസിന് പതിനായിരം സീറ്റുകള്‍ വര്‍ദ്ധിപ്പിക്കാനുള്ള നിര്‍ദ്ദേശം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു.

ഗ്രാമീണ സേവനം മെച്ചപ്പെടുത്താനും ഡോക്ടര്‍മാരുടെ ക്ഷാമം പരിഹരിക്കാനും ലക്ഷ്യമിട്ടാണ് സീറ്റ് വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രം ധാരണയായത്.

സൗകര്യങ്ങള്‍ ഒരുക്കുന്നതിന് 10,000 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഇതില്‍ 7500 കോടി കേന്ദ്രസര്‍ക്കാറും ബാക്കി സംസ്ഥാനങ്ങളും വഹിക്കും.

ഒരു എം.ബി.ബി.എസ് സീറ്റ് വര്‍ധിപ്പിക്കാന്‍ വേണ്ടിവരുന്ന ചെലവ് 1.20 കോടി രൂപയാണ് കണക്കാക്കുന്നതെന്ന് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി മനീഷ് തിവാരി അറിയിച്ചു.

നിലവില്‍ രാജ്യത്ത് അന്‍പതിനായിരം മെഡിക്കല്‍ സീറ്റുകളാണ് ഉള്ളത്.

സംസ്ഥാനങ്ങളില്‍ കേന്ദ്ര സഹായത്തോടു കൂടി 58 പുതിയ മെഡിക്കല്‍ കോളേജുകള്‍ തുടങ്ങാന്‍ കേന്ദ്രം നേരത്തെ അനുമതി നല്‍കിയിരുന്നു.

We use cookies to give you the best possible experience. Learn more