ഗാന്ധി നഗർ: കച്ച് ജില്ലയിലെ അദാനി ഗ്രൂപ്പ് കമ്പനിയിൽ നിന്ന് 108 ഏക്കർ ഭൂമി തിരിച്ചെടുത്ത് ഗ്രാമവാസികൾക്ക് തിരികെ നൽകുമെന്നറിയിച്ച് ഗുജറാത്ത് സർക്കാർ. വെള്ളിയാഴ്ചയാണ് സർക്കാർ ഇക്കാര്യം കോടതിയെ അറിയിച്ചത്.
അദാനി ഗ്രൂപ്പിന് 231 ഏക്കർ ഗൗച്ചർ ഭൂമി അനുവദിക്കാനുള്ള തീരുമാനത്തിനെതിരെ നവിനാൽ ഗ്രാമത്തിലെ നിവാസികൾ പൊതുതാൽപ്പര്യ ഹർജിയിലൂടെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഏകദേശം 13 വർഷത്തോളം നീണ്ട് നിന്ന ഇവരുടെ നിയമപോരാട്ടമാണ് ഇപ്പോൾ ഫലം കണ്ടത്. 129 ഹെക്ടർ മേച്ചിൽ ഭൂമിയാണ് ഗ്രാമവാസികൾക്ക് തിരികെ നൽകുന്നത്.
തങ്ങളുടെ ഭൂമി അദാനി ഗ്രൂപ്പിന് കൈമാറിയതായി 2010ൽ ഗ്രാമവാസികൾ കണ്ടെത്തിയിരുന്നു. എന്നാൽ ഭൂമി നൽകിയത് നിയമവിരുദ്ധമാണെന്നും കന്നുകാലികളെ മേയ്ക്കാൻ തങ്ങൾക്ക് ലഭ്യമായ സ്ഥലം പരിമിതപ്പെടുത്തുകയായിരുന്നുവെന്നും പറഞ്ഞാണ് ഗ്രാമവാസികൾ കോടതിയെ സമീപിച്ചത്.
2014-ൽ ഗ്രാമവാസികൾക്കായി 387 ഹെക്ടർ മേച്ചിൽസ്ഥലം അനുവദിക്കാൻ ഡെപ്യൂട്ടി കളക്ടർ അനുമതി നൽകിയിരുന്നു. എന്നാൽ ഭൂമി ലഭ്യമാകാത്തതിനെ തുടർന്ന് അവർ കോടതിയലക്ഷ്യ ഹരജി നൽകുകയായിരുന്നു.
17 ഹെക്ടർ ഗൗച്ചർ ഭൂമി മാത്രമാണ് ഈ പ്രദേശത്ത് ലഭ്യമായതെന്ന് ഗുജറാത്ത് സർക്കാർ ഒടുവിൽ കോടതിയെ അറിയിച്ചു. പകരം നാവിനാൽ പഞ്ചായത്തിൽ നിന്ന് 7 കിലോമീറ്റർ അകലെയുള്ള ഗ്രാമവാസികൾക്ക് ഭൂമി നൽകാൻ നിർദ്ദേശിച്ചു.
എന്നാൽ ഇത്രയും ദൂരം കന്നുകാലികളെ കൊണ്ടുപോകാൻ കഴിയില്ലെന്ന ഗ്രാമവാസികളുടെ വാദം അംഗീകരിച്ച കോടതി, ഏപ്രിലിൽ സംസ്ഥാന സർക്കാരിനോട് പരിഹാരമുണ്ടാക്കാൻ പറയുകയായിരുന്നു. എത്രയും വേഗം പ്രശ്നത്തിന് പരിഹാരം കാണണമെന്നും കോടതി നിർദേശിച്ചു.
108 ഹെക്ടർ അദാനി ഗ്രൂപ്പ് കമ്പനിയിൽ നിന്ന് തിരിച്ചുപിടിക്കുമെന്നും അനുബന്ധമായി 21 ഹെക്ടർ സർക്കാർ ഭൂമി നൽകുമെന്നും വെള്ളിയാഴ്ച റവന്യൂ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഹൈക്കോടതിയെ അറിയിച്ചു.
Content Highlight: 108 hectares of land in Kutch to be taken back from Adani Group, Gujarat government tells High Court