108 ആംബുലന്‍സ് തട്ടിപ്പ് കമ്പനിയെന്ന് വി.എസ്
Kerala
108 ആംബുലന്‍സ് തട്ടിപ്പ് കമ്പനിയെന്ന് വി.എസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 2nd July 2013, 11:19 am

[]തിരുവനന്തപുരം: ##108 ആംബുലന്‍സ് സര്‍വീസ് നടത്തുന്നത് തട്ടിപ്പു കമ്പനിയാണെന്ന് പ്രതിപക്ഷ നേതാവ് ##വി.എസ്.അച്യുതാനന്ദന്‍. ഇതു സംബന്ധിച്ച് ഉന്നതതല അന്വേഷണം വേണമെന്നും വി.എസ് പറഞ്ഞു. []

പ്രതിമാസം അധികമോടുന്ന കിലോമീറ്ററുകള്‍ക്ക് കമ്പനി കള്ളക്കണക്ക് ഉണ്ടാക്കുകയാണ്. സംസ്ഥാനത്തിന്റെ കോടിക്കണക്കിന് രൂപയാണ് കമ്പനി തട്ടിയെടുക്കുന്നത്. കമ്പനിക്കു സര്‍ക്കാര്‍ വക വഴിവിട്ട സഹായം ലഭിക്കുന്നുണ്ടെന്നും വി.എസ് ആരോപിച്ചു.

സാമ്പത്തിക ഉപദേഷ്ടാവായ ഷാഫി മേത്തര്‍ ഡയരക്ടറല്ലെന്ന ഉമ്മന്‍ ചാണ്ടിയുടെ വാദം പൊള്ളയാണെന്നും വി.എസ് പറഞ്ഞു.  ഷാഫിക്ക് കമ്പനിയുമായി ബന്ധമില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിരുന്നു.

കേരള എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസ് പ്രോജക്ടിന്റെ ഭാഗമായി 2010 മേയ് മാസത്തിലാണു 108 ആംബുലന്‍സുകള്‍ തലസ്ഥാനത്ത് ആരംഭിച്ചത്.

2010 മേയില്‍ പൊതുസ്വകാര്യ പങ്കാളിത്തത്തോടെ ആരംഭിച്ച 108 പദ്ധതി നിലവില്‍ 43 ആംബുലന്‍സുകളിലായി തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ സേവനം നടത്തുന്നുണ്ട്.

കേന്ദ്രമന്ത്രി വയലാര്‍ രവിയുടെ മകന്‍ രവി കൃഷ്ണ, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സാമ്പത്തിക ഉപദേഷ്ടന്‍ ഷാഫി മേത്തര്‍ എന്നിവര്‍ ഉടമകളായ കമ്പനിയാണ് ഇത്.

2009ലാണ് എന്‍ആര്‍എച്ച്എം വഴി അത്യാധുനിക സൗകര്യങ്ങളുള്ള 45, 108 ആംബുലന്‍സുകള്‍ സംസ്ഥാനത്തിന് ലഭിച്ചത്.

എന്നാല്‍ അടിസ്ഥാന സൗകര്യത്തിലുള്ള കുറവ് കാണിച്ച്  ചികിത്സ ഹെല്‍ത്ത് കെയര്‍ മുംബൈ ആസ്്ഥാനമായുള്ള കമ്പനിക്ക് നടത്തിപ്പ് ചുമതല സര്‍ക്കാര്‍ കൈമാറുകയായിരുന്നു.

കരാര്‍ അനുസരിച്ച് ഓരോ ആംബുലന്‍സും പ്രതിമാസം ഓടേണ്ടത് 2000 കിലോമീറ്ററാണ്. ഇതിന് 1,06000 രൂപ സര്‍ക്കാര്‍ നല്‍കും.

2000 കിലോമീറ്റര്‍ മാത്രം സര്‍വ്വീസ് നടത്തേണ്ട ആംബുലന്‍സുകള്‍ 6000 കിലോമീറ്റര്‍ വരെയാണ് അധിക സര്‍വ്വീസ് നടത്തുന്നത്. തിരുവനന്തപുരം റൂറലില്‍ നിന്നു മാത്രമായി ഒന്നരക്കോടിയിലധികം രൂപയാണ് പ്രതിമാസം ഇത്തരത്തില്‍ കമ്പനി  സര്‍ക്കാരില്‍ നിന്നും തട്ടിയെടുക്കുന്നത്.

അധികം ഓടുന്ന ഓരോ കിലോമീറ്ററിനും 53 രൂപ വീതം അധികം നല്‍കാമെന്ന് കരാറിലുണ്ട്. ഈ വ്യവസ്ഥ മുതലെടുത്താണ് കമ്പനി സര്‍ക്കാരിനെ കബളിപ്പിക്കുന്നത്.

287 ബേസിക് ലൈഫ് സപ്പോര്‍ട്ട് (ബിഎല്‍എസ്) ആംബുലന്‍സുകളും 283 പേഷ്യന്റ് ട്രാന്‍സ്‌പോര്‍ട്ട് ആംബുലന്‍സുകള്‍ ഉള്‍പ്പെടെ അടിയന്തര സേവനത്തിനുള്ള 108 നമ്പരിലെ 570 പുതിയ ആംബുലന്‍സുകള്‍ കൂടി സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ പുറത്തിറക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു.