| Friday, 23rd July 2021, 8:45 am

അക്ഷര മുത്തശ്ശി ഇനിയില്ല; 106ാം വയസില്‍ നാലാം ക്ലാസ് തുല്യതാ പരീക്ഷ പാസായ ഭാഗീരഥിയമ്മ അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: 106-ാം വയസില്‍ നാലാം ക്ലാസ് തുല്യതാ പരീക്ഷ പാസായി രാജ്യത്തിന്റെ ശ്രദ്ധയാകര്‍ഷിച്ച ഭാഗീരഥിയമ്മ അന്തരിച്ചു. മരിക്കുമ്പോള്‍ 107 വയസായിരുന്നു കൊല്ലം പ്രാക്കുളം സ്വദേശിയായ ഭാഗീരഥിയമ്മയ്ക്ക്.

സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ നടക്കും.

രാജ്യം നാരീശക്തി പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍ കീ ബാതിലൂടെ പ്രശംസിക്കുകയും ചെയ്തിരുന്നു.

തുല്യതാ പരീക്ഷയില്‍ 275 മാര്‍ക്കില്‍ 205 മാര്‍ക്കും നേടിയാണ് അക്ഷര മുത്തശ്ശിയെന്ന് വിളിക്കപ്പെട്ട ഭാഗീരഥിയമ്മ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയത്.

സംസ്ഥാന സാക്ഷരതാ മിഷന്‍ 2019 ല്‍ നടത്തിയ പരീക്ഷയായിരുന്നു അക്ഷര മുത്തശ്ശിയെഴുതിയിരുന്നത്.

74.5 ആയിരുന്നു ഭഗീരഥിയമ്മയുടെ വിജയ ശതമാനം. മലയാളം, നമ്മളും നമുക്ക് ചുറ്റും, ഇംഗ്ലീഷ്, ഗണിതം എന്നീ നാല് വിഷയങ്ങളിലാണ് പരീക്ഷ നടത്തിയത്. ഇംഗ്ലീഷ് 50 മാര്‍ക്കിനും മറ്റ് വിഷയങ്ങള്‍ 75 മാര്‍ക്കിനുമാണ്.

ഗണിതത്തിന് മുഴുവന്‍ മാര്‍ക്കും മലയാളം, നമ്മളും നമുക്ക് ചുറ്റും വിഷയങ്ങള്‍ക്ക് 50 മാര്‍ക്കും ഇംഗ്ലീഷിന് 30 മാര്‍ക്കുമാണ് ഭഗീരഥി അമ്മ നേടിയത്. ഇംഗ്ലീഷിന് 15 ഉം മറ്റ് വിഷയങ്ങള്‍ക്ക് 30മാണ് ജയിക്കാന്‍ വേണ്ടുന്ന മാര്‍ക്ക്.

ഭഗീരഥി അമ്മയ്ക്ക് പഠിക്കാനും അറിവ് നേടാനും വളരെയധികം താത്പര്യമുണ്ടായിരുന്നു. അമ്മ മരിച്ചതിനുശേഷം ഇളയ സഹോദരങ്ങളെ പരിപാലിക്കേണ്ടതിനാല്‍ ഈ ആഗ്രഹം ഉപേക്ഷിക്കുകയായിരുന്നു. മുപ്പതുകളില്‍ വിധവയായതോടെ ആറ് മക്കളെ വളര്‍ത്തുന്നതിന്റെ ഉത്തരവാദിത്തവും ഏറ്റെടുക്കേണ്ടിവന്നു.

പ്രായാധിക്യം മൂലം പരീക്ഷയെഴുതാന്‍ ഏറെ പ്രയാസങ്ങള്‍ ഭഗീരഥി അമ്മയ്ക്ക് നേരിടേണ്ടി വന്നിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: 107 old Bhageerathi Amma Passed Away Saksharatha Missions Fourth Standard Equivalency

We use cookies to give you the best possible experience. Learn more