കോഴിക്കോട്: കോഴിക്കോട് ഇന്ന് 105 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കോര്‍പറേഷന്‍ പരിധിയില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. 1019 പേരില്‍ പരിശോധന നടത്തിയതിലാണ് 105 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസം പാളയം മാര്‍ക്കറ്റിലെ തൊഴിലാളികളും കച്ചവടക്കാരുമുള്‍പ്പെടെ 232 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേതുടര്‍ന്ന് പാളയം മാര്‍ക്കറ്റ് ഒരാഴ്ചത്തേക്ക് അടച്ചിടാന്‍ ഉത്തരവായിട്ടുണ്ട്. സെപ്തംബര്‍ 24 മുതല്‍ 30 വരെയാണ് മാര്‍ക്കറ്റ് അടച്ചിടുക.
760 പേരെ ടെസ്റ്റ് ചെയ്തതിലാണ് ഇത്രയും പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. പാളയം മാര്‍ക്കറ്റിലെ വ്യാപാരികള്‍, തൊഴിലാളികള്‍, ജീവനക്കാര്‍ എന്നിവരില്‍ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.
രോഗ ലക്ഷണം കാണിക്കാത്തവരെ വീടുകളില്‍ തന്നെ ചികിത്സിക്കാനാണ് തീരുമാനം. ഇന്നലെ മാത്രം 394 പേര്‍ക്കാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 383 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസം ജില്ലയിലൊട്ടാകെ 504 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വിദേശത്ത് നിന്ന് എത്തിയ മൂന്ന് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 12 പേര്‍ക്കുമാണ് കൊവിഡ് പോസിറ്റീവായത്. ജില്ലയില്‍ കനത്ത ആശങ്കയാണ് നിലനില്‍ക്കുന്നത്.
കൊവിഡ് വ്യാപനതോതില്‍ കേരളത്തിന്റെ നില അതീവഗുരുതരമെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. പരിശോധിക്കുന്നവരില്‍ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ ദേശീയ ശരാശരിയേക്കാള്‍ കൂടുതലായിരിക്കുകയാണ് കേരളത്തിന്റെ സ്ഥിതി. കഴിഞ്ഞ മൂന്നാഴ്ചയിലെ കൊവിഡ് കണക്കുകളാണ് കേരളത്തിന്റെ നില ആശ്വാസകരമല്ലെന്ന് തെളിയിക്കുന്നത്.
ജൂണ്‍ 1 മുതല്‍ 13 വരെയുള്ള ദിവസങ്ങളില്‍ രാജ്യത്തെ പോസറ്റിവിറ്റി നിരക്ക് 7.4 ശതമാനമായിരുന്നു. കേരളത്തില്‍ 1.6 ശതമാനവും. ജൂലൈ 25 മുതല്‍ 18 വരെയുള്ള ദിവസങ്ങളില്‍ ദേശീയ ശരാശരി 11 ശതമാനമായി ഉയര്‍ന്നപ്പോള്‍ കേരളത്തിലേത് 5.6 ശതമാനമായിരുന്നു. എന്നാല്‍ സെപ്തംബര്‍ 19 ഓടെ ദേശീയ നിരക്ക് 8.7 ശതമാനത്തിലേക്ക് കുറഞ്ഞപ്പോള്‍ കേരളത്തിലിത് 9.1 ശതമാനത്തിലെത്തി. ഇത്തരത്തില്‍ ദേശീയ ശരാശരിയെപ്പോലും മറികടക്കുന്ന പോസറ്റിവിറ്റി നിരക്ക് വലിയ ആശങ്കയാണ് സംസ്ഥാനത്ത് സൃഷ്ടിക്കുന്നത്. പോസറ്റിവിറ്റി നിരക്കില്‍ രാജ്യത്ത് ഏഴാം സ്ഥാനത്താണ് കേരളം.
ദശ ലക്ഷം പേരില്‍ എത്ര പേര്‍ക്ക് കൊവിഡ് ബാധയുണ്ടെന്ന് അടിസ്ഥാനപ്പെടുത്തിയുള്ള കണക്കില്‍ കേരളം ആറാം സ്ഥാനത്തെത്തുകയും ചെയ്തിട്ടുണ്ട്. ആഗസ്ത് 29 മുതല്‍ സെപ്തംബര്‍ 5 വരെ ഓരോ പത്ത് ലക്ഷം പേരിലും 56 പുതിയ രോഗികളെന്ന നിലയിലായിരുന്നു കേരളത്തിലെ കണക്ക്. സെപ്തംബര്‍ 12 ആകുമ്പോഴേക്കും ഇത് 87 രോഗികള്‍ എന്ന നിലയിലും 19ാം തിയതിയാകുമ്പോഴേക്കും ഇത് 111ലേക്കും ഉയര്‍ന്നു.
അതേസമയം ഒക്ടോബറില്‍ സംസ്ഥാനത്ത് പ്രതിദിനം 10,000 പേര്‍ക്കെങ്കിലും രോഗം സ്ഥിരീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നതെങ്കിലും നിലവിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഇത് 7000 വരെയാകുമെന്നാണ് കരുതുന്നത്. പക്ഷെ നവംബറിലും ഇതേ തോതില്‍ തന്നെ രോഗികളുണ്ടാകുമെന്നതിനാല്‍ കേരളത്തിന്റെ ആരോഗ്യരംഗം വലിയ പ്രതിസന്ധിയെ നേരിടാന്‍ തയ്യാറെടുക്കേണ്ടതുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക